മംഗളം ഫോണ്‍കെണി; എകെ ശശീന്ദ്രനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്; സ്വാഭാവിക നടപടി മാത്രമാണെന്ന് ശശീന്ദ്രന്‍

തിരുവനന്തപുരം: മംഗളം ഫോണ്‍കെണിയില്‍ മുന്‍മന്ത്രി എകെ ശശീന്ദ്രനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. തിരുവനന്തപുരം സിജെഎം കോടതിയാണ് കേസെടുത്തത്. ജൂലൈ 28ന് ശശീന്ദ്രന്‍ നേരിട്ടു ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചു.

മംഗളം ചാനലിലെ മാധ്യമ പ്രവര്‍ത്തക നല്‍കിയ സ്വകാര്യ അന്യായം പരിഗണിച്ചാണ് കോടതിയുടെ നടപടി. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് സ്വകാര്യ അന്യായം ഫയലില്‍ സ്വീകരിച്ച് എകെ ശശീന്ദ്രന് സമന്‍സ് അയച്ചത്. മന്ത്രിയായിരിക്കെ മുറിയില്‍ വച്ച് ലൈംഗിക താല്‍പര്യത്തോടെ സമീപിച്ചു എന്നാണ് പരാതിയുടെ ഉള്ളടക്കം.

ഇന്ത്യന്‍ ശിക്ഷാ നിയമം 354 എ, 354 ഡി, 509 വകുപ്പുകള്‍ അനുസരിച്ചാണ് കേസെടുത്തത്. ശാരീരിക പീഡനം, സ്ത്രീത്വത്തെ അപമാനിക്കാന്‍ ശ്രമിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. സമന്‍സ് പ്രകാരം ജൂലൈ 27ന് എകെ ശശീന്ദ്രന്‍ തിരുവനന്തപുരം സിജെഎം കോടതിയില്‍ നേരിട്ട് ഹാജരാകണം. ക്രിമിനല്‍ നടപടിക്രമം 202-ാം വകുപ്പ് പ്രകാരം കോടതി പരാതിക്കാരിയില്‍ നിന്ന് നേരിട്ട് തെളിവെടുത്തു.

പ്രവര്‍ത്തനം ആരംഭിച്ച ദിവസമാണ് മംഗളം ചാനല്‍ എകെ ശശീന്ദ്രന്റെ ഫോണ്‍ സംഭാഷണം പുറത്തുവിട്ടത്. വാര്‍ത്ത പുറത്തുവന്നതോടെ ധാര്‍മികത കണക്കിലെടുത്ത് എകെ ശശീന്ദ്രന്‍ മന്ത്രിസ്ഥാനം ഒഴിഞ്ഞു. തനിക്കെതിരായ വാര്‍ത്തയില്‍ അസ്വഭാവികതയുണ്ടെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. പിന്നാലെ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണവും പ്രഖ്യാപിച്ചു. അശ്ലീലച്ചുവയുള്ള ഫോണ്‍ സംഭാഷണം പുറത്തുവിട്ടതിന് ചാനല്‍ മേധാവിയടക്കമുള്ളവര്‍ അറസ്റ്റിലായിരുന്നു.

അതേസമയം, കോടതിയുടേത് സ്വാഭാവിക നടപടി മാത്രമാണെന്ന് എ.കെ ശശീന്ദ്രന്‍ പ്രതികരിച്ചു. തനിക്ക് പറയാനുള്ളത് കേള്‍ക്കാന്‍ കോടതി അവസരം തന്നിരുന്നു. കേസിലെ അന്വേഷണം താന്‍ തന്നെ ആവശ്യപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണത്തോട് സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News