വീണ്ടും സിനിമാ പ്രതിസന്ധി; മള്‍ട്ടിപ്ലക്‌സുകളില്‍ നിന്ന് സിനിമകള്‍ പിന്‍വലിച്ചു; തീരുമാനം വരുമാന വിഹിതത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന്

കൊച്ചി: കൊച്ചിയിലെയും തൃശൂരിലെയും മള്‍ട്ടിപ്ലക്‌സ് തിയേറ്ററുകളില്‍ നിന്ന് സിനിമകള്‍ പിന്‍വലിച്ചു. വരുമാന വിഹിതത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും തീരുമാനം.

ഒരിടവേളയ്ക്കു ശേഷം നിര്‍മാതാക്കളും വിതരണക്കാരും തിയേറ്ററുടമകളും തമ്മിലുള്ള തര്‍ക്കം വീണ്ടും സജീവമാവുകയാണ്. തിയേറ്റര്‍ വരുമാന വിഹിതം സംബന്ധിച്ചു തന്നെയാണ് ഇപ്പോഴത്തെ തര്‍ക്കവും. കൊച്ചിയിലെയും തൃശൂരിലെയും മള്‍ട്ടിപ്ലക്‌സ് തിയേറ്ററുകള്‍ നല്‍കുന്ന വരുമാന വിഹിതം വെട്ടിക്കുറച്ചതാണ് നിര്‍മാതാക്കളെയും വിതരണക്കാരെയും ചൊടിപ്പിച്ചത്. ഒരു ചിത്രം റിലീസ് ചെയ്ത് മൂന്നാമത്തെ ആഴ്ച നല്‍കിയിരുന്ന വരുമാന വിഹിതം 40%ത്തില്‍ നിന്ന് 30 %മാക്കി കുറച്ചതാണ് കടുത്ത തീരുമാനത്തിലേയ്‌ക്കെത്തിച്ചത്.

കൊച്ചി ലുലു മാള്‍, സെന്റര്‍ സ്‌ക്വയര്‍ മാള്‍, ഒബ്‌റോണ്‍ മാള്‍, തൃശൂര്‍ ശോഭാ സിറ്റിയിലെ ഷോപ്പിംഗ് മാള്‍ എന്നിവിടങ്ങളിലെ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങള്‍ പിന്‍വലിക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ നിര്‍മ്മാതാക്കളും വിതരണക്കാരും തീരുമാനിക്കുകയായിരുന്നു. ബാഹുബലി, അച്ചായന്‍സ്, ഗോദ തുടങ്ങിയ ചിത്രങ്ങളാണ് പിന്‍വലിച്ചത്.

വിഹിതം വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനമായാലേ ഇനി ഈ മള്‍ട്ടിപ്ലക്‌സുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കുകയുള്ളൂവെന്ന് നിര്‍മ്മാതാക്കളും വിതരണക്കാരും അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News