മോദിയുടെ നോട്ട് നിരോധനം പ്രതിഫലിച്ചു; ഇനി ഭീകരമാകും; കര്‍ഷകരെ ആത്മഹത്യയിലേക്കും കലാപത്തിലേക്കും തള്ളിവിട്ടത് നോട്ടു നിരോധനമെന്ന ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചര്‍ച്ചയാകുന്നു

ഭോപ്പാല്‍: നവംബര്‍ എട്ടാം തിയതി രാത്രി നരേന്ദ്രമോദിയെന്ന പ്രധാനമന്ത്രി രാജ്യത്തെ നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിച്ചപ്പോള്‍ തന്നെ പലരും ഇത് ഇന്ത്യയെ പ്രതിസന്ധിയിലേക്ക് നയിക്കുമെന്ന് ചൂണ്ടികാട്ടിയിരുന്നു. ലോകം അംഗീകരിക്കുന്ന സാമ്പത്തിക വിദഗ്ദര്‍ മുതല്‍ സാധാരണക്കാര്‍ വരെ മുറവിളി കൂട്ടിയിട്ടും ശക്തമായ തീരുമാനമെന്ന വീമ്പളക്കല്‍ മോദിയും കൂട്ടരും തുടര്‍ന്നു. സാമ്പത്തിക വിദഗ്ദന്‍കൂടിയായ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംങ് തിരിച്ചടികള്‍ എങ്ങനെയായിരിക്കുമെന്ന് അക്കമിട്ട് നിരത്തിയിട്ടും മോദി അംഗീകരിക്കാന്‍ തയ്യാറിയില്ല.

നോട്ട് അസാധുവാക്കല്‍ കേവലം ഏഴ് മാസം പിന്നിടുമ്പോള്‍ രാജ്യം കടുത്ത പ്രതിസന്ധിയിലാണ്. ഒരു വശത്ത് ജിഡിപി തകര്‍ന്ന് തരിപ്പണമായപ്പോള്‍ മറുവശത്ത് കടം കയറിയ കര്‍ഷകര്‍ ഒരു മുഴം കയറില്‍ ജീവന്‍ ഉപേക്ഷിക്കുകയാണ്. പ്രതിഷേധിക്കുന്ന കര്‍ഷകരെ വെടിവെച്ച് കൊല്ലാന്‍ പോലും മടികാട്ടില്ലെന്ന് മോദിയുടെ ഉത്തമ അനുയായിയും മധ്യപ്രദേശിലെ ബിജെപി മുഖ്യമന്ത്രിയുമായ ശിവ് രാജ്‌സിംഗ് ചൗഹാന്‍ തെളിയിക്കുകയും ചെയ്തു.

കര്‍ഷകരെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിട്ടതിന്റെ യഥാര്‍ത്ഥ കാരണം അതിബുദ്ധിമാനായ പ്രധാനമന്ത്രിയുടെ നോട്ട് നിരോധനമാണെന്ന് ഏവരും വിളിച്ചുപറയുകയാണിപ്പോള്‍. രാജ്യത്തെ പിടിച്ചുലച്ച് കര്‍ഷക ആത്മഹത്യയ്ക്കും കലാപത്തിന് വിത്തു പാകിയത് മോദി സര്‍ക്കാരിന്റെ നോട്ടു നിരോധനമാണെന്ന് അക്കമിട്ട് നിരത്തുകയാണ് പ്രമുഖ ദേശിയ മാധ്യമമായ ഹിന്ദുസ്ഥാന്‍ ടൈംസ്.


നോട്ട് നിരോധനം മാര്‍ക്കറ്റിനെ ശിഥിലമാക്കിയതാണ് കര്‍ഷകരുടെ ജീവിതത്തെ ഇരുട്ടിലാക്കിയതെന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് ചൂണ്ടികാണിക്കുന്നത്. കര്‍ഷകര്‍ തങ്ങളുടെ വസ്തുവിന് പ്രതിഫലം പോലും കിട്ടാതെ യാതന അനുഭവിക്കുന്നതെന്നും ഹിന്ദുസ്ഥാന്‍ ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ലാന്റ് മാര്‍ക്കറ്റ്, കൊടുക്കല്‍ വാങ്ങലുകള്‍, സമ്പാദ്യം, വിത്തുകളുടെ വില, കൂലി തുടങ്ങി എല്ലാ മേഖലകളേയും നോട്ട് നിരോധനം കൂപ്പുകൂത്തിച്ചുകളഞ്ഞു. കര്‍ഷകര്‍ക്ക് പണം വേണ്ടിടത്ത് ചെക്കു നല്‍കുന്ന പുതിയ പ്രവണത ഉടലെടുത്തതും പ്രതിസന്ധി രൂക്ഷമാക്കി.


കാര്‍ഷിക ഉല്‍പന്നങ്ങള്‍ വിറ്റ് കിട്ടുന്ന കാശ് കൊണ്ട് ഉപജീവനം നടത്തിയിരുന്ന ഇവരുടെ ജീവിതത്തിന്റെ താളം തെറ്റിക്കലായിരുന്നു നോട്ടു നിരോധനം. കര്‍ഷകര്‍ തങ്ങള്‍ക്ക് കിട്ടുന്ന ചെക്ക് മാറിയെടുക്കാന്‍ കുറഞ്ഞത് 20 ദിവസങ്ങള്‍ കാത്തിരിക്കേണ്ടി വരുന്നെന്നും ഹിന്ദുസ്ഥാന്‍ ടൈംസ് വരച്ചുകാട്ടുന്നു. മാറിയെടുക്കാന്‍ ഏല്‍പ്പിക്കുന്നവരാകട്ടെ ഇവര്‍ക്ക് കൃത്യമായി കാശ് നല്‍കുകയുമില്ല. ഓരോ നൂറ് രൂപയ്ക്കും കുറഞ്ഞത് രണ്ട് രൂപയെങ്കിലും കര്‍ഷകന്റെ കയ്യില്‍ നിന്നും ഇടനിലക്കാര്‍ തട്ടിയെടുക്കുകയും ചെയ്യും.

കടം വാങ്ങിയ കാശ് തിരിച്ചുകൊടുക്കാന്‍ താമസിക്കുന്നത് പലിശ വര്‍ദ്ധിക്കാന്‍ കാരണമാകുകയും ചെയ്തു. ഭൂമി വിറ്റ് കടം വീട്ടാമെന്ന് കരുതിയവരെയാണ് മോദിയുടെ നോട്ട് നിരോധനം ഏറ്റവും കൂടുതല്‍ പ്രതിസന്ധിയിലാക്കിയത്. ഭൂമിയുടെ വില പകുതിയില്‍ താഴെയായി കുറയുകയായിരുന്നു. മാത്രമല്ല നോട്ട് നിരോധനം വന്നതോടെ സ്ഥലം വാങ്ങാന്‍ ആര്‍ക്കും കഴിയാത്ത സാഹചര്യവും ഉടലെടുത്തു. ആരുടേയും കയ്യില്‍ പണമില്ലാത്ത അവസ്ഥയും പണം ചിലവാക്കാനാകാത്ത അവസ്ഥയുമുണ്ട്. വില്‍ക്കാന്‍ തയ്യാറായിട്ടും കര്‍ഷകരുടെ ഭൂമി ആര്‍ക്കും വേണ്ടാത്ത അവസ്ഥ. അങ്ങനെവരുമ്പോള്‍ കയറെടുക്കുകയും പ്രതിഷേധിക്കുകയും ചെയ്യുന്നത് സ്വാഭാവികമായിരിക്കില്ലെ എന്ന ചോദ്യവും ഉയര്‍ത്തുന്നുണ്ട്.


കര്‍ഷകര്‍ക്ക് അത്താണിയായിരുന്ന കച്ചവടക്കാരുടെ അവസ്ഥയും സമാനമാണ്. വാങ്ങുന്ന വിഭവങ്ങള്‍ വിറ്റ് തീര്‍ക്കാന്‍ സാധിക്കുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. മാര്‍ക്കറ്റില്‍ പെട്ടന്നുണ്ടായ നോട്ട് ദൗര്‍ലഭ്യത്തില്‍ നിന്ന് കരകയറുക എത്ര എളുപ്പമല്ലെന്നതാണ് ഇവരുടെയൊക്കെ ജീവിതങ്ങള്‍ തുറന്നുകാട്ടുന്നത്.

നോട്ട് നിരോധനം രാജ്യത്തെ ദുരിതത്തിലാക്കിയെന്ന യാഥാര്‍ത്ഥ്യം ഇനിയും അംഗീകരിക്കാത്ത മോദിയും കൂട്ടരും മധ്യപ്രദേശിലെ ഗ്രാമങ്ങളിലേക്ക് കടന്നുചെന്നാല്‍ സാമ്പത്തിക വളര്‍ച്ചയെന്ന പൊള്ളവാദത്തിന്റെ തെളിവുകള്‍ കാണാമെന്നും ഹിന്ദുസ്ഥാന്‍ ടൈംസ് വ്യക്തമാക്കുന്നു. അതിഗംഭീരമെന്ന് സ്വയം വിശേഷിപ്പിക്കുമ്പോഴും പാളിപ്പോയ സാമ്പത്തിക നയത്തിന്റെ ശേഷിപ്പുകള്‍ ആ നേതാവിനും കണ്ണുതുറന്ന് കാണാനാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News