മരിച്ചരോഗികളെ ചികിത്സിച്ച് സ്വകാര്യ ആശുപത്രികളുടെ കൊള്ളയടി; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍

കൊച്ചി: മരിച്ചരോഗികളെ ചികിത്സിച്ച് സ്വകാര്യ ആശുപത്രികള്‍ ജനങ്ങളെ കൊള്ളയടിക്കുന്നതായി ഫോറന്‍സിക് സര്‍ജന്‍. എറണാകുളം ഗവ. മെഡിക്കല്‍ കോളേജിലെ അസോസിയേറ്റ് ഫോറന്‍സിക് സര്‍ജനും പൊലീസ് സര്‍ജനുമായ ഡോ. ഹിതേഷ് ശങ്കറിന്റേതാണ് വെളിപ്പെടുത്തല്‍.

എറണാകുളത്തും പരിസരങ്ങളിലുമുള്ള ചില സ്വകാര്യ ആശുപത്രികളാണ് ഇത്തരം ചികിത്സ നടത്തുന്നത്. മരണശേഷമാണ് ആശുപത്രിയിലെത്തിച്ചതെന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന ആശുപത്രിക്കാര്‍ തന്നെ പോസ്റ്റ്‌മോര്‍ട്ടത്തിനെത്തിക്കുന്ന മൃതദേഹങ്ങളില്‍ ചികിത്സ നടത്തിയതിന്റെ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ദേശാഭിമാനിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ആത്മഹത്യചെയ്ത യുവതിയുടെ ബന്ധുക്കളില്‍നിന്നും വളരെ നിസ്സഹായാവസ്ഥയില്‍ രോഗിയുമായി ആശുപത്രിയിലെത്തുന്ന ബന്ധുവിനോട് മരണം മറച്ചുവച്ചും അവസാനനിമിഷം പതിനായിരങ്ങള്‍ കൊള്ളയടിച്ച് ‘ചികിത്സിക്കുന്നത്’ ഇപ്പോള്‍ സര്‍വസാധാരണമായിട്ടുണ്ട്. സാധാരണ പോസ്റ്റ്‌മോര്‍ട്ടത്തിനെത്തുന്ന മൃതദേഹപരിശോധനയില്‍ വെന്റിലേറ്റര്‍ നീക്കംചെയ്ത് മരണം നടന്നതായി രേഖപ്പെടുത്തിയ സമയത്തിന് ദിവസങ്ങള്‍ക്കുമുമ്പ് മരണം നടന്നതായി വെളിവാകുന്ന സന്ദര്‍ഭങ്ങള്‍ ഏറെയുണ്ടായിട്ടുണ്ട്.

മരിച്ചശേഷം ആശുപത്രിയിലെത്തിച്ചയാളുടെ വലതുവശത്തെ വാരിയെല്ല് ഹൃദയസ്പന്ദനം വീണ്ടെടുക്കാനായി നെഞ്ചില്‍ മര്‍ദമേല്‍പ്പിക്കുമ്പോള്‍ ഒടിഞ്ഞ സംഭവവുമുണ്ടായി. മര്‍ദമേല്‍പ്പിക്കേണ്ടത് ഇടതുഭാഗത്താണ് എന്ന പ്രാഥമികജ്ഞാനം പോലുമില്ലാത്തവരും സ്വകാര്യ ആശുപത്രി ഡോക്ടര്‍മാരായുണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നത്. ഇത്തരം വിവരങ്ങള്‍ ഫോറന്‍സിക് വകുപ്പ്, ആര്‍ഡിഒ, പൊലീസ് അധികൃതര്‍ എന്നിവര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാറുണ്ട്.

എന്നാല്‍, മരണത്തില്‍ ബന്ധുക്കള്‍ക്ക് സംശയമില്ലാത്തതിനാല്‍ തുടര്‍നടപടിയെടുക്കാറില്ലെന്ന് പൊലീസ് വൃത്തങ്ങളില്‍നിന്ന് അറിയാന്‍ കഴിഞ്ഞു. എലിജിബിലിറ്റി ടെസ്റ്റ് പാസാകാത്തവര്‍ പല സ്വകാര്യ ആശുപത്രികളിലും നിസാര വേതനത്തില്‍ ജോലിചെയ്യുന്നതായും ഡോക്ടര്‍ പറയുന്നു. എറണാകുളത്തെ വന്‍കിട ആശുപത്രികളിലാണ് ഇത് നടക്കുന്നത്.

മെഡിക്കല്‍ കൗണ്‍സിലിന്റെയും സംസ്ഥാന ആരോഗ്യവകുപ്പിന്റെയും ജാഗ്രതയോടെയുള്ള നിരീക്ഷണം കൊണ്ടുമാത്രമെ ഇതിന് തടയിടാന്‍ കഴിയൂവെന്നാണ് ഡോക്ടറുടെ അഭിപ്രായം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News