ഫ്രഞ്ച് കോര്‍ട്ടില്‍ പുതു വിപ്ലവം; സീഡില്ലാതാരം യെലേനയ്ക്ക് കിരീടം

റോളണ്ട് ഗാരോസിലെ കോര്‍ട്ടില്‍ പുതു വിപ്ലവം എഴുതിച്ചേര്‍ത്താണ് ലാത്വിയന്‍ കൗമാരതാരം കിരീടത്തില്‍ മുത്തമിട്ടത്. മൂന്നാം സീഡ് സിമോണ ഹാലപ്പിനെ അട്ടിമറിച്ച് സീഡില്ലാ താരം യെലേന ഒസ്റ്റാപെങ്കോ ചരിത്രം കുറിച്ചു. ഒന്നാം സെറ്റ് നഷ്ടപ്പെട്ട ശേഷമായിരുന്നു യെലേനയുടെ തകര്‍പ്പന്‍ തിരിച്ചുവരവ്.

ഫ്രഞ്ച് ഓപ്പണിനൊപ്പം ലോക ഒന്നാം റാങ്കും സ്വപ്‌നംകണ്ടിറങ്ങിയ സിമോണയ്ക്ക് മറക്കാനാകാത്ത രാത്രിയായിരുന്നു ലാത്വിയന്‍ താരം സമ്മാനിച്ചത്. ആദ്യ സെറ്റ് നേടി അനായാസം കിരീടത്തിലേക്ക് കുതിച്ച സിമോണയെ ആവേശകരമായ പോരാട്ടത്തിനൊടുവിലാണ് യെലേന മുട്ടുകുത്തിച്ചത്.

ആദ്യ സെറ്റ് 4-6 എന്ന സ്‌കോറിനായിരുന്നു സിമോണ സ്വന്തമാക്കിയത്. എന്നാല്‍ വര്‍ദ്ധിത വീര്യത്തോടെ റാക്കറ്റ് വീശിയ യെലേന പിന്നീടുള്ള രണ്ട് സെറ്റുകള്‍ 6-4, 6-3 എന്ന സ്‌കോറിനായിരുന്നു സ്വന്തമാക്കിയത്.

ലോക റാങ്കിംഗില്‍ 47ാം സ്ഥാനക്കാരിയായ ഇരുപതുകാര യെലേനയുടെ ആദ്യ ഗ്രാന്‍ഡ്സ്ലാം കിരീടത്തിന് കൂടിയായിരുന്നു റോളണ്ട് ഗാരോസ് സാക്ഷിയായത്. ഒരു ഗ്രാന്‍ഡ്സ്ലാം കിരീടം നേടുന്ന ആദ്യ ലാത്വിയന്‍ താരം, ഓപ്പണ്‍ യുഗത്തില്‍ റോളണ്ട് ഗാരോസില്‍ സിംഗിള്‍സ് കിരീടം നേടുന്ന ആദ്യ സീഡില്ലാ താരം തുടങ്ങിയ റെക്കോര്‍ഡുകളും യെലേനയുടെ റാക്കറ്റിന് മുന്നില്‍ ചരിത്രമായി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here