ഭവനരഹിതര്‍ക്ക് ആശ്വാസവുമായി ഇടതുസര്‍ക്കാര്‍; ലൈഫ് മിഷന്‍ പദ്ധതിക്ക് ഇന്ന് തുടക്കം; ആദ്യഘട്ടത്തില്‍ 14 പാര്‍പ്പിട സമുച്ചയങ്ങള്‍

കൊല്ലം: സംസ്ഥാനത്തെ ഭവനരഹിതര്‍ക്ക് വീട് വച്ച് നല്‍കുന്നതിനുള്ള ലൈഫ് മിഷന്‍ പദ്ധതിക്ക് ഇന്ന് തുടക്കം. ആദ്യ ഘട്ടത്തില്‍ പതിനാല് പാര്‍പ്പിട സമുച്ചയങ്ങളാണ് നിര്‍മ്മിക്കുക. കൊല്ലം പുനലൂരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കും.

തദ്ദേശസ്ഥാപനങ്ങള്‍ വഴിയാണ് സംസ്ഥാനത്തെ ഭവനരഹിതരെക്കുറിച്ചുള്ള കണക്ക് കഴിഞ്ഞ ആറ് മാസം കൊണ്ട് ശേഖരിച്ച് വരുന്നത്. കുടുംബശ്രീയുമായി സഹകരിച്ചാണ് ഗുണഭോക്താക്കളെ കണ്ടെത്തുന്നത്. ഏറ്റവുമാദ്യം വിവര ശേഖരണം നടത്തി പട്ടിക സമര്‍പ്പിച്ചത് കൊല്ലം ജില്ലയാണ്. പുനലൂര്‍ പ്ലാച്ചേരിയില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി സമുച്ചയത്തിന്റെ ശിലാസ്ഥാപനം നടത്തും. ഇവിടത്തെ അന്‍പത് സെന്റ് ഭൂമിയില്‍ നാല്‍പ്പത് കുടുംബങ്ങള്‍ക്ക് താമസിക്കാന്‍ പറ്റുന്ന ഫ് ളാറ്റാണ് ഒരു വര്‍ഷം കൊണ്ട് നിര്‍മ്മിക്കുക. ഹാബിറ്റാറ്റിനാണ് നിര്‍മ്മാണ ചുമതല.

ലൈഫ് മിഷന്‍ പദ്ധതി കൂടാതെ സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക പ്രമാണിച്ച് വിപുലമായ പരിപാടികളാണ് കൊല്ലം ജില്ലയില്‍ നടക്കുന്നത്. വഴി കാട്ടുന്ന കേരളം എന്ന വിഷയത്തെക്കുറിച്ചുള്ള സെമിനാറില്‍ വിവിധ ദേശീയ നേതാക്കള്‍ പങ്കെടുക്കും.

ജില്ലയിലെ സമ്പൂര്‍ണ്ണ വൈദ്യൂതികരണത്തിന്റെ പ്രഖ്യാപനം നാളെ വൈകിട്ട് മന്ത്രി എംഎം മണി നടത്തും. ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ വരുന്ന ശനിയാഴ്ച മുതല്‍ മത്സ്യേത്സവവും മത്സ്യ അദാലത്തും നടത്തും. മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ ഫിഷറീസ് മന്ത്രി നേരിട്ട് അദാലത്തിലൂടെ കേള്‍ക്കും. ജലാശയങ്ങള്‍ സംരക്ഷിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം അടുത്ത ചൊവ്വാഴ്ച ധനകാര്യ മന്ത്രി കൊല്ലത്ത് നിര്‍വഹിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here