ഫസല്‍ കേസില്‍ പുനരന്വേഷണം വേണം; സുബിഷിന്റെ വാര്‍ത്താസമ്മേളനം ആര്‍എസ്എസ് നേതാക്കളെ രക്ഷപ്പെടുത്താന്‍: പി ജയരാജന്‍

തിരുവനന്തപുരം: ഫസല്‍ സംഭവത്തിലെ യഥാര്‍ഥ കുറ്റവാളി സുബീഷിന്റെ വാര്‍ത്താസമ്മേളനം ആര്‍എസ്എസ് നേതാക്കളെ രക്ഷപ്പെടുത്താനാണെന്ന് സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ പ്രസ്താവനയില്‍ പറഞ്ഞു.

സുബീഷിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തുന്നതിന് രണ്ടുവര്‍ഷം മുമ്പ് 2014 ല്‍ തന്റെ പങ്കാളിത്തം തുറന്നുസമ്മതിച്ച് നടത്തിയ ഫോണ്‍ സംഭാഷണത്തിന്റെ ഓഡിയോ റിക്കാര്‍ഡ് പുറത്തുവന്നിട്ടുണ്ട്. ഇതുസംബന്ധിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ആ സംഭാഷണം കൃത്രിമമായി ഉണ്ടാക്കിയതെന്നാണ് സുബീഷ് പറയുന്നത്. അങ്ങനെയെങ്കില്‍ ഫോണ്‍സംഭാഷണം ഉള്‍പ്പെടെയുള്ള എല്ലാ കാര്യങ്ങളും സിബിഐ അന്വേഷിക്കണം.

പടുവിലായി മോഹനന്‍ വധക്കേസില്‍ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുമ്പോള്‍ തന്നെ മര്‍ദിച്ചാണ് ഫസല്‍കേസിലെ പങ്കാളിത്തം പറയിപ്പിച്ചതെന്നാണ് സുബീഷ് ഇപ്പോള്‍ പറയുന്നത്. കോടതിയില്‍ ഹാജരാക്കുമ്പോള്‍ മജിസ്‌ട്രേട്ട് രേഖപ്പെടുത്തിയ സുബീഷിന്റെ മൊഴിയില്‍ ‘തന്നെ ദേഹോപദ്രവം ഏല്‍പ്പിച്ചിട്ടില്ല’ എന്ന് രണ്ടിടത്ത് രേഖപ്പെടുത്തിയിട്ടുണ്ട്. അപ്പോള്‍ മര്‍ദിച്ചാണ് പൊലീസ് മൊഴി രേഖപ്പെടുത്തിയതെന്ന ബിജെപിക്കാരുടെ വാദവും പൊളിയുകയാണ്.

സുബീഷിന്റെ മൊഴിയില്‍ പറയുന്ന ഫസല്‍ സംഭവത്തിലെ ഷിനോജ് എന്ന ആര്‍എസ്എസ്സുകാരന്റെ ഫോണ്‍ സംഭാഷണവും പുറത്തുവന്നിട്ടുണ്ട്. അതും പൊലീസ് മൊഴി രേഖപ്പെടുത്തുന്നതിന് മുമ്പാണ്. മാത്രമല്ല സുബീഷിന്റെ കുറ്റസമ്മത മൊഴിയെ തുടര്‍ന്ന് ഭയന്ന് ഷിനോജ് ആറ്റിങ്ങല്‍ ആര്‍എസ്എസ് കാര്യാലയത്തില്‍ എത്തിയതായി മുന്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വിഷ്ണുവിന്റെ മൊഴി പൊലീസിലും കോടതിയിലും രേഖപ്പെടുത്തിയിട്ടുമുണ്ട്. ഇങ്ങനെ ഫസല്‍സംഭവത്തിലെ ആര്‍എസ്എസ് പങ്കാളിത്തം എത്ര മായ്ച്ചാലും ഇല്ലാതാവില്ല.

സുബീഷിന്റെ കുറ്റസമ്മതമൊഴി പ്രകാരം ആര്‍എസ്എസ് പ്രചാരകന്‍ ഇരിങ്ങാലക്കുടക്കാരന്‍ അജിത്തിനും ഡയമണ്ട്മുക്കിലെ ശശി എന്ന ആര്‍എസ്എസ് നേതാവിനുമുള്ള പങ്കാളിത്തം വെളിപ്പെടുത്തിയിട്ടുണ്ട്. ഇങ്ങനെ ഫസല്‍ വധത്തില്‍ ആര്‍എസ്എസ് നേതാക്കള്‍ക്കുള്ള പങ്കാളിത്തംകൂടി അന്വേഷണത്തിലൂടെ പുറത്തുവരുമെന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിലെ ഭരണസ്വാധീനം ഉപയോഗിച്ച് തുടരന്വേഷണം നടത്താതിരിക്കാന്‍ ശ്രമിക്കുന്നത്. അതിന്റെ ഭാഗമാണ് ആര്‍എസ്എസ്സുകാര്‍ കാവല്‍നിന്ന് നടത്തിയ വാര്‍ത്താസമ്മേളനം. ഇതുകൊണ്ടൊന്നും യാഥാര്‍ഥ്യം മറച്ചുവയ്ക്കാന്‍ കഴിയില്ലെന്ന് ആര്‍എസ്എസ് നേതൃത്വം മനസിലാക്കണം.
യഥാര്‍ഥ കൊലയാളികളായ ആര്‍എസ്എസ്സുകാരെ രക്ഷപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാരിനെയടക്കം ഉപയോഗിച്ച് നടത്തുന്ന ശ്രമങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ട് നേതൃത്വവും ഒളിച്ചുകളി തുടരുകയാണ്. ഇതിനെതിരെയും ജനം പ്രതികരിക്കണമെന്ന് പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here