തലസ്ഥാനവാസികള്‍ക്ക് തണലൊരുക്കി സുബ്രഹ്മണ്യന്‍ നമ്പൂതിരി; പ്രകൃതി സംരക്ഷണം കടമയാക്കി ഈ പരിസ്ഥിതി സ്‌നേഹി

തിരുവനന്തപുരം: ഒരു ലോകപരിസ്ഥിതി ദിനം കൂടി ആചരിക്കുമ്പോള്‍ ആയിരങ്ങള്‍ക്ക് തണലൊരുക്കി മരങ്ങളുടെ കാവലാളായിരിക്കുന്ന സുബ്രഹ്മണ്യന്‍ നമ്പൂതിരിക്ക് ഇപ്പോഴും വിശ്രമിക്കാന്‍ സമയമില്ല. ആരുടെയും പ്രേരണയോ നിര്‍ദ്ദേശമോ ഇല്ലാതെയാണ് തലസ്ഥാനവാസികളെ ഹരിതകുട ചൂടിക്കാനായി സുബ്രഹ്മണ്യന്‍ നമ്പൂതിരി മരങ്ങള്‍ നട്ടുപിടിപ്പിക്കുന്ന ദൗത്യവുമായി മുന്നോട്ടുപോകുന്നത്. പരിസ്ഥിതി സംരക്ഷിക്കാന്‍ മരങ്ങള്‍ക്ക് മാത്രമേ കഴിയൂ എന്ന ഉറച്ചവിശ്വാസത്തില്‍ പ്രകൃതി സംരക്ഷണം കടമയാക്കിയിരിക്കുകയാണ് ഈ പരിസ്ഥിതി സ്‌നേഹി.

താന്‍ മാത്രമല്ല, ഈ ഭൂമിയും ഇതിലെ ഓരോ ജീവജാലങ്ങളും കടുത്ത ചൂട് അനുഭവിക്കുന്നു എന്ന ചിന്ത തലസ്ഥാനവാസിയായ ഈ പരിസ്ഥിതി സ്‌നേഹിയുടെ മനസിനെയാണ് പൊള്ളിച്ചത്. പരിസ്ഥിതി സംരക്ഷിക്കാന്‍ മരങ്ങള്‍ക്ക് മാത്രമേ കഴിയൂ എന്ന വിശ്വാസം സുബ്രഹ്മണ്യന്‍ നമ്പൂതിരിയുടെ വഴികാട്ടിയായി. കാലാവസ്ഥാ വ്യതിയാനം ചര്‍ച്ചയാകുന്നതിന് എത്രയോ മുന്‍പ് തന്നെ കുലശേഖരം പെരിങ്ങശ്ശേരി ഇല്ലത്തെ സുബ്രഹ്മണ്യന്‍ നമ്പൂതിരി മരങ്ങളുടെ മഹത്വം മനസിലാക്കിയിരുന്നു. അതായിരിക്കാം, ഒരുപക്ഷേ ഈ പച്ചമനുഷ്യനെ തലസ്ഥാനവാസികളെ ഹരിതകുട ചൂടിക്കാന്‍ പ്രേരിപ്പിച്ചതും.

സെക്രട്ടറിയേറ്റിന് സമീപത്തെ കരകൗശലവികസന കോര്‍പ്പറേഷനില്‍ ജീവനക്കാരനായിരുന്ന അന്ന് മുതല്‍ തുടങ്ങിയതാണ് മറ്റുള്ളവര്‍ക്കായി തണലൊരുക്കല്‍. സെന്‍ട്രല്‍ സ്റ്റേഡിയത്തിനു ചുറ്റിലും കരകൗശല കോര്‍പ്പറേഷനുമുന്നില്‍ സെക്രട്ടറിയേറ്റ് പരിസരത്തും സുബ്രഹ്മണ്യന്‍ നമ്പൂതിരി മരങ്ങള്‍ നട്ടുപിടിപ്പിച്ചു. ചെറിയ തൈകള്‍ പരീക്ഷിച്ചു പരാജയപ്പെട്ട ഈ പരിസ്ഥിതി പ്രേമി ഒടുവില്‍ വലിയ മരങ്ങള്‍ എന്ന രീതിയില്‍ തന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കുകയായിരുന്നു. ഫലവൃക്ഷങ്ങളും ആല്‍മരവുമൊക്കൊയാണ് തണല്‍ വിരിക്കാനായി സുബ്രഹ്മണ്യന്‍ നമ്പൂതിരി തെരഞ്ഞെടുക്കുന്നത്.

താന്‍ നട്ട മരങ്ങളുടെ വളര്‍ച്ച ഇടക്കിടെ എത്തി ആസ്വദിക്കാനും പെരിങ്ങശ്ശേരി ഇല്ലത്തെ കാരണവര്‍ മറക്കാറില്ല. പ്രായത്തിന്റെ ചില ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കിലും പരിസ്ഥിതിദിനം എത്തുമ്പോള്‍ സുബ്രഹ്മണ്യന്‍ നമ്പൂതിരി മരങ്ങളുമായി നടാനിറങ്ങുകയായി. ആര് സ്ഥലം നല്‍കിയാലും അവിടെ മരം നടും. സ്വന്തം ചെലവില്‍. പ്രകൃതി പരിപാലനയാത്രയില്‍ കുടുംബാംഗങ്ങളുടെ പരിപൂര്‍ണ്ണ പിന്‍തുണയുള്ളതിനാല്‍ സുബ്രഹ്മണ്യന്‍ നമ്പൂതിരിക്ക് ആവേശം കുറയുന്നില്ല. ഒറ്റ ചിന്തമാത്രം ഭൂമിക്കൊരു ഹരിതക്കുട.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here