സംസ്ഥാന ചാമ്പ്യനായ ടെന്നീസ് താരത്തിന്റെ പരിശീലനത്തിന് വിലക്കേര്‍പ്പെടുത്തി ട്രിവാന്‍ഡ്രം ടെന്നീസ് ക്ലബ്ബ്; സര്‍ക്കാര്‍ ഇടപെട്ടിട്ടും വിലക്ക് പിന്‍വലിക്കാതെ സെക്രട്ടറി

തിരുവനന്തപുരം: നാലു തവണ സംസ്ഥാന ചാമ്പ്യനായ യുവ ടെന്നീസ് താരത്തിന്റെ പരിശീലനത്തിന് വിലക്കുമായി ട്രിവാന്‍ഡ്രം ടെന്നീസ് ക്ലബ്ബ്. ദേശീയ താരം കൂടിയായ തിരുവനന്തപുരം കല്ലയം സ്വദേശി ജിതിന്‍ ജോര്‍ജ്ജിനെയാണ് ടെന്നീസ് ക്ലബ്ബിലെ പരിശീലനത്തില്‍ നിന്ന് വിലക്കിയത്. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലും സര്‍ക്കാരും ഇടപെട്ടിട്ടും വിലക്ക് പിന്‍വലിക്കാന്‍ സെക്രട്ടറി ബിജു ബി സോമന്‍ തയ്യാറായിട്ടില്ല.

ട്രിവാന്‍ഡ്രം ടെന്നീസ് ക്ലബ്ബിലെ കോര്‍ട്ടിലാണ് സംസ്ഥാന ചാമ്പ്യനും ദേശീയ താരവുമായ ജിതിന്‍ ജോര്‍ജ്ജ് പരിശീലനം നടത്തുന്നത്. പതിഞ്ച് വര്‍ഷത്തിലധികമായി ഗസ്റ്റ് വ്യവസ്ഥയില്‍ പണമടച്ചാണ് പരിശീലനം തുടരുന്നത്. ഇതിനിടെയാണ് 500 രൂപ ഫീസ് അടയ്ക്കാന്‍ വൈകി എന്ന നിസാര കാരണം പറഞ്ഞ് മാര്‍ച്ച് 31 മുതല്‍ ജിതിന് ടെന്നീസ് ക്ലബ്ബ് സെക്രട്ടറി വിലക്കേര്‍പ്പെടുത്തിയത്.

വിലക്കേര്‍പ്പെടുത്തിയതിന് ശേഷം മദ്യപിച്ചെത്തിയ ക്ലബ്ബ് സെക്രട്ടറി ജിതിനെ അപമാനിച്ച് സംസാരിച്ചു. ഉടന്‍ കോര്‍ട്ടില്‍ നിന്ന് ഇറങ്ങിയില്ലെങ്കില്‍ പൊലീസിനെ വിളിച്ച് പുറത്താക്കുമെന്നും ഭീഷണിപ്പെടുത്തി. ഇത് സംബന്ധിച്ച് സ്‌പോര്‍ട്‌സ് കൗണ്‍സിലിനും സര്‍ക്കാരിനും ജിതിന്‍ പരാതി നല്‍കി. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഇടപെട്ടിട്ടും വിലക്ക് പിന്‍വലിക്കാന്‍ സെക്രട്ടറി തയ്യാറായില്ലെന്നും ജിതിന്‍ പറയുന്നു.

ഫീസ് അടയ്ക്കാന്‍ വൈകിയതല്ല യഥാര്‍ത്ഥ കാരണമെന്നും ടെന്നീസ് ക്ലബ്ബില്‍ ഗസ്റ്റ് ആയി ജിതിന് അവസരം നല്‍കുന്ന അംഗവുമായുള്ള തര്‍ക്കമാണ് പ്രതികാര നടപടിക്ക് പിന്നിലെന്നും ജിതിന്‍ പറയുന്നു. കഴിഞ്ഞ ദേശീയ ഗെയിംസിന്റെ സമയത്ത് സര്‍ക്കാര്‍ നല്‍കിയ കോടിക്കണക്കിന് രൂപ ചെലവഴിച്ചാണ് കോര്‍ട്ട് നിര്‍മ്മിച്ചത്.

സര്‍ക്കാരും ടെന്നീസ് ക്ലബ്ബുമായുള്ള കരാര്‍ അനുസരിച്ച് താരങ്ങള്‍ക്ക് ടെന്നീസ് പരിശീലനത്തിന് ക്ലബ്ബ് അവസരം നല്‍കണം. ഈ കരാര്‍ ഏകപക്ഷീയമായി സെക്രട്ടറി ലംഘിച്ചാണ് ജിതിനെതിരെ പ്രതികാര നടപടിയെടുത്തതെന്നും ആക്ഷേപമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here