ജനനേന്ദ്രിയം മുറിച്ച കേസ്; കത്തിന് പിന്നില്‍ സംഘ്പരിവാര്‍ ഗൂഡാലോചനയെന്ന് പെണ്‍കുട്ടിയുടെ കാമുകന്‍ - Kairalinewsonline.com
Kerala

ജനനേന്ദ്രിയം മുറിച്ച കേസ്; കത്തിന് പിന്നില്‍ സംഘ്പരിവാര്‍ ഗൂഡാലോചനയെന്ന് പെണ്‍കുട്ടിയുടെ കാമുകന്‍

ഹര്‍ജിയില്‍ ഹൈക്കോടതി പൊലീസിന്റെ വിശദീകരണം തേടി.

കൊച്ചി: ഹരിസ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ പെണ്‍കുട്ടി പ്രതിയുടെ അഭിഭാഷകന് അയച്ച കത്തിന് പിന്നില്‍ സംഘപരിവാര്‍ ഗൂഡാലോചനയെന്ന് കാമുകന്‍. പെണ്‍കുട്ടി അന്യായ തടങ്കലിലാണന്നും മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കാമുകന്‍ അയ്യപ്പദാസ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി നല്‍കി. ഹര്‍ജിയില്‍ ഹൈക്കോടതി പൊലീസിന്റെ വിശദീകരണം തേടി.

സ്വാമി ഗംഗേശാനന്ദ തന്നെ പീഡിപ്പിച്ചിട്ടില്ലെന്നും സ്വാമിയുടെ ലിംഗം മുറിച്ചത് തന്റെ സുഹൃത്ത് അയ്യപ്പദാസാണെന്നും ചൂണ്ടിക്കാട്ടി പെണ്‍കുട്ടി സ്വാമിയുടെ അഭിഭാഷകന് കത്തയച്ചിരുന്നു. ഈ കത്തിനു പിന്നില്‍ സംഘ്പരിവാര്‍ ഗൂഢാലോചനയാണെന്ന് വ്യക്തമാക്കിയാണ് കാമുകന്‍ അയ്യപ്പദാസ് ഹര്‍ജി നല്‍കിയിരിക്കുന്നത്.

നേരത്തെ പൊലീസിനും കോടതിക്കും നല്‍കിയ മൊഴിക്ക് വിരുദ്ധമായ കാര്യങ്ങളാണ് കത്തില്‍ പറയുന്നത്. ഇതിനു പിന്നില്‍ സംഘ്പരിവാറാണ്. പെണ്‍കുട്ടിയെ സ്വാമി കഴിഞ്ഞ മെയ് 19ന് ശാരീരികമായി പീഡിപ്പിച്ചിരുന്നു. അന്ന് പെണ്‍കുട്ടി തന്നെയാണ് ലിംഗം മുറിച്ചത്. പെണ്‍കുട്ടിയെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. മെട്ടച്ചിറയില്‍ അന്യായമായി പാര്‍പ്പിച്ചിരിക്കുന്ന പെണ്‍കുട്ടിയെ മോചിപ്പിക്കാന്‍ കോടതി ഇടപെടണമെന്നും അയ്യപ്പദാസ് സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ പറയുന്നു.

സത്യം പുറത്ത് വരാന്‍ പെണ്‍കുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ഹര്‍ജിയില്‍ കോടതി പൊലീസിന്റെ വിശദീകരണം തേടി. ഈ മാസം 26ന് ഹര്‍ജി ഹൈക്കോടതി പരിഗണിക്കും.

To Top