പ്രണവ് മോഹന്‍ലാല്‍ വിവാഹിതനാകുന്നു; സത്യമെന്ത് - Kairalinewsonline.com
ArtCafe

പ്രണവ് മോഹന്‍ലാല്‍ വിവാഹിതനാകുന്നു; സത്യമെന്ത്

പ്രണയ വിവാഹമാണെന്നും പ്രചരിയ്ക്കുന്നുണ്ട്

മലയാളികളുടെ പ്രിയ താരം മോഹന്‍ലാലിന്റെ മകന്‍ പ്രണവാണ് ഇപ്പോള്‍ ചലച്ചിത്രലോകത്തെ പ്രധാന ചര്‍ച്ചാ വിഷയം. നായകനായി അരങ്ങേറാനൊരുങ്ങുന്നതിന് മുമ്പു തന്നെ ഇത്രത്തോളം ചര്‍ച്ചയായിട്ടുള്ള മറ്റാരും മലയാള ചലച്ചിത്രലോകത്തു തന്നെയില്ല.

എന്നാല്‍ ഇപ്പോള്‍ ചര്‍ച്ചകളെല്ലാം പ്രണവിന്റെ വിവാഹത്തെക്കുറിച്ചാണ്. പ്രണവ് വിവാഹം കഴിക്കാനൊരുങ്ങുന്നുവെന്നാണ് വാര്‍ത്തകള്‍. ഇക്കാര്യം ഓണ്‍ലൈന്‍ മീഡിയകളും ആഘോഷമാക്കിയിട്ടുണ്ട്. വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലും സോഷ്യല്‍ മീഡിയയിലും പ്രണവിന്റെ വിവാഹം തന്നെയാണ് ചര്‍ച്ചാ വിഷയം.

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കിലാണ് ഇപ്പോള്‍ പ്രണവ്. ഈ സിനിമയുടെ ഷൂട്ടിങ് കഴിഞ്ഞാല്‍ ഉടന്‍ പ്രണവിന്റെ വിവാഹം ഉണ്ടാവും എന്നാണ് വാര്‍ത്തകള്‍. ചടങ്ങുകള്‍ വളരെ ലളിതമായിരിക്കുമെന്നും ഇവര്‍ പ്രചരിപ്പിക്കുന്നു. പ്രണയ വിവാഹമാണെന്നും പ്രചരിയ്ക്കുന്ന വാര്‍ത്തകളില്‍ പറയുന്നു. വധു ആരാണെന്ന് മാത്രമാണ് ഇവര്‍ പറയാത്തത്.

എന്നാല്‍ വാര്‍ത്തയോട് പ്രണവും മോഹന്‍ലാലും ബന്ധപ്പെട്ടവരും പ്രതികരിച്ചിട്ടില്ല. പ്രണവിന് പ്രണയമുണ്ടോ എന്ന ചോദ്യത്തോട് ഇതുവരെ പ്രണവോ പ്രണവിനോട് അടുത്ത വൃത്തങ്ങളോ പ്രതികരിച്ചിട്ടില്ല എന്നതാണ് ഈ പ്രണയ വിവാഹ വാര്‍ത്തയ്ക്ക് ആക്കം കൂട്ടുന്നത്.

നായകനായി വരുന്നതിന് മുന്‍പേ തന്നെ പ്രണവിനെ കുറിച്ചുള്ള ഗോസിപ്പുകള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വന്നിരുന്നു. ലൈഫ് ഓഫ് ജോസൂട്ടിയുടെ ചിത്രീകരണത്തിനിടെ നടി ജ്യോതി കൃഷ്ണയുമായി പ്രണവ് പ്രണയത്തിലായി എന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ ജ്യോതിയുടെ വിവാഹ നിശ്ചയം കഴിഞ്ഞതോടെ ആ കിംവദന്തി അവസാനിച്ചു.

എന്തായാലും പ്രണവും ബന്ധപ്പെട്ടവരും പ്രതികരിക്കുന്നതുവരെ പുതിയ കഥകളും പ്രചരണങ്ങളുമുണ്ടാകുമെന്നാണ് വ്യക്തമാകുന്നത്.

To Top