കശാപ്പ് നിരോധനത്തില്‍ സുപ്രികോടതി ഇടപെട്ടു; മലയാളികളുടെ ഹര്‍ജിയില്‍ കേന്ദ്രത്തിന് നോട്ടീസ്

ദില്ലി: കന്നുകാലികളെ കശാപ്പിനായി ചന്തകളില്‍ വില്‍ക്കുന്നത് വിലക്കിയ വിജ്ഞാപനത്തിനെതിരായ ഹര്‍ജികളില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ്. രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കണമെന്ന് ജസ്റ്റിസുമാരായ ആര്‍ കെ അഗര്‍വാള്‍, എസ് കെ കൌള്‍ എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചു. അടിയന്തരവാദം കേട്ട് വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. കേന്ദ്രസര്‍ക്കാരിന്റെ അഭിപ്രായംകൂടി അറിഞ്ഞശേഷം നിലപാട് അറിയിക്കാമെന്ന് കോടതി വ്യക്തമാക്കി. കേസ് ജൂലൈ 11ന് വീണ്ടും പരിഗണിക്കും.

മാട്ടിറച്ചിനിരോധനമല്ല വിജ്ഞാപനത്തിന്റെ ലക്ഷ്യമെന്ന് കേന്ദ്രസര്‍ക്കാരിനുവേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പി എസ് നരസിംഹ വാദിച്ചു. മറ്റ് രാജ്യങ്ങളിലേക്കുള്ള കന്നുകാലിക്കടത്ത് തടയുകയെന്ന ഉദ്ദേശ്യത്തോടെ സുപ്രീംകോടതി ഉത്തരവ് പ്രകാരമാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. മാംസവ്യാപാരത്തിന് പ്രത്യേക വില്‍പ്പന കേന്ദ്രങ്ങള്‍ ഉണ്ടാക്കാനും പദ്ധതിയുണ്ട് അദ്ദേഹം പറഞ്ഞു.

മലയാളിയായ സാബു സ്റ്റീഫനും മുഹമ്മദ് അബ്ദുല്‍ ഹാഷിം ഖുറേഷിയും നല്‍കിയ ഹര്‍ജികളാണ് സുപ്രീംകോടതി പരിഗണിച്ചത്. തങ്ങളുടെ വാദംകേള്‍ക്കാതെ തീരുമാനം എടുക്കരുതെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ തടസ്സഹര്‍ജി നല്‍കിയിരുന്നു. കേസില്‍ കക്ഷിചേരാന്‍ അഖിലേന്ത്യാ കിസാന്‍സഭയ്ക്കും ബ്രഹ്മഗിരി ഡെവലപ്‌മെന്റ് സൊസൈറ്റിക്കും കോടതി അനുമതി നല്‍കി.

ഭക്ഷ്യ ആവശ്യങ്ങള്‍ക്കായി മൃഗങ്ങളെ കൊല്ലുന്നത് മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമത്തിലെ 11(3)(ഇ) വകുപ്പ് പ്രകാരം അനുവദനീയമാണെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. രാജ്യത്ത് 70 ശതമാനവും മാംസാഹാരികളാണ്. വിജ്ഞാപനം പുറപ്പെടുവിച്ചതിലൂടെ കേന്ദ്രം സംസ്ഥാനങ്ങളുടെ അധികാരം ഹനിക്കുകയാണ്. കേന്ദ്രസര്‍ക്കാര്‍ മേയ് 23ന് ഇറക്കിയ വിജ്ഞാപന പ്രകാരം മൃഗബലിക്കായി കന്നുകാലികളെ വില്‍ക്കുന്നതും നിരോധിച്ചിട്ടുണ്ട്.

എന്നാല്‍, മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമത്തിന്റെ 28ാം വകുപ്പ് പ്രകാരം മതപരമായ ആവശ്യങ്ങള്‍ക്ക് മൃഗങ്ങളെ ബലി കൊടുക്കുന്നത് അനുവദിച്ചിട്ടുണ്ട് ഹര്‍ജിക്കാര്‍ വാദിച്ചു. വിജ്ഞാപനം ന്യൂനപക്ഷ അവകാശങ്ങളുടെയും മതസ്വാതന്ത്യ്രത്തിന്റെയും ലംഘനമാണെന്നും ഹര്‍ജിയിലുണ്ട്. സാബു സ്റ്റീഫനുവേണ്ടി അഡ്വ. വി കെ ബിജുവും അഖിലേന്ത്യാ കിസാന്‍സഭയ്ക്കും ബ്രഹ്മഗിരി ഡെവലപ്‌മെന്റ് സൊസൈറ്റിക്കുംവേണ്ടി അഡ്വ. സുഭാഷ്ചന്ദ്രനും ഹാജരായി.

വിവാദവും പ്രതിഷേധവുമുയര്‍ത്തിയ വിജ്ഞാപനം നേരത്തേ മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. കേരളം, മേഘാലയ നിയമസഭകള്‍ കേന്ദ്രവിജ്ഞാപനത്തിനെതിരെ പ്രമേയവും പാസാക്കി. പ്രതിഷേധം വ്യാപകമായ സാഹചര്യത്തില്‍ വിജ്ഞാപനത്തില്‍ മാറ്റംവരുത്താന്‍ തയ്യാറാണെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ജനങ്ങളുടെ ആശങ്ക ദുരീകരിക്കുംവിധം അന്തിമ വിജ്ഞാപനത്തില്‍ മാറ്റമുണ്ടാകുമെന്ന് കേന്ദ്ര വനംപരിസ്ഥിതി മന്ത്രി ഹര്‍ഷ വര്‍ധന്‍ പറഞ്ഞു. സംസ്ഥാനങ്ങളുടെയും സംഘടനകളുടെയും പരാതി പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News