മഹാഭാരതം മതഗ്രന്ഥമല്ല; പ്രാചീന ഇന്ത്യയുടെ പാരമ്പര്യത്തിന്റെ നിക്ഷേപമാണ്; മഹാഭാരതത്തിന്റെ ബഹുസ്വരത ചൂണ്ടികാട്ടി സംഘപരിവാറിനൊരു മറുപടി

രണ്ടാമൂഴം മഹാഭാരതമെന്നപേരില്‍ സിനിമയാക്കാന്‍ അനുവദിക്കില്ലെന്ന ആക്രോശവുമായി ഹൈന്ദവ വര്‍ഗീയവാദികള്‍ രംഗത്തെത്തിയിരിക്കുന്നു. രണ്ടാമൂഴം മഹാഭാരതത്തിന്റെ വികൃതമായ പുനരാഖ്യാനമാണെന്നും അത് മഹാഭാരതം എന്നപേരില്‍ അവതരിപ്പിക്കുന്നത് വ്യാസനെയും മഹാഭാരതത്തെയും അവഹേളിക്കലാണ് എന്നുമാണ് ഹിന്ദുത്വവാദികളുടെ ന്യായം. വ്യാസവിരചിതമായ മഹാഭാരതത്തെ അതേപടി പിന്‍പറ്റുന്ന ഒരു രചനയ്ക്കു മാത്രമേ മഹാഭാരതം എന്ന പേരുപയോഗിക്കാന്‍ അര്‍ഹതയുളളൂ എന്നാണ് ഹൈന്ദവവാദികളുടെ പോര്‍വിളികളില്‍ ഉയര്‍ന്നുകേള്‍ക്കുന്ന വാദം.

ഇത്തരമൊരു പ്രഖ്യാപനത്തിലൂടെ രണ്ട് കാര്യങ്ങള്‍ നിറവേറ്റാന്‍ ഹിന്ദുത്വവാദികള്‍ക്ക് കഴിയുന്നുണ്ട്. ഒന്നാമതായി എം ടി വാസുദേവന്‍നായരോടുള്ള തങ്ങളുടെ പകയ്ക്ക് പുതിയ ഒരു ആവിഷ്‌കാരമാര്‍ഗംകൂടി അവര്‍ കണ്ടെത്തി. തുഞ്ചന്‍പറമ്പിനെ കൈപ്പിടിയിലൊതുക്കാനുള്ള തങ്ങളുടെ ശ്രമം ഫലിക്കാത്തതുമുതല്‍ നോട്ടുനിരോധനത്തില്‍ അഭിപ്രായം പറഞ്ഞതുവരെയുള്ള വിവിധ കാര്യങ്ങളില്‍ എം ടി സംഘപരിവാറിന്റെ കണ്ണിലെ കരടാണ്. എങ്കിലും അതിന്റെപേരില്‍ എം ടിയെ നേരിട്ടാക്രമിക്കുന്നതിലെ അപകടം അവര്‍ മനസ്സിലാക്കിയിട്ടുമുണ്ട്. ഇപ്പോള്‍ രണ്ടാമൂഴത്തെയും മഹാഭാരതത്തെയും മറയായിനിര്‍ത്തി എം ടിക്കെതിരെ നീങ്ങാന്‍ ലഭിച്ച അവസരം ഹിന്ദുത്വവാദികള്‍ ഉപയോഗപ്പെടുത്തുന്നു എന്നുമാത്രം. ഒപ്പം എം ടി മഹാഭാരതത്തെ ദുര്‍വ്യാഖ്യാനംചെയ്തു എന്ന് പ്രചരിപ്പിച്ച് പൊതുസമൂഹത്തില്‍ അദ്ദേഹത്തെ അപകീര്‍ത്തിപ്പെടുത്താനും ശ്രമിക്കുന്നു.

രണ്ടാമത്തെ കാര്യം ഇത്തരമൊരു പ്രഖ്യാപനത്തിലൂടെ മഹാഭാരതത്തിന്റെ ഉടമാവകാശം കൈയടക്കാന്‍ ഹിന്ദുത്വവാദികള്‍ ശ്രമിക്കുന്നു എന്നതാണ്. മഹാഭാരതം എന്ന ശീര്‍ഷകം ഏതിനൊക്കെ നല്‍കാം, ഏതിനൊക്കെ നല്‍കിക്കൂടാ എന്ന് നിശ്ചയിക്കാനുള്ള അവകാശം തങ്ങള്‍ക്കാണെന്ന് ഹൈന്ദവ ഫാസിസ്റ്റുകള്‍ സ്വയം വിധിക്കുന്നു. അതുവഴി മഹാഭാരതത്തെ പ്രാഥമികമായി ഒരു മതഗ്രന്ഥമായി ഉറപ്പിക്കുകയും തങ്ങളാണ് അതിന്റെ രക്ഷാധികാരികളും ഉടമസ്ഥരും എന്ന് അവര്‍ പ്രഖ്യാപിക്കുകയുംചെയ്യുന്നു. പ്രാചീന ഇന്ത്യയെയും അതിന്റെ സാംസ്‌കാരികനിക്ഷേപങ്ങളെയും അപ്പാടെ മതവല്‍ക്കരിക്കാനും വര്‍ഗീയവല്‍ക്കരിക്കാനുമുള്ള സംഘപരിവാറിന്റെ വിപുലമായ കാര്യപരിപാടിയുടെ ഭാഗമാണ് ഈ ഇടപെടല്‍.

ഹൈന്ദവ വര്‍ഗീയവാദികള്‍ ഉയര്‍ത്തുന്ന ഈ ഉടമാവകാശ പ്രഖ്യാപനം മഹാഭാരതത്തെ സംബന്ധിച്ചുള്ള ചില ചോദ്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നുണ്ട്. ഒന്നാമതായി വ്യാസവിരചിതമായ മഹാഭാരതം എന്ന് പറയുന്നതിന്റെ യാഥാര്‍ഥ്യം എന്താണ്? ആരാണ് വ്യാസന്‍? രണ്ട്: ഏതാണ് മഹാഭാരതം എന്ന കൃതി? മഹാഭാരതം എന്ന പേര് ആ ഗ്രന്ഥത്തിന് കൈവന്നതെപ്പോഴാണ്? മൂന്ന്: വ്യാസവിരചിതമായ മഹാഭാരതമാണോ മഹാഭാരതമെന്നപേരില്‍ ഇക്കാലമത്രയും നിലനില്‍ക്കുകയും പരാമര്‍ശിക്കപ്പെടുകയും ചെയ്തുപോന്നിട്ടുള്ളത്? നാല്: മഹാഭാരതം ഒരു മതഗ്രന്ഥമാണോ? മതപരമായ താല്‍പ്പര്യങ്ങള്‍ക്കപ്പുറം അതില്‍ യാതൊന്നും പരിഗണനീയമായി അവശേഷിക്കുന്നില്ലേ? ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരത്തില്‍നിന്ന് മഹാഭാരതത്തെ സംബന്ധിച്ച ചില അടിസ്ഥാനയാഥാര്‍ഥ്യങ്ങള്‍ നമുക്ക് കണ്ടെത്താനാകും. ഒപ്പം മഹാഭാരതത്തെ തങ്ങളുടെ സ്വകാര്യസ്വത്താക്കാനുളള വര്‍ഗീയവാദികളുടെ ശ്രമത്തിന്റെ പൊള്ളത്തരം അതിലൂടെ വ്യക്തമാകുകയുംചെയ്യും.

ഒരുലക്ഷം ശ്‌ളോകങ്ങളുള്ള കൃതിയായാണ് ഇപ്പോള്‍ മഹാഭാരതം പൊതുവെ മനസ്സിലാക്കപ്പെട്ടുവരുന്നത്. ഈ മഹാഗ്രന്ഥത്തിന്റെ കര്‍ത്താവ് വ്യാസന്‍ അഥവാ കൃഷ്ണദ്വൈപായനന്‍ ആണെന്ന് വിശ്വസിക്കപ്പെടുകയും ചെയ്യുന്നു. എന്നാല്‍, വ്യാസന്‍ എന്നത് ഒരു വ്യക്തിയുടെ പേരോ, മഹാഭാരതം എന്നത് ഒരാള്‍ എഴുതിയുണ്ടാക്കിയ ഒരു ഗ്രന്ഥമോ അല്ലെന്നാണ് ലോകമെമ്പാടുമുള്ള മഹാഭാരതപഠിതാക്കള്‍ കഴിഞ്ഞ രണ്ട് നൂറ്റാണ്ടായി വിശദീകരിച്ചുകൊണ്ടിരിക്കുന്നത്. വ്യാസന്‍ എന്ന പദത്തിന് സംശോധകന്‍, പരിശോധകന്‍ എന്നൊക്കെയാണര്‍ഥം. ഇംഗ്‌ളീഷില്‍ എഡിറ്റര്‍, കംപൈലര്‍ എന്നൊക്കെ പറയുന്നതിന് സമാനമായ ഒന്ന്. ഹോമര്‍ എന്നതുപോലെ വ്യാസനും ഒരു സാങ്കല്‍പ്പിക കര്‍ത്താവാണ്. അതൊരാളുടെ പേരല്ല. മറിച്ച് ഒരു പദവിയോ, ഒരുകൂട്ടം രചയിതാക്കളെയോ ആണത് സൂചിപ്പിക്കുന്നത്. അതിലൊരാളായി കൃഷ്ണദ്വൈപായനനെയും കാണാമെന്നുമാത്രം. മഹാഭാരതനിര്‍ദേശമനുസരിച്ചുതന്നെ നിരവധി ആഖ്യാതാക്കള്‍ മഹാഭാരതത്തിനുണ്ട്. വ്യാസന്‍ ഗണപതിയോട് പറയുന്ന കഥ; വൈശമ്പായനന്‍ ജനമേജയനോട് പറയുന്ന കഥ; ഉഗ്രശ്രവസ്സ് ശൌനകാദിമുനിമാരോട് പറയുന്ന കഥ; സഞ്ജയന്‍ ധൃതരാഷ്ട്രരോട് പറയുന്ന കഥ; ഇങ്ങനെ നാല് ആഖ്യാതാക്കളെ നേരിട്ടുകാണാം. ഉപാഖ്യാനങ്ങളുടെ അവതാരകരായി അനവധിപേര്‍ വേറെയും. അനവധി നൂറ്റാണ്ടുകള്‍കൊണ്ട് പടിപടിയായി മഹാഭാരതം വികാസംപ്രാപിച്ചതിന്റെ തെളിവാണ് ആഖ്യാതാക്കളുടെ ഈ പെരുപ്പം.

മഹാഭാരതം എന്ന പേര് തുടക്കംമുതലേ മഹാഭാരതത്തിനില്ല എന്നതും ശ്രദ്ധിക്കണം. മഹാഭാരതത്തിലെ വന്ദനശ്‌ളോകം അനുസരിച്ചുതന്നെ അതിന്റെ ആദ്യരൂപത്തിന്റെ പേര് ‘ജയം’ എന്നാണ്. 8000 ശ്‌ളോകങ്ങളുള്ള ആദ്യരൂപം. ഇതിന്റെ സമാഹര്‍ത്താവാകാം കൃഷ്ണദ്വൈപാനവ്യാസന്‍ എന്ന് കരുതുന്ന പഠിതാക്കളുണ്ട്. പിന്നീട് ‘ജയം’ 24000 ശ്‌ളോകങ്ങളുള്ള ‘ഭാരതസംഹിതയായും ഒടുവില്‍ ഒരുലക്ഷം ശ്‌ളോകങ്ങളുള്ള, ‘ശതസഹസ്രീസംഹിത’ എന്ന് അഞ്ചാം നൂറ്റാണ്ടിലെ ഖോഹശാസനം വിശേഷിപ്പിക്കുന്ന, മഹാഭാരതമായും മാറുന്നു. ഈ അവസാനരൂപത്തിനാണ് മഹാഭാരതം എന്ന പേരുള്ളത്. ‘ജയത്തിനും മഹാഭാരതം എന്ന അന്തിമരൂപത്തിനും ഇടയില്‍ 1000 മുതല്‍ 1200 വര്‍ഷങ്ങള്‍വരെ അകലമുണ്ടെന്ന് മഹാഭാരതപഠിതാക്കള്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇങ്ങനെ പല പേരുകളില്‍, പല പടവുകള്‍ പിന്നിട്ടാണ് മഹാഭാരതം നിലനിന്നത്. വ്യാസമഹാഭാരതം എന്ന് ആലങ്കാരികമായി പറയാമെന്നല്ലാതെ അത്തരമൊരു ഏകീകൃതപാഠമായി അത് നിലനിന്നിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം.

വ്യാസന്‍ തന്റെ അഞ്ചു ശിഷ്യന്മാരെയാണ് ശുകന്‍, സുമന്തു, പൈലന്‍, വൈശമ്പായനന്‍, ജൈമിനി മഹാഭാരതം പഠിപ്പിച്ചത്. അതില്‍ വൈശമ്പായനന്റെ പാഠമാണ് മഹാഭാരതമായി നാമിപ്പോള്‍ പൊതുവെ മനസ്സിലാക്കിവരുന്നത്. എന്നാല്‍, വൈശമ്പായനനെപ്പോലെ വ്യാസശിഷ്യനായ ജൈമിനിയുടെ മഹാഭാരതപാഠവും ലഭ്യമാണ്. പൂര്‍ണരൂപത്തിലല്ല; അശ്വമേധപര്‍വംമാത്രം. ജൈമിനിയുടെ മഹാഭാരതത്തിന്റെ സവിശേഷത അത് പാണ്ഡവര്‍ക്കു പകരം കൌരവരെ നായകപദവിയില്‍ പ്രതിഷ്ഠിക്കുന്നു എന്നതാണ്. എം ടി വാസുദേവന്‍നായര്‍ മഹാഭാരതത്തെ വളച്ചൊടിച്ചു എന്ന് അധിക്ഷേപിക്കുന്ന ഹിന്ദുത്വവാദികള്‍ വ്യാസശിഷ്യനായ ജൈമിനിയുടെ മഹാഭാരതത്തെ എങ്ങനെയാണ് കാണുക? 1916 മുതല്‍ 1966 വരെയുള്ള അരനൂറ്റാണ്ടുകാലംകൊണ്ട് മഹാഭാരതത്തിന്റെ ശുദ്ധപാഠം (രൃശശേരമഹ ലറശശീിേ) തയ്യാറാക്കിയ സൂക്തങ്കാറും സുഹൃത്തുക്കളായ പണ്ഡിതന്മാരും ഒരുലക്ഷം ശ്‌ളോകങ്ങളില്‍നിന്ന് 27000 ശ്‌ളോകങ്ങള്‍ പ്രക്ഷിപ്തങ്ങള്‍ (പില്‍ക്കാലത്തെ കൂട്ടിച്ചേര്‍ക്കലുകള്‍) എന്ന നിലയില്‍ ഒഴിവാക്കുകയുണ്ടായി. അക്ഷയപാത്രകഥയും വസ്ത്രാക്ഷേപവേളയില്‍ കൃഷ്ണന്‍ ദ്രൌപദിയെ അനുഗ്രഹിക്കുന്ന കഥയും വ്യാസന്‍ ഗണപതിക്ക് പറഞ്ഞുകൊടുത്ത് എഴുതിച്ചതാണ് മഹാഭാരതം എന്ന ഭാഗവുമെല്ലാം സൂക്തങ്കാര്‍ ശുദ്ധപാഠത്തില്‍നിന്ന് ഒഴിവാക്കി. ഇതിനെല്ലാംശേഷം ആ ശുദ്ധപാഠം മഹാഭാരതം എന്നപേരില്‍ത്തന്നെയാണ് അറിയപ്പെടുന്നത്? ഹിന്ദുത്വവാദികള്‍ അതിനെ എങ്ങനെ വിശദീകരിക്കും?

വാസ്തവത്തില്‍ മഹാഭാരതം എന്ന പേരില്‍ ഇന്ത്യയിലുടനീളം പ്രചരിച്ചത് മഹാഭാരതത്തിന്റെ മൂലപാഠമൊന്നുമല്ല. (ശുദ്ധപാഠനിര്‍മാണത്തിന് ഇന്ത്യയിലെമ്പാടുംനിന്നായി മഹാഭാരതത്തിന്റെ ആയിരത്തിമുന്നൂറോളം ഹസ്തലിഖിതപാഠങ്ങള്‍ ശേഖരിച്ച സൂക്തങ്കാര്‍ക്ക് പൂര്‍ണരൂപത്തിലുളള പത്ത് മഹാഭാരതപാഠങ്ങള്‍ മാത്രമാണ് കിട്ടിയത്!). ഇന്ത്യയിലെ വിഭിന്ന ജനസമൂഹങ്ങള്‍ തങ്ങളുടെ ആവശ്യങ്ങള്‍ക്കും അഭിരുചികള്‍ക്കും അനുസരിച്ച് പൊളിച്ചുപണിയുകയും പുനരാഖ്യാനംചെയ്യുകയും ചെയ്ത മഹാഭാരതപാഠങ്ങളാണ് ‘മഹാഭാരതം’എന്ന പേരില്‍ ഇന്ത്യയില്‍ നിലനിന്നുപോന്നത്. എഴുത്തച്ഛനും സരളദാസനും പമ്പയും എല്ലാം മഹാഭാരതത്തെ ഇങ്ങനെ പലരീതികളില്‍ പൊളിച്ചുപണിതിട്ടുണ്ട്. എഴുത്തച്ഛന്റെ മഹാഭാരതം കിളിപ്പാട്ടില്‍ ഭഗവദ്ഗീത ആറേഴുവരികളില്‍ അദ്ദേഹം അവസാനിപ്പിച്ചിട്ടുണ്ട്. എണ്ണൂറോളം ശ്‌ളോകങ്ങളുള്ള, മഹാഭാരതത്തിന്റെ ഹൃദയം എന്നൊക്കെ വിശേഷിപ്പിക്കപ്പെടുന്ന ഭഗവദ്ഗീത അപ്പാടെ വിട്ടുകളയാന്‍ എഴുത്തച്ഛന് മടിയൊന്നും ഉണ്ടായിരുന്നില്ല. ഇത് എഴുത്തച്ഛന്റെമാത്രം കാര്യമല്ലതാനും. ഇന്ത്യയിലെ മധ്യകാലകവികളും നാടോടിഗായകരുമെല്ലാം മഹാഭാരതം എന്നപേരില്‍ അവതരിപ്പിച്ചത് അവരവരുടെ പുനരാഖ്യാനങ്ങളാണ്. അതിപ്പോഴും തുടരുന്നുമുണ്ട്. ചിത്രകഥകളായും ബാലസാഹിത്യരചനകളായും സംഗ്രഹരൂപത്തിലുള്ള കഥകളായും ടെലിവിഷന്‍ പരമ്പരയായും നൃത്തശില്‍പ്പങ്ങളായും നാടകങ്ങളായും ബാലെയായും ഒക്കെ എത്രയോ വിഭിന്നരൂപങ്ങളില്‍ മഹാഭാരതം ആവിഷ്‌കരിക്കപ്പെട്ടിരിക്കുന്നു; ഇപ്പോഴും ആവിഷ്‌കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. മഹാഭാരതം എന്ന പേരില്‍ അറിയപ്പെടുമ്പോള്‍ത്തന്നെ അവയൊന്നും വ്യാസമഹാഭാരതത്തെ അതേപടി പിന്‍പറ്റുന്നില്ല. അവയൊക്കെ അതതിന്റെ ആവശ്യത്തിനും അഭിരുചിക്കും ഇണങ്ങുന്ന മട്ടില്‍ മഹാഭാരതത്തെ പുനരാഖ്യാനംചെയ്യുകയാണ്. ‘മഹാഭാരതം’ എന്ന പേരില്‍ത്തന്നെ അരങ്ങേറിയ ഈ പുനരാഖ്യാനങ്ങളുടെ പരമ്പരയില്‍ ആധുനിക ഇന്ത്യയിലുണ്ടായ ഏറ്റവും മികച്ച പുനരാഖ്യാനങ്ങളിലൊന്നാണ് രണ്ടാമൂഴം. സംഘപരിവാറിന് അതിനോടുള്ള വിദ്വേഷത്തിന് കാരണം മറ്റുപലതുമാണ്. അതിന് മഹാഭാരതത്തിന്റെ വ്യാസപാഠത്തോടോ പുനരാഖ്യാനത്തേടോ ഒന്നും ഒരു ബന്ധവുമില്ല.

ഏറ്റവും പ്രാഥമികമായ നിലയില്‍ മഹാഭാരതം ഒരു മതഗ്രന്ഥമല്ല. പ്രാചീന ഇന്ത്യയുടെ ചരിത്രത്തിലെ ബഹുസ്വരാത്മകപാരമ്പര്യത്തിന്റെ ഏറ്റവും വലിയ നിക്ഷേപങ്ങളിലൊന്നാണത്. തദ്ദേശീയ ഗോത്രജനതയുടെ ജീവിതമുദ്രകളും കുലപാരമ്പര്യവുംമുതല്‍ വര്‍ണധര്‍മവും ബൌദ്ധപാരമ്പര്യവുംവരെയുളള വിഭിന്ന ജീവിതസംസ്‌കാരങ്ങള്‍ തമ്മില്‍ത്തമ്മില്‍ ഇണങ്ങിയും ഇടഞ്ഞും നിലകൊള്ളുന്ന ഒരു വിശാലഭൂമികയാണ് മഹാഭാരതത്തിന്റേത്. ഈ ബൃഹദ്പാരമ്പര്യത്തെയും അതിന്റെ വൈവിധ്യവൈരുധ്യങ്ങളെയും തമസ്‌കരിച്ച് തങ്ങളുടെ ഏകാത്മകമായ മതഗ്രന്ഥമാക്കി അതിനെ വെട്ടിയൊതുക്കാനാണ് ഹിന്ദുത്വം പണിപ്പെടുന്നത്. എം ടിക്കും രണ്ടാമൂഴത്തിനും എതിരായ ആക്രോശങ്ങളിലും ഈ അജന്‍ഡ ഒളിഞ്ഞിരിപ്പുണ്ട്. പ്രാചീന ഇന്ത്യയെയപ്പാടെ ഹൈന്ദവവല്‍ക്കരിക്കാനുള്ള, ഹൈന്ദവഫാസിസ്റ്റുകളുടെ ദീര്‍ഘകാലരാഷ്ട്രീയകാര്യപരിപാടിയിലെ സമകാലികപ്രയോഗങ്ങളിലൊന്നാണത്. ജനാധിപത്യമതനിരപേക്ഷവാദികള്‍ അത് ഒരുനിലയ്ക്കും വകവച്ചുകൊടുത്തുകൂടാ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News