സിപിഐഎം കോയമ്പത്തൂര്‍ ജില്ലാകമ്മിറ്റി ഓഫീസിനുനേരേ ബോംബേറ്; തുടര്‍ച്ചയായ ആക്രമണം വര്‍ഗീയതയ്‌ക്കെതിരെ അടിയുറച്ച പോരാട്ടം നടത്തുന്നതുകൊണ്ട്

കോയമ്പത്തൂര്‍: സിപിഐഎം കോയമ്പത്തൂര്‍ ജില്ലാകമ്മിറ്റി ഓഫീസിനുനേരേ ബോംബേറ്. കോയമ്പത്തൂര്‍ ഗാന്ധിപുരത്തെ ഓഫീസിനുനേരെ ശനിയാഴ്ച പുലര്‍ച്ചെ ആറിനാണ് പെട്രോള്‍ ബോംബെറിഞ്ഞത്. ബോംബേറില്‍ ഓഫീസിനു മുന്നില്‍ നിര്‍ത്തിയിട്ട കാറിന് കേടുപറ്റി. ഓഫീസിന്റെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. ഓഫീസിലുണ്ടായിരുന്ന ഡ്രൈവര്‍ ആനന്ദന്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

എകെജി ഭവനില്‍ അതിക്രമിച്ചുകയറി പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ ആക്രമിച്ച അതേ രാഷ്ട്രീയശക്തികളാണ് കോയമ്പത്തൂരിലെ പാര്‍ട്ടി ഓഫീസ് ആക്രമണത്തിനും പിന്നിലെന്ന് സിപിഐഎം കോയമ്പത്തൂര്‍ ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. വര്‍ഗീയതയ്‌ക്കെതിരെ അടിയുറച്ച പോരാട്ടം നടത്തുന്നതുകൊണ്ടാണ് സിപിഐഎം ഓഫീസുകള്‍ക്കും നേതാക്കള്‍ക്കും നേരെ തുടര്‍ച്ചയായ ആക്രമണം ഉണ്ടാകുന്നത്. കുറ്റക്കാരെ അന്വേഷിച്ച് കണ്ടെത്തണമെന്നും കര്‍ശന നടപടി എടുക്കണമെന്നും സിപിഐഎം ആവശ്യപ്പെട്ടു.

ആക്രമണത്തില്‍ പ്രതിഷേധിച്ച് സിപിഐഎം നേതൃത്വത്തില്‍ കോയമ്പത്തൂര്‍ നഗരത്തില്‍ പ്രകടനവും യോഗവും നടന്നു. കോയമ്പത്തൂര്‍ ശിവാനന്ദ കോളനിയില്‍ നടന്ന പ്രതിഷേധയോഗം സിപിഐഎം ജില്ലാസെക്രട്ടറി വി രാമമൂര്‍ത്തി ഉദ്ഘാടനംചെയ്തു. എല്ലാ മതനിരപേക്ഷ പാര്‍ട്ടികളുടെയും നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here