സാമൂഹ്യക്ഷേമബോര്‍ഡില്‍ വ്യാപക ക്രമക്കേടുകളെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്; കോടികളുടെ ക്രമക്കേട് ഖമറുന്നീസ അന്‍വര്‍ അധ്യക്ഷയായ ശേഷം; റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പീപ്പിള്‍ ടിവിക്ക്

തിരുവനന്തപുരം: ഖമറുന്നീസ അന്‍വര്‍ അധ്യക്ഷയായ സാമൂഹ്യക്ഷേമബോര്‍ഡില്‍ വ്യാപക ക്രമക്കേടുകളെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്. സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രങ്ങള്‍ തുടങ്ങിയതിലും ജീവനക്കാരെ നിയമിച്ചതിലും കോടികളുടെ ക്രമക്കേട് നടന്നതായി കേന്ദ്ര ഓഡിറ്റ് ആന്റ് അക്കൗണ്ട് വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പദ്ധതി വിഹിതം പൂര്‍ണ്ണമായും ചിലവഴിച്ചില്ല, ചിലവഴിച്ച പണം സംബന്ധിച്ച രേഖകളില്ല തുടങ്ങി നിരവധി ആക്ഷേപങ്ങളും റിപ്പോട്ടിലുണ്ട്. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പീപ്പിള്‍ ടിവിക്ക് ലഭിച്ചു.

വനിതാ ലീഗ് അധ്യക്ഷ ഖമറുന്നീസ അന്‍വര്‍ ചെയര്‍പേഴ്‌സണായ സംസ്ഥാന സാമൂഹ്യക്ഷേമബോര്‍ഡില്‍ വ്യാപകക്രമക്കേടുകള്‍ നടന്നെന്ന് വ്യക്തമാക്കുന്നതാണ് 2014 മുതല്‍ ഒന്നര വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ഓഡിറ്റ് റിപ്പോര്‍ട്ട്. ഗാര്‍ഹിക പീഡനത്തിനിരയായ സ്ത്രീകള്‍ക്കായി എല്ലാ ജില്ലകളിലും അഭയകേന്ദ്രങ്ങള്‍ തുടങ്ങിയതിലും അവയുടെ നടത്തിപ്പിലും മാത്രം വന്‍ക്രമക്കേടാണ് നടന്നത്. അഭയകേന്ദ്രങ്ങള്‍ക്ക് ചിലവിനത്തില്‍ അനുവദിച്ച ഒരു കോടി 70 ലക്ഷം രൂപ ചിലവഴിച്ചത് സംബന്ധിച്ച് വ്യക്തമായ രേഖകളില്ലെന്ന് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു.

ബോര്‍ഡില്‍ പരമാവധി ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനങ്ങള്‍ നടത്തണമെന്നാണ് ചട്ടം, എന്നാല്‍ ഇത് ലംഘിച്ച് 17 പേരെയാണ് ഒരു വര്‍ഷത്തിനിടെ നിയമിച്ചത്. ഒരാളെപോലും ഡെപ്യൂട്ടേഷനില്‍ നിയമിച്ചില്ല. നിയമനങ്ങള്‍ക്കൊന്നും രേഖകളുമില്ല. അനുവദനീയമായതിലും കൂടുതല്‍ പേര്‍ക്ക് ചട്ടവിരുദ്ധമായി സ്ഥാനകയറ്റം നല്‍കിയതായും സര്‍ക്കാറിന്റെ അനുമതിയില്ലാതെ പെന്‍ഷന്‍ തുക പിന്‍വലിച്ചതായും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

പദ്ധതിവിഹിതമായി ലഭിച്ച ലക്ഷകണക്കിന് രൂപ ചിലവഴിക്കാതെ കിടക്കുന്നതായും ബാലകേന്ദ്രങ്ങള്‍ക്കും സന്നദ്ധസംഘടകള്‍ക്കും കേന്ദ്രം അനുവദിച്ച തുക പൂര്‍ണ്ണമായും വിതരണം ചെയ്തില്ലെന്നും പരിശോധനയില്‍ കണ്ടെത്തി. ചുരുക്കത്തില്‍ ഖമറുന്നീസ അന്‍വര്‍ ചെയര്‍പേഴ്‌സണായതിന് ശേഷം ഒന്നരവര്‍ഷത്തിനിടെ കോടികളുടെ സാമ്പത്തിക ക്രമക്കേടും കുത്തഴിഞ്ഞ പ്രവര്‍ത്തനവുമാണ് സാമൂഹ്യക്ഷേമബോര്‍ഡില്‍ നടന്നതെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

കേന്ദ്ര സാമൂഹ്യക്ഷേമ ബോര്‍ഡിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാന ബോര്‍ഡില്‍ നടന്ന ക്രമക്കേടുകള്‍ സംബന്ധിച്ച് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചേക്കും. അതിന് മുമ്പേ ഖമറുന്നീസ അന്‍വര്‍ സ്ഥാനമൊഴിഞ്ഞേക്കുമെന്നാണ് സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News