തിരുവന്‍ വണ്ടൂര്‍ ഗ്രാമപഞ്ചായത്ത് ഭരണം ബിജെപിക്ക് നഷ്ടപ്പെട്ടു; വര്‍ഗീയത കലര്‍ത്തിയതിന്റെ പ്രത്യാഘാതം

ചെങ്ങന്നൂര്‍: തിരുവന്‍ വണ്ടൂര്‍ ഗ്രാമപഞ്ചായത്ത് ഭരണം ബിജെപിക്ക് നഷ്ടമായി. ആലപ്പുഴ ജില്ലയില്‍ ബിജെപി ഭരിച്ചിരുന്ന ഏക പഞ്ചായത്താണിത്. ബിജെപിയുടെ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവര്‍ക്കെതിരെ യുഡിഎഫും കേരള കോണ്‍ഗ്രസ് മാണി വിഭാഗവും കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി.

പ്രസിഡന്റ് ജലജ രവീന്ദ്രനെതിരെ കോണ്‍ഗ്രസ് അംഗമായ ഹരികുമാര്‍ മൂരിത്തിട്ടാണ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. വൈസ് പ്രസിഡന്റ് മോഹനന്‍ വലിയ വീട്ടിലിനെതിരെ കേരള കോണ്‍ഗ്രസ് മാണി വിഭാഗം അംഗം ഏലിക്കുട്ടി കുര്യാക്കോസ്് അവിശ്വാസ പ്രമേയം അവതരിപ്പിച്ചു.

പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ചെങ്ങന്നൂര്‍ ബിഡിഒ എസ് ഹര്‍ഷന്‍ വരണാധികാരിയായി. 13 അംഗങ്ങളുള്ള ഗ്രാമ പഞ്ചായത്ത് ഭരണസമിതിയില്‍ ബിജെപി 6, എല്‍ഡിഫ് 2, കേരള കോണ്‍ഗ്രസ് മാണി 3, യുഡിഎഫ് 2 എന്നിങ്ങനെയാണ് കക്ഷി നില. എല്‍ഡിഎഫ് അംഗങ്ങള്‍ കൂടി പിന്തുണച്ചതോടെയാണ് പ്രമേയം പാസായത്.

ആറിനെതിരെ ഏഴ് വോട്ടുകള്‍ക്കാണ് ഇരു പ്രമേയവും പാസായത്. ഒന്നര വര്‍ഷമായി ഗ്രാമ പഞ്ചായത്തു ഭരണത്തില്‍ നടന്ന അഴിമതിക്കും സ്വജന പക്ഷപാതത്തിനും എതിരെയായിരുന്നു പ്രമേയം.

ബിജെപിയുടെ ദുര്‍ഭരണത്തിനെതിരായ വിധിയെഴുത്താണ് വിജയമെന്നും ഭരണം ലഭിച്ചതു മുതല്‍ പഞ്ചായത്തിലെ വിവിധ പദ്ധതികളിലുള്‍പ്പെടെ വര്‍ഗീയത കലര്‍ത്തിയതിന്റെ പ്രത്യാഘാതമാണ് ഭരണം നഷ്ടപ്പെടാന്‍ കാരണമെന്നും സിപിഐഎം ജില്ലാ സെക്രട്ടറി സജി ചെറിയാന്‍, എല്‍ഡിഎഫ് ചെങ്ങന്നൂര്‍ നിയോജക മണ്ഡലം കണ്‍വീനര്‍ എംഎച്ച് റഷീദ് എന്നിവര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here