മതിയായ ഉറക്കം ലഭിച്ചില്ലെങ്കില്‍, പ്രശ്‌നം ഗുരുതരം - Kairalinewsonline.com
DontMiss

മതിയായ ഉറക്കം ലഭിച്ചില്ലെങ്കില്‍, പ്രശ്‌നം ഗുരുതരം

മതിയായ ഉറക്കം കിട്ടിയില്ലെങ്കില്‍ ശരീരം പല രീതിയിലാണ് പ്രതികരിക്കുക. ക്ഷീണം മാത്രമല്ല, ഉറക്കം കുറഞ്ഞാല്‍ മറ്റു ഗുരുതര പ്രശ്‌നങ്ങളും ശരീരത്തെ ബാധിക്കും.

നല്ല ഉറക്കം കിട്ടിയില്ലെങ്കില്‍ പിറ്റേദിവസം സാധാരണ മനുഷ്യന് അമിത വിശപ്പ് തോന്നുമെന്ന് സ്വീഡനിലെ ഉപ്‌സല യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ പറയുന്നു. ഇത് ഇടയ്ക്കിടെ ഭക്ഷണം കഴിക്കാന്‍ തോന്നിക്കും. ഉറക്കം കുറയുന്നത് ഭാരം കൂടാനും ടൈപ്പ് 2 ഡയബറ്റിസിനും കാരണമായേക്കാമെന്ന് നേരത്തെയും ചില പഠനങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു. 18 മുതല്‍ 50 വയസ്സുവരെ പ്രായമുള്ള 96 ആരോഗ്യദൃഢഗാത്രരെയാണ് നിരീക്ഷണത്തിന് വിധേയമാക്കിയത്. സ്ലീപ്പ് ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഉറക്കക്കുറവും വൈകിയുള്ള ഉറക്കവും ഹൃദയത്തിന്റെ പ്രവര്‍ത്തനം താളംതെറ്റിക്കും. റേഡിയോളജിക്കല്‍ സൊസൈറ്റി ഓഫ് നോര്‍ത്ത് അമേരിക്ക നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. ഉറക്കമില്ലായ്മ ഹൃദയസ്തംഭനത്തിനും രക്തസമ്മര്‍ദം കൂടാനും ഹൃദയമിടിപ്പുകൂടാനും കാരണമാവും. 24 മണിക്കൂറും ജോലിചെയ്യേണ്ടിവരുന്ന ഇടയ്ക്ക് ശരാശരി മൂന്നുമണിക്കൂര്‍ മാത്രം ഉറങ്ങുന്ന ആരോഗ്യമേഖലയിലെ ജീവനക്കാരുടെ ഹൃദയപരിശോധനയിലാണ് കണ്ടെത്തല്‍. നീണ്ട ജോലിസമയവും അല്പംമാത്രം ഉറക്കവുമുള്ള തൊഴില്‍മേഖലകളിലുള്ളവരിലും ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാമെന്നാണ് വിലയിരുത്തല്‍.

ഉറക്കം കുറയുന്നതിലൂടെ സ്തനാര്‍ബുദത്തിനുള്ള സാധ്യതയും കൂടുതലാണ്. ദിവസവും ആറു മണിക്കൂറില്‍ കുറവ് ഉറങ്ങുന്ന സ്ത്രീകളിലാണ് സ്താനാര്‍ബുദ സാധ്യത കൂടുതലായി കണ്ടെത്തിയത്. പ്രത്യേകിച്ച് ആര്‍ത്തവവിരാമം സംഭവിച്ച സ്ത്രീകളില്‍. കാന്‍സറിന് കാരണമാകുന്ന കാര്‍സിനോജെനിക് പദാര്‍ത്ഥങ്ങളും ഉറക്കവുമായി ബന്ധമുള്ളതായിരിക്കും ഇത്തരം അവസ്ഥയ്ക്കു കാരണമെന്നാണ് ഗവേഷകരുടെ അനുമാനം.

സ്ഥിരമായുള്ള ഉറക്കക്കുറവ് വൃക്കയുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിയ്ക്കും. അമേരിക്കയിലെ ബെര്‍ഗാം ആന്‍ഡ് വിമന്‍സ് ആസ്പത്രിയിലെ വിദഗ്ദരാണ് ഇക്കാര്യം കണ്ടെത്തിയത്. ശരീരം തുലനാവസ്ഥയില്‍ നിലനിര്‍ത്തുന്നതിന് ഉറക്കം പ്രധാനപങ്കു വഹിക്കുന്നതിനാല്‍ ഉറക്കം കുറഞ്ഞാല്‍ ആന്തരീകാവയവങ്ങളുടെ താളം തെറ്റിയ്ക്കും. ഏറ്റവുമധികം ബാധിക്കുന്നത് വൃക്കകളെയാണെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ സിയറന്‍ ജോസഫ് അഭിപ്രായപ്പെട്ടു. പതിനൊന്നു വര്‍ഷം കൊണ്ടാണ് പഠനം പൂര്‍ത്തിയാക്കിയത്. ദിവസേന അഞ്ചു മണിക്കൂര്‍ ഉറങ്ങുന്നവരുടെ വൃക്കകളുടെ പ്രവര്‍ത്തനത്തില്‍ 65 ശതമാനം വരെ കുറവാണ് പഠനത്തില്‍ കണ്ടെത്തിയത് അനുഭവപ്പെട്ടത്.

തലച്ചോറിന്റെ പ്രവര്‍ത്തനത്തെയും ഉറക്കമില്ലായ്മ ഗുരുതരമായി ബാധിക്കും. നന്നായി തലച്ചോര്‍ പ്രവര്‍ത്തിക്കില്ലെന്ന് മാത്രമല്ല ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കില്ല. പെട്ടെന്ന് തീരുമാനമെടുക്കാനും ചിന്തിക്കാനും സാധിക്കില്ല.

Young woman sleeping

നല്ല ഉറക്കകുറവ് ചര്‍മ്മത്തെ ദോഷകരമായി ബാധിക്കും. മുഖത്ത് ചുളിവുകളും വരകളും വീഴും, ഒപ്പം ഡാര്‍ക് സര്‍ക്കിള്‍ കൂടും.

ജേര്‍ണല്‍ ഓഫ് ക്ലിനിക്കല്‍ എന്‍ഡോക്രിനോളജി ആന്റ് മെറ്റബോളിസത്തില്‍ 2002ല്‍ പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധം അനുസരിച്ച് ഇന്‍സോമ്‌നിയ പ്രശ്‌നമുള്ള പുരുഷന്‍മാര്‍ക്ക് ടെടോസ്‌റ്റെറോണ്‍ കുറവായിരിക്കും. ഇത് ഉന്മേഷം കുറയ്ക്കുകയും ലൈംഗിക ചോദന കുറയ്ക്കുകയും ചെയ്യും.

ഡിപ്രഷന് ഉറക്കമില്ലായ്മ കാരണമാകുമെന്ന് അമേരിക്കയില്‍ നടത്തിയ പഠനങ്ങള്‍ തെളിയിച്ചതാണ്. ഡിപ്രഷന്റെ ആദ്യ ലക്ഷണം ഇന്‍സോമ്‌നിയ ആണെന്നും കണ്ടെത്തിയിരുന്നു. ഉറക്കം കുറയും തോറും അത് പ്രതിരോധ ശേഷിയെയും ബാധിക്കും.ഇങ്ങനെ നിരവധി പ്രശ്‌നങ്ങളാണ് ആവശ്യത്തിന് ഉറക്കമില്ലാത്തയാല്‍ പിടിപെടുന്നത്.

To Top