സംഘ്പരിവാറിന്റെ കടന്നാക്രമണങ്ങളെ ജനാധിപത്യരീതിയില്‍ നേരിടുമെന്ന് സീതാറാം യെച്ചൂരി; ആര്‍എസ്എസിന്റെ ശത്രുപക്ഷത്ത് മുസ്ലിങ്ങളും ക്രിസ്ത്യാനികളും കമ്മ്യൂണിസ്റ്റുകാരും

തൃശൂര്‍: ആര്‍എസ്എസ്-ബിജെപി സംഘത്തിന്റെ കടന്നാക്രമണങ്ങളെ ജനാധിപത്യരീതിയില്‍ പ്രതിരോധം തീര്‍ത്ത് നേരിടുമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സിപിഐഎമ്മിനും ഇടതുപക്ഷത്തിനും എതിരായ ആര്‍എസ്എസ്-ബിജെപി സംഘത്തിന്റെ കടന്നാക്രമണങ്ങളെ ഇതിന് മുമ്പും നേരിട്ടിട്ടുണ്ട്. ഇനിയും അതുപോലെ തന്നെ നേരിടും. എന്നാല്‍ ജനാധിപത്യരീതിയില്‍ പ്രതിരോധം തീര്‍ത്താണ് നേരിടുകയെന്നും അദ്ദേഹം പറഞ്ഞു.

സിപിഐഎമ്മിനെയും എല്‍ഡിഎഫിനെയും ദുര്‍ബലപ്പെടുത്താനാണ് ആര്‍എസ്എസ് ശ്രമം. അടുത്ത ത്രിപുര തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി സിപിഐഎമ്മിനെ പരാജയപ്പെടുത്താനുള്ള ശ്രമമാണ് ആര്‍എസ്എസ് നടത്തുന്നത്. ത്രിണമൂലിനെ ഉപയോഗപ്പെടുത്തിയാണ് ഈ നീക്കം. വലിയ തുക ചിലവഴിച്ച് എംഎല്‍എമാരെ വിലക്കെടുക്കുകയാണ്. ഇതോടൊപ്പം കേരളത്തിലെ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനവുമോ എന്നും നോക്കുന്നുണ്ട്. ആര്‍എസ്എസിന്റെ ഹിന്ദുരാഷ്ട്രം കെട്ടിപ്പടുക്കാനുള്ള നീക്കത്തിന് തടസമായി നില്‍ക്കുന്ന മൂന്ന് വിഭാഗങ്ങളെയാണ് ആര്‍എസ്എസ് ശത്രുക്കളായി കാണുന്നത്. മുസ്ലികളും ക്രിസ്ത്യാനികളും കമ്മ്യൂണിസ്റ്റുകളുമാണ് ഇവരുടെ ശത്രുപക്ഷത്തുള്ളത്. ത്രിപുര ബിജെപിയുടെ വാട്ടര്‍ലൂ ആയിരിക്കുമെന്നും യെച്ചൂരി പറഞ്ഞു.

കാശ്മീര്‍ പ്രശ്‌നം രൂക്ഷമായത് മോദി സര്‍ക്കാരിന്റെ പരാജയമാണ്. അധികാരത്തിന് വേണ്ടി വിരുദ്ധ ആശയമുള്ള പാര്‍ട്ടികളുടെ സഖ്യമാണ് കാശ്മീരില്‍ അധികാരത്തിലുള്ളത്. അവര്‍ക്ക് കാശ്മീര്‍ പ്രശ്‌നം പരിഹരിക്കാന്‍ കഴിയില്ല. രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുന്നതില്‍ നിര്‍ണ്ണായക സ്ഥാനം വഹിക്കുന്ന സൈന്യത്തെ പരസ്യ വിവാദത്തിലേക്ക് വലിച്ചിഴക്കരുതെന്നാണ് സൈനിക ഉദ്യോഗസ്ഥരോടും രാഷ്ട്രീയപാര്‍ട്ടികളോടും അഭ്യര്‍ഥിക്കാനുള്ളത്.

ബിജെപി തുടര്‍വിജയങ്ങള്‍ നേടുന്നുവെന്നത് പ്രചരണം മാത്രമാണ്. ദില്ലി, ബീഹാര്‍, പഞ്ചാബ് എന്നിവിടങ്ങളിലെല്ലാം പരാജയപ്പെട്ടു. യുപിയില്‍ മതേതരവോട്ടുകള്‍ ഭിന്നിച്ചത് കൊണ്ടുമാത്രമാണ് ബിജെപി വിജയിച്ചത്. മൂന്ന് ശതമാനം വോട്ട് കുറവാണ് ബിജെപിക്ക് ലഭിച്ചത്. കോണ്‍ഗ്രസും ബിഎസ്പിയും എസ്പിയും ഒന്നിച്ച് മല്‍സരിച്ചിരുന്നുവെങ്കില്‍ മൂന്നൂറിലേറെ സീറ്റ് നേടുമായിരുന്നു. ബിജെപി വെറും 90 സീറ്റില്‍ ഒതുങ്ങുമായിരുന്നു. ഈ വസ്തുതകള്‍ മറച്ചുവെച്ചാണ് ബിജെപി തുടര്‍വിജയങ്ങള്‍ നേടുന്നുവെന്ന് പ്രചരിപ്പിക്കുന്നതെന്നും യെച്ചൂരി പറഞ്ഞു.

കോണ്‍ഗ്രസുമായി ഏതെങ്കിലും വിധത്തിലുള്ള തെരഞ്ഞെടുപ്പ് സഖ്യമോ ധാരണയോ ഉണ്ടാക്കില്ല. ഇത് സംബന്ധിച്ച് കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസ് എടുത്ത തീരുമാനമാനത്തില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്നും അദ്ദേഹം വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മറ്റ് പ്രതിപക്ഷപാര്‍ട്ടികളുമായി യോജിച്ച് സ്ഥാനാര്‍ഥിയെ കണ്ടെത്താനുള്ള ശ്രമം നടക്കുകയാണ്. രാഷ്ട്രപതി സ്ഥാനാര്‍ഥി ആരാവണമെന്നത് സംബന്ധിച്ച പ്രധാനമന്ത്രി പ്രതിപക്ഷപാര്‍ട്ടികളുമായി ചര്‍ച്ച നടത്തുന്ന പതിവ് മോദി ലംഘിച്ചിരിക്കയാണ്. നരസിംഹറാവുവും എബി വാജ്‌പേയയിയും മന്‍മോഹന്‍സിംഗും അടക്കമുള്ളവര്‍ ഈ കീഴ്വഴക്കം പാലിച്ചിരുന്നെന്നും അദേഹം പറഞ്ഞു.

രാജ്യസഭയിലെക്ക് താന്‍ വീണ്ടും മത്സരിക്കില്ലെന്നും യെച്ചൂരി വ്യക്തമാക്കി. രണ്ട് തവണയില്‍ കൂടുതല്‍ സിപിഐഎം ആര്‍ക്കും അവസരം നല്‍കാറില്ല. ആ കീഴ്‌വഴക്കം ജനറല്‍ സെക്രട്ടിയായ താന്‍ ലംഘിക്കില്ലെന്നും യെച്ചൂരി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News