ചിരിയുടെ ഇടയിലും ചിന്തിക്കാന്‍ കുറച്ചു കാര്യങ്ങള്‍; ഓമനക്കുട്ടന്റെ അഡ്വഞ്ചേര്‍സ് ഇങ്ങനെയാണ്

ആദ്യം കാണാന്‍ കഴിഞ്ഞില്ല എന്ന ഒറ്റകാരണം കൊണ്ട് ഒഴിവാക്കിയ സിനിമയാണ് അഡ്വഞ്ചേസ് ഓഫ് ഓമനക്കുട്ടന്‍. അപ്പോഴാണ് സംവിധായകന്‍ രോഹിത്തിന്റെ ഒരു ഫേസ്ബുക്ക് പോസ്റ്റ് കാണുന്നത്. നേരിയ വിഷമത്തോടെയാണ് ആ പോസ്റ്റ് വായിച്ചത്. ഒരു സംവിധായകന് സ്വന്തം സിനിമയെ പറ്റി അങ്ങനെ പറയേണ്ടി വരുന്ന അവസ്ഥ തെല്ലധികം വേദനിപ്പിച്ചു. അങ്ങനെയാണ് ആ ചിത്രം കാണാന്‍ എത്തിയത്.

പുതുമുഖമായ രോഹിത് സംവിധാനം ചെയ്തു, ആസിഫ് അലിയും ഭാവനയും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രമാണ് അഡ്വഞ്ചേസ് ഓഫ് ഓമനക്കുട്ടന്‍.നര്‍മ്മത്തിന് പ്രാധാന്യം നല്‍കി എടുത്തിരിക്കുന്ന ചിത്രമാണ് അഡ്വഞ്ചേര്‍സ് ഓഫ് ഓമനക്കുട്ടന്‍.

സാധാരണ മലയാള ചിത്രങ്ങളില്‍ കാണാറുള്ള പതിവ് കഥപറച്ചില്‍ രീതിയില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ ഒരു നവീന രീതി ഇവിടെ പരീക്ഷിക്കപ്പെടുകയാണ്. ഇതൊരു കാരക്ടര്‍ ബേസ്ഡ് ചിത്രമാണ്. നമ്മള്‍ കഥാപാത്രത്തെ പിന്തുടര്‍ന്ന് അവരുടെ കൂടെ ഒരു യാത്ര ചെയ്യുന്ന ഫീലില്‍ ആണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ആദ്യപകുതി മന്ദത കൊണ്ട് ലേശം മുഷിപ്പിക്കുന്നുണ്ട്. പിടി തരാതെ ഒഴിഞ്ഞു മാറി നില്‍ക്കുന്ന കഥയും ലേശം സങ്കടപ്പെടുത്തി, ഒറ്റ കാഴ്ചയില്‍ പുതുമകള്‍ ഒന്നും തന്നെ ഇല്ല താനും. എന്നാല്‍, രണ്ടാം പകുതി പൊട്ടിച്ചിരിപ്പിച്ചു. ആ ചിരിയുടെ ഇടയിലും ചിന്തിക്കാന്‍ കുറച്ചു കാര്യങ്ങള്‍ നമുക്ക് മുന്നിലോട്ട് ഇട്ടു തരുന്നുണ്ട് അഡ്വഞ്ചേര്‍സ് ഓഫ് ഓമനക്കുട്ടന്‍. യാതൊരു ഗുണമേന്മയും ഇല്ലാഞ്ഞിട്ടും, ഉപഭോക്താക്കളെ വഞ്ചിച്ചു കൊണ്ട് വിപണിയില്‍ സുലഭമായി വിറ്റഴിക്കുന്ന പല ഉത്പന്നങ്ങളെയും ആക്ഷേപ്പിക്കുന്നുണ്ട് ചിത്രം.

ഒരു പുതുമുഖത്തിന്റെ പാളിച്ചകള്‍ ചിത്രത്തില്‍ എവിടെയും നമുക്ക് കാണാന്‍ സാധിക്കില്ല. തന്റെ മനസിലുള്ള ആശയം, യാതൊരു സങ്കോചമോ വിട്ടു വീഴ്ച്ചകളോ ഇല്ലാതെ തീര്‍ത്തും വ്യത്യസ്തമായ രീതിയില്‍ ഒരുക്കിയിട്ടുണ്ട് രോഹിത്. രോഹിത്തിന്റെ ആ പുത്തന്‍ ആശയങ്ങള്‍ക്ക് ബലം നല്‍കുന്ന വിധത്തില്‍ തിരക്കഥ തയ്യാറാക്കാന്‍ സമീറിനും ആയിട്ടുണ്ട്. ഓമനക്കുട്ടനെ നമുക്ക് മുന്നില്‍ തുറന്നു കാട്ടാന്‍ എത്രയെത്ര ക്ലീഷേ രീതികള്‍ ഉണ്ടായിരുന്നു? എന്നിട്ടും, മലയാളസിനിമാ പ്രേക്ഷകര്‍ എങ്ങനെ സ്വീകരിക്കുമെന്നുറപ്പില്ലാതെ ഇങ്ങനെയൊരു തീം നമുക്ക് മുന്നിലവതരിപ്പിക്കാന്‍ സംവിധായകന്‍ അവലംബിച്ച രീതിയാണ് ശ്രദ്ധേയം.

ടെക്‌നിക്കല്‍ സൈഡില്‍ എടുത്തു പറയേണ്ട പുതുമകള്‍ പരീക്ഷിക്കപ്പെട്ടത് ശബ്ദത്തിലും എഡിറ്റിങ്ങിലും പ്രേക്ഷകനെ ട്രീറ്റ് ചെയ്യുന്ന രീതിയിലുമാണ്. തട്ടുപൊളിപ്പന്‍ ഗാനരംഗങ്ങള്‍ ഇല്ലാതെയും, കാതടിപ്പിക്കുന്ന സംഘട്ടനങ്ങള്‍ ഇല്ലാതെയും ഒരു സിനിമക്ക് പ്രേക്ഷകനെ രസിപ്പിക്കാനാകും എന്ന് രോഹിത് നമ്മെ പഠിപ്പിക്കുന്നു.

ഓമനക്കുട്ടന്‍ എന്ന കഥാപാത്രത്തെ വളരെ നന്നായാണ് ആസിഫ് അഭിനയിച്ച് ഫലിപ്പിച്ചിരിക്കുന്നത്. ആ കഥാപാത്രത്തിന്റെ മാനസിക സംഘര്‍ഷങ്ങളും മനോവ്യാപാരങ്ങളും അതെ പോലെ തന്നെ പകര്‍ത്തിയിട്ടുണ്ട് ആസിഫ്. മുഖത്ത് മിന്നിമായുന്ന എക്‌സ്പ്രഷന്‍സ്എടുത്തു പറയേണ്ടതാണ്. എത്രയെത്ര ഭാവങ്ങള്‍ അനായാസമായി ചെയ്തിരിക്കുന്നു. ഓമനക്കുട്ടന്റെ ആ കണ്ണുചിമ്മല്‍ ഇടയ്ക്കു കൂടി പോയോ എന്ന് തോന്നിപോയി. ഭാവനയുടെ പല്ലവി എന്ന കഥാപാത്രം ഒരു ഫ്രഷ് ഫീല്‍ നല്‍കുന്നുണ്ട്. അഭിനയത്തില്‍ മാത്രമല്ല സൗന്ദര്യത്തിലും ഭാവന ഒരു പടി കൂടി മുന്നേറിയിരിക്കുന്നു. ക്ലിന്റോണിക്ക ചന്ദ്രശേഖരനെ സിദ്ധിക്ക് രസകരമാക്കി. വിനായക് ഹെഗ്‌ടെ എന്ന ഐ പി എസ് ഓഫീസറിലൂടെ കലാഭവന്‍ ഷാജോണ്‍, കഥാപാത്ര തെരഞ്ഞെടുപ്പിലും അഭിനയമികവിലുമുള്ള തന്റെ കഴിവ് ഒന്നുകൂടി തെളിയിക്കുകയാണ്. സൈജു കുറുപ്പും, സ്രിന്ധയും, അജു വര്‍ഗീസും, എല്ലാം തങ്ങളുടെ റോളുകള്‍ നന്നായി ചെയ്തിട്ടുണ്ട്.

ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് അഖില്‍ ജോര്‍ജ്ജ് ആണ്. എടുത്തു പറയേണ്ട മറ്റൊന്നാണ്, സിനിമയുടെ താളത്തിനൊത്ത വിധം തന്നെ പോകുന്ന, ലിവിങ്ങ്‌സ്റ്റണ്‍ മാത്യുവിന്റെ എഡിറ്റിംഗ്. പശ്ചാത്തല സംഗീതവും അത് പോലെ തന്നെ. അരുണ്‍ മുരളീധരനും ഡാന്‍ വിന്‍സന്റും ആണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. എന്നിരിക്കിലും, ഇടക്ക് ചില സന്ദര്‍ഭങ്ങളില്‍ ‘കയ്യീന്ന് പോയോ’ എന്നൊരു ഫീലും തരുന്നുണ്ട് ചിത്രം. ചില കഥാപാത്രങ്ങളുടെ വരവുകളും, ചില കണ്ടുമുട്ടലുകളിലും ഒരു ക്ലീഷേ എഫക്റ്റ്.

രോഹിത്.., പറയാതെ വയ്യ, പരീക്ഷിക്കപ്പെട്ട എല്ലാ പുതുരീതികളും കയ്യടി അര്‍ഹിക്കുന്നു. ഇടക്കുള്ള ഇഴച്ചിലും മന്ദതയും ഒഴിച്ചു നിര്‍ത്തിയാല്‍ വെറും ഒരു വിനോദോപാധി എന്നതിനപ്പുറം പ്രേക്ഷകനോട് വെള്ളിത്തിരയിലൂടെ സംവാദിക്കുകയാണ് ചിത്രം. വ്യത്യസ്തത, വ്യത്യസ്തത എന്ന് നമ്മള്‍ കരയുമ്പോഴും, ആ കരച്ചിലിനിടയില്‍ ശ്വാസം മുട്ടി മരിക്കുന്ന ഇത്തരം ചിത്രങ്ങള്‍ നമ്മളെന്തേ കാണാതെ പോകുന്നു?

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here