കര്‍ഷരെ വെടിവച്ചു കൊന്ന ബിജെപി സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തം; മുഖ്യമന്ത്രി സ്ഥലം സന്ദര്‍ശിക്കാതെ മൃതദേഹങ്ങള്‍ സംസ്‌കരിക്കില്ലെന്ന് പ്രതിഷേധക്കാര്‍

ദില്ലി: മധ്യപ്രദേശില്‍ കര്‍ഷരെ പൊലീസ് വെടിവച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. മുഖ്യമന്ത്രി ശിവരാജ് ചൗഹാന്‍ സ്ഥലം സന്ദര്‍ശിക്കാതെ വെടിയേറ്റ് മരിച്ച കര്‍ഷകരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കില്ലെന്ന നിലപാടിലാണ് പ്രതിഷേധക്കാര്‍. അതേസമയം, പൊലീസ് വെടിവെപ്പ് നടത്തിയിട്ടില്ലെന്ന വിചിത്ര നിലപാട് ആഭ്യന്തരമന്ത്രി ഭൂപേന്ദ്രസിംഗ് ആവര്‍ത്തിച്ചു.

ഒരാഴ്ചയായി തുടരുന്ന സമരം സര്‍ക്കാര്‍ അവഗണിക്കുന്നതില്‍ പ്രതിഷേധിച്ച് നൂറുകണക്കിനു കര്‍ഷകരാണ് തലസ്ഥാനമായ ഭോപാലിനു സമീപം ഒത്തുചേര്‍ന്നത്. ശക്തമായ സമരത്തിനിടെ കര്‍ഷകര്‍ പച്ചക്കറികളും മറ്റും നിരത്തിലേക്ക് വലിച്ചെറിഞ്ഞ് പ്രതിഷേധിച്ചു. സമരക്കാര്‍ക്കുനേരെ വെടിയുതിര്‍ത്തതോടെ രോഷാകുലരായ കര്‍ഷകര്‍ പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചു. പ്രദേശത്തേക്ക് കൂടുതല്‍ പൊലീസുകാരെ വിന്യസിച്ചു. പ്രക്ഷോഭം നേരിടുന്നതിന്റെ ഭാഗമായി ഇന്റര്‍നെറ്റ് അടക്കമുള്ള സേവനങ്ങള്‍ തടഞ്ഞു. മുഖ്യമന്ത്രിയുമായി കര്‍ഷകര്‍ നടത്താനിരുന്ന കൂടിക്കാഴ്ച വെടിവയ്പിനെ തുടര്‍ന്ന് റദ്ദാക്കി.

മന്ദ്‌സോര്‍ ജില്ലയിലെ പിപാലിയ പ്രദേശത്ത് പൊലീസ് സ്‌റ്റേഷനു മുന്നില്‍ തടിച്ചുകൂടിയ കര്‍ഷകര്‍ സുരക്ഷാവേലി തകര്‍ത്തതോടെയാണ് പൊലീസ് വെടിവച്ചത്. സംഭവത്തില്‍ മൂന്നുപേര്‍ തല്‍ക്ഷണം മരിച്ചു. ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കയാണ്. രോഷാകുലരായ കര്‍ഷകര്‍ മൌനസിറാബാദ് റോഡ് മണിക്കൂറുകളോളം ഉപരോധിച്ചു.

വെടിവയ്പിനെത്തുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പ്രക്ഷോഭം പടരുന്നതായി റിപ്പോര്‍ട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളില്‍ പൊലീസും കര്‍ഷകരും ഏറ്റുമുട്ടി. ഇന്‍ഡോര്‍, ഉജ്ജയിന്‍, ദേവാസ് തുടങ്ങിയ പ്രദേശങ്ങളില്‍ ഇന്റര്‍നെറ്റ് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ തടഞ്ഞു. മരിച്ചവരുടെ കുടുംബത്തിന് അഞ്ചുലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് ഒരുലക്ഷം വീതവും ധനസഹായം അനുവദിച്ചതായി മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here