മുഖ്യമന്ത്രിയെ നേരില്‍ കാണാന്‍ നിറഞ്ഞ മനസോടെ സൂര്യജിത്ത്

മുഖ്യമന്ത്രിക്ക് കത്തെഴുതുമ്പോള്‍ ഇങ്ങനെ ഒരു ദിവസം സൂര്യജിത്ത് സ്വപ്നം കണ്ടിരുന്നുപോലുമില്ല. അതുകൊണ്ടുതന്ന ഇന്ന് അദ്ദേഹത്തിന്റെ മുന്നിലെത്തുന്ന നിമിഷത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ചവറ തെക്കുംഭാഗം ജിഡി യുപിഎസിലെ നാലാം ക്ലാസുകാരന്‍.

വീട്ടിലെ ഇല്ലായ്മകളാണ് മുഖ്യമന്ത്രിയ്‌ക്കെഴുതിയ പത്തുവരി കത്തില്‍ സൂര്യജിത്ത് സൂചിപ്പിച്ചിരുന്നത്. ഒരുപാട് സ്‌നേഹമുള്ള മുഖ്യമന്ത്രി അപ്പൂപ്പന്, എന്റെ പേര് സൂര്യജിത്ത്. കൊല്ലം ജില്ലയിലെ ചവറ തെക്കുംഭാഗം ജി.യു.പി സ്‌കൂളില്‍ നാലാം ക്ലാസില്‍ പഠിക്കുന്നു.

എന്റെ വീട്ടില്‍ ഒരു കുഞ്ഞനിയനും അമ്മൂമ്മയും മാത്രമാണുള്ളത്. അച്ഛനും അമ്മയും ചെറുതിലേ മരിച്ചു. അമ്മൂമ്മ കശുവണ്ടി ഫാക്ടറിയില്‍ ജോലി ചെയ്യുകയാണ്. ഞങ്ങള്‍ക്ക് വീട്ടില്‍ കരണ്ടോ വെള്ളമോ ഇല്ല. പഠന മുറിയും മറ്റു സൗകര്യങ്ങളുമില്ല. മുഖ്യമന്ത്രി അപ്പൂപ്പന്‍ വിചാരിച്ചാല്‍ ഇതൊക്കെ നടക്കും എന്ന് ഒരുപാടുപേര്‍ പറഞ്ഞു. ഒരുപാട് സ്‌നേഹത്തോടെ പ്രതീക്ഷയോടെ സൂര്യജിത്ത് ഇതായിരുന്നു ഉള്ളടക്കം. മുഖ്യമന്ത്രി നിര്‍ദേശിച്ചതനുസരിച്ച് സൂര്യജിത്തിന്റെ വീട്ടില്‍ വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കി.

വീട് അറ്റകുറ്റപ്പണി നടത്തുന്നതിനും കുടിവെള്ള പൈപ്പ് കണക്ഷന്‍ അടിയന്തരമായി നല്‍കുന്നതിനും മുഖ്യമന്ത്രി ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ഇന്ന് വൈകുന്നേരം പുനലൂര്‍ സെന്റ് തോമസ് സ്‌കൂളില്‍ നടക്കുന്ന ലൈഫ് മിഷന്റെ സംസ്ഥാനതല ഉദ്ഘാടനച്ചടങ്ങില്‍ സൂര്യജിത്തിനും അനുജനും പഠനമേശകളും നോട്ടു ബുക്കുകളും സ്‌കൂള്‍ ബാഗുകളും മുഖ്യമന്ത്രി നേരിട്ടു നല്‍കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here