ദുല്‍ഖറും പൃഥിയും ഫഹദും നിവിനുമൊക്കെ എന്ത്; സോഷ്യല്‍മീഡിയക്കും മോഹന്‍ലാല്‍ വിസ്മയം; ആരാധകര്‍ ആവേശത്തില്‍

മലയാളത്തിന്റെ മഹാനടനായി തിളങ്ങുന്ന മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയിലും സൂപ്പര്‍ താരം തന്നെയാണ്. മലയാള സിനിമ ചരിത്രത്തിലെ എല്ലാ ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകളും സ്വന്തം പേരിലാക്കിയ ലാലേട്ടന്‍ ട്വിറ്ററിലും വിസ്മയം തീര്‍ത്തും. മലയാളത്തിന് അമ്പത് കോടി ക്ലബ്ബും നൂറ് കോടി ക്ലബ്ബുമെല്ലാം സമ്മാനിച്ച ലാല്‍ ട്വിറ്ററിലും ഒരു നാഴികകല്ല് മലയാളിക്ക് സമ്മാനിച്ചു.

ട്വിറ്ററില്‍ 2 മില്യണ്‍ ഫോളോവേഴ്‌സിനെ സ്വന്തമാക്കിയ ആദ്യ മലയാള താരമെന്ന ഖ്യാതിയാണ് മഹാനടനെ തേടിയെത്തിയത്. ട്വിറ്ററില്‍ ആദ്യമായി ഒരു മില്യണ്‍ പിന്നിട്ട മലയാള താരവും ലാല്‍ ആയിരുന്നു. 2016 ഓഗസ്റ്റിലാണ് മോഹന്‍ലാല്‍ ഈ നേട്ടം സ്വന്തമാക്കിയത്. ഇതിന് ശേഷം ഒരു വര്‍ഷം തികയുന്നതിന് മുമ്പേ 20 ലക്ഷവും കടന്നു മോഹന്‍ലാലിന്റെ ട്വിറ്റര്‍ ഹാന്‍ഡില്‍ ഫോളോ ചെയ്യുന്നവരുടെ എണ്ണമെന്നതാണ് വിസ്മയിപ്പിക്കുന്നത്.

ഉലകനായകന്‍ കമല്‍ഹാസനു പോലും രണ്ട് മില്യണെന്ന സ്വപ്‌നനേട്ടം സ്വന്തമാക്കാനായിട്ടില്ല. മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് എട്ട് ലക്ഷത്തോളമാണ് ഫോളോവേഴ്‌സ്. മലയാളത്തിലെ യുവതലമുറയിലെ സൂപ്പര്‍ താരങ്ങള്‍ക്ക് പോലും മോഹന്‍ലാലിന്റെ പകുതി പോലും സ്വന്തമാക്കാനായിട്ടില്ല. സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന പുതു തലമുറയുടെ പ്രിയ താരവും ലാലേട്ടന്‍ തന്നെയാണെന്നതാണ് ഇത് തെളിയിക്കുന്നത്.

പുതു തലമുറയിലെ ഇഷ്ടതാരം ദുല്‍ഖര്‍ സല്‍മാന് ഏഴ് ലക്ഷത്തോളം ഫോളോവേഴ്‌സ് ആണുള്ളത്. പൃഥ്വിയ്ക്കാകട്ടെ ഒരു ലക്ഷം ഫോളോവേഴ്‌സ് പോലുമില്ല. രണ്ട് ലക്ഷത്തി മുപ്പത്തിയാറായിരത്തിന് മുകളില്‍ നിവിന്‍ പോളിയുടെ ഫോളോവേഴ്‌സ്. ഫഹദിന് ഒന്നേകാല്‍ ലക്ഷത്തിനകത്തുമാത്രമാണ് ഫോളോവേഴ്‌സ്.

1000 കോടിയുടെ മഹാഭാരതയില്‍ നായകനായി മോഹന്‍ലാലിനെ പ്രഖ്യാപിക്കപ്പെട്ടതും കെ ആര്‍ കെ ട്വിറ്ററിലൂടെ അധിക്ഷേപ പരാമര്‍ശം നടത്തിയതിനെ തുടര്‍ന്നുണ്ടായ ചര്‍ച്ചകളും ലാലേട്ടന് ഫോളോവേഴ്‌സ് വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel