തൃശൂര്‍ ജില്ലയിലെ സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍ നാളെ മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്

തൃശൂര്‍: വേതന വര്‍ദ്ധനവ് ആവശ്യപ്പെട്ട് തൃശൂര്‍ ജില്ലയിലെ സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍ നാളെ മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്. സര്‍ക്കാര്‍ ആശുപത്രികളിലേതിന് തുല്യമായ ശമ്പളം നല്‍കാനും, വിവിധ കമ്മീഷനുകള്‍ നിര്‍ദ്ദേശിച്ച അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാനും മാനേജ്‌മെന്റുകള്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് സമരം. അത്യാഹിത വിഭാഗത്തിലുള്ളവര്‍ ഒഴികെ മറ്റെല്ലാ നഴ്‌സുമാരും പണിമുടക്കില്‍ പങ്കെടുക്കും.

മുന്‍കാല സമരങ്ങള്‍ ഒത്തുതീര്‍പ്പാക്കാന്‍ വിവിധ കമ്മീഷനുകള്‍ നിര്‍ദ്ദേശിച്ച നിബന്ധനകള്‍ ആശുപത്രി മാനേജ്‌മെന്റുകള്‍ നടപ്പാക്കാന്‍ തയ്യാറായിട്ടില്ല. ഇതിനു പുറമെ ജോലിക്കനുസരിച്ചുള്ള വേതനമെന്ന അടിസ്ഥാന ആവശ്യത്തെയും അംഗീകരിക്കാതെ വന്നതോടെയാണ് നഴ്‌സുമാര്‍ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുന്നത്. പ്രതിഷേധത്തിന്റെ ആദ്യപടിയെന്ന നിലയില്‍ യൂണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ ശക്തികേന്ദ്രമായ തൃശൂര്‍ ജില്ലയില്‍ പണിമുടക്ക് ആരംഭിക്കുന്നത്. സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ അടക്കം ജില്ലയിലെ നാല്‍പ്പത്തിനാല് ആശുപത്രികളിലാണ് സമരം

അയ്യായിരത്തിനധികം നഴ്‌സുമാരാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്. അത്യാഹിത വിഭാഗത്തില്‍ ചികിത്സ മുടങ്ങാതിരിക്കാന്‍ ചുരുക്കം നഴ്‌സുമാര്‍ ജോലിക്കെത്തും. ഇവര്‍ ഈ ദിവസങ്ങളിലെ ശമ്പളം വാങ്ങാതെയാണ് പ്രതിഷേധത്തില്‍ പങ്കാളികളാകുന്നത്. ഈ മാസം ഇരുപത്തിയേഴിന് നടക്കുന്ന യോഗത്തില്‍ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ സംസ്ഥാനത്തെ നൂറ്റിയമ്പതോളം ആശുപത്രികളിലേക്ക് സമരം വ്യാപിപ്പിക്കാനാണ് യുഎന്‍എയുടെ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel