‘മഹാഭാരതം’ത്തിന് ഭീഷണിയുമായി കെപി ശശികല; ആ പേരില്‍ സിനിമ പ്രദര്‍ശിപ്പിച്ചാല്‍ തിയേറ്റര്‍ കാണില്ല; എഴുത്തുകാര്‍ക്ക് വിസര്‍ജിക്കാനുള്ള സ്ഥലമല്ല ഹിന്ദുവിന്റെ മുഖം

കുന്നംകുളം: എംടി വാസുദേവന്‍നായരുടെ രണ്ടാമൂഴം ‘മഹാഭാരതം’ എന്ന പേരില്‍ സിനിമയാക്കുന്നതിനെതിരെ ഭീഷണിയുമായി ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികല. മഹാഭാരതം എന്ന പേരില്‍ സിനിമ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നും പ്രദര്‍ശിപ്പിച്ചാല്‍ ആ തിയേറ്റര്‍ കാണില്ലെന്നും ശശികല ഭീഷണി മുഴക്കി.

‘രണ്ടാമൂഴം എന്ന പേരില്‍ സിനിമ ഇറക്കിയാല്‍ മതി. എത്ര ഊഴം വേണമെങ്കിലും വന്നു കാണാം. അതല്ല, മഹാഭാരതം എന്ന പേരില്‍ സിനിമ ഇറക്കിയാല്‍ ആ സിനിമ തീയേറ്റര്‍ കാണില്ല. മഹാഭാരത ചരിത്രത്തെ തലകീഴായി വച്ചതാണ് രണ്ടാമൂഴം. വിശ്വാസവുമായി ബന്ധപ്പെട്ടതാണ് മഹാഭാരതം. യഥാര്‍ത്ഥ്യത്തെ വികലമാക്കുന്ന സൃഷ്ടിക്ക് അതേ പേര് പറ്റില്ല.’-ശശികല പറഞ്ഞു.

വേദവ്യാസനെന്ന എഴുത്തുകാരനും തന്റേതായ അവകാശമുണ്ട്. എംടിക്കുള്ള അവകാശവും ആവിഷ്‌കാരസ്വാതന്ത്ര്യവും വ്യാസനുമുണ്ട്. സ്വന്തം കഥയെയും കഥാപാത്രങ്ങളെയും അതുപോലെ നിലനിര്‍ത്താന്‍ വ്യാസനും അവകാശമുണ്ടെന്ന് ശശികല കുന്നംകുളത്ത് പറഞ്ഞു.

രാഷ്ട്രീയക്കാര്‍ക്കും എഴുത്തുകാര്‍ക്കും വിസര്‍ജിക്കാനുള്ള സ്ഥലമല്ല ഹിന്ദുവിന്റെ മുഖം. നിങ്ങളുടെ തുപ്പക്കോളാമ്പികളോ ക്ലോസറ്റുകളോ അല്ല ഹിന്ദുസമൂഹം. സിനിമയിറക്കി മോഹന്‍ലാല്‍ അഭിനയിക്കട്ടെ, ആയിരമിറക്കിയാല്‍ ഒരു ലക്ഷം തിരിച്ചുകൊടുക്കാം. അല്ലാതെ എന്ത് ചവറും തങ്ങള്‍ സ്വീകരിക്കില്ലെന്നും ശശികല പറഞ്ഞു.

വിഎ ശ്രീകുമാര്‍ മേനോനാണ് രണ്ടാമൂഴം സിനിമയാക്കുന്നത്. ഭീമസേനനായാണ് മോഹന്‍ലാല്‍ എത്തുന്നത്. 1000 കോടി മുതല്‍മുടക്കില്‍ ബിആര്‍ ഷെട്ടിയാണ് നിര്‍മാണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News