‘ലോകത്തിലെ എട്ടാമത്തെ അത്ഭുതം’; ഇന്ത്യക്കാര്‍ക്ക് അന്യമായ ഈ മനോഹര പാതയെ അടുത്തറിയാം

ഇന്ത്യക്കാര്‍ക്ക് അന്യമായ കാരക്കോറം ഹൈവേ അഥവാ കരിങ്കല്‍ മലകളിലെ അത്ഭുത പാത, ലോകത്തിലെ ഏറ്റവും മനോഹരമായ മൗണ്ടന്‍ ഹൈവേ എന്നറിയപ്പെടുന്നു. സാങ്കേതികമായി ഈ പ്രദേശങ്ങള്‍ ഇന്ത്യയുടേതാണെന്ന് പറയാം.

തുര്‍ക്കി ഭാഷയില്‍ കരിങ്കല്ല് (black rubble) എന്നാണ് കാരക്കോറം എന്ന വാക്കിന്റെ അര്‍ത്ഥം. കൊടുംവളവുകളും കുത്തനെയുള്ള കയറ്റിറക്കങ്ങളുമുള്ള കാരക്കോറം ഹൈവേ ഏറ്റവും ഉയരത്തില്‍ നിര്‍മ്മിക്കപ്പെട്ട അന്താരാഷ്ട്ര റോഡായാണ് കണക്കാക്കപ്പെടുന്നത്.


ഇന്ത്യയിലെ ഹിമാലയ മേഖലകളായ കശ്മീരും ലഡാക്കും ഉത്തരഖണ്ഡും ഹിമാചലും സിക്കിമും അരുണാചലും അടക്കം ഒരിടത്തും ഇത്തരം മനോഹരമായ മൗണ്ടന്‍ ഹൈവേ കാണാന്‍ സാധ്യമല്ല. അവിടെയാണ് പാകിസ്ഥാന്‍ ചൈനീസ് സഹായത്താല്‍ 1300 km നീളം വരുന്ന ഒരു ചരക്കു പാത ഹിമാലയസാനുക്കളില്‍ മനോഹരമായി നിര്‍മ്മിച്ചെടുത്തത്. പൊട്ടിപൊളിഞ്ഞ ഇടുങ്ങിയ റോഡുകള്‍ മാത്രമാണ് ഇന്ത്യന്‍ ഹിമാലയ ഭാഗങ്ങളില്‍ കാണുക. ഈയടുത്ത് മാത്രമാണ് അതില്‍ ചില മാറ്റങ്ങള്‍ കണ്ട് തുടങ്ങിയത്.

ലോകത്തിലെ എട്ടാമത്തെ അത്ഭുതം എന്നാണ് കാരക്കോറം പാത വിശേഷിപ്പിക്കപ്പെടുന്നത്. ചൈന-പാക്കിസ്താന്‍ നയതന്ത്ര ബന്ധത്തില്‍ സുപ്രധാന കണ്ണിയായ ഈ ഹൈവേ, ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പാതയാണ്. 15,500 അടി ഉയരത്തിലാണിത് സ്ഥിതി ചെയ്യുന്നത്. കുറഞ്ഞ ഓക്‌സിജന്‍ സാന്നിധ്യം ഈ വഴിയിലൂടെയുള്ള സഞ്ചാരം ദുഷ്‌കരമാക്കുന്നു. ഈ പാതയിലൂടെ ഇന്ത്യക്കാര്‍ക്ക് സഞ്ചരിക്കാന്‍ നിയമപരമായ പ്രശ്‌നങ്ങളുണ്ട്.

പാകിസ്താന്‍, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങളുടെ അതിര്‍ത്തിയില്‍ ഗില്‍ജിത് ‘ ലഡാക്ക്, ബാല്‍തിസ്ഥാന്‍ എന്നീ മേഖലകളില്‍ വ്യാപിച്ച് കിടക്കുന്ന പര്‍വ്വതനിരയാണ് കാറക്കോറം. ഏഷ്യയിലെ ഏറ്റവും വലിയ പര്‍വ്വതനിരകളില്‍പ്പെട്ടതാണ് ഇത്. ഹിമാലയത്തിന്റെ വടക്കുപടിഞ്ഞാറന്‍ അതിര്‍ത്തിയായി ഇതിനെ കണക്കാക്കാറുണ്ടെങ്കിലും സാങ്കേതികമായി ഹിമാലയത്തിന്റെ ഭാഗമല്ല ഇത്.

ലോകത്തിലെ രണ്ടാമത്തെ ഉയരം കൂടിയ കൊടുമുടിയായ കെ2 (K2) ഉള്‍പ്പെടെ അറുപതില്‍ കൂടുതല്‍ കൊടുമുടികള്‍ കാരക്കോറത്തില്‍ സ്ഥിതിചെയ്യുന്നുണ്ട്. 8611 മീറ്റര്‍ (28,251 അടി) ഉയരമുള്ള കെ2ന് എവറസ്റ്റിനേക്കാള്‍ 237 മീറ്റര്‍ ഉയരക്കുറവ് മാത്രമാണുള്ളത്. ഏകദേശം 500 കി.മീറ്റര്‍ (300 മൈല്‍) നീളമുണ്ട് ഈ പര്‍വ്വതനിരയ്ക്ക്. ധ്രുവപ്രദേശത്തെ കൂടാതെ വലിയ അളവില്‍ മഞ്ഞ് മൂടി കിടക്കുന്ന പ്രദേശങ്ങളില്‍ ഒന്നാണിത്. 70 കി.മീ നീളമുള്ള സിയാച്ചിന്‍ ഹിമപാളിയും 63 കി.മീ നീളമുള്ള ബയാഫൊ ഹിമപാളിയും ധ്രുവപ്രദേശത്തിന് പുറത്ത് ഏറ്റവും നീളമുള്ള രണ്ടാമത്തേയും മൂന്നാമത്തേയും ഹിമപാളികളാണ്.

(ഫേസ്ബുക്കിലെ ചരിത്രാന്വേഷികള്‍ എന്ന ഗ്രൂപ്പില്‍ ദിലീപ് നാരായണന്‍ എഴുതിയത്)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here