ബുക്കര്‍ തിളക്കം സ്വന്തമാക്കിയ ഡേവിഡ് ഗ്രേസ്മാനെ അറിയണം; 'എ ഹോഴ്‌സ് വോക്‌സ് ഇന്‍ടു എ ബാര്‍' അനിയന്ത്രിതമായ മനുഷ്യസമൂഹത്തിന്റെ കഥ - Kairalinewsonline.com
Awards

ബുക്കര്‍ തിളക്കം സ്വന്തമാക്കിയ ഡേവിഡ് ഗ്രേസ്മാനെ അറിയണം; ‘എ ഹോഴ്‌സ് വോക്‌സ് ഇന്‍ടു എ ബാര്‍’ അനിയന്ത്രിതമായ മനുഷ്യസമൂഹത്തിന്റെ കഥ

ഡൊവാല്‍ ഗീ എന്ന ഹാസ്യതാരത്തിന്റെ നെഞ്ചിനുള്ളില്‍ ഏറെ കാലമായി ഒളിപ്പിച്ചുവെച്ച മുറിവുകളുടെ തുറന്നുകാട്ടലാണ് ഈ പുസ്തകം

ഇസ്രയേലി നഗരത്തിലെ ഒരു കോമഡി ക്ലബിന്റെ പശ്ചാത്തലത്തില്‍ ലളിതമായ വാങ്മയചിത്രമൊരുക്കിയ ഗ്രേസ്മാന് മാന്‍ ബുക്കര്‍ പുരസ്‌കാരം. ജറുസലേമില്‍ ജനിച്ച് ഇസ്രയേല്‍ സാഹിത്യലോകത്ത് വേരുറപ്പിച്ച പ്രമുഖ എഴുത്തുകാരന്‍ ഡേവിഡ് ഗ്രേസ്മാന്റെ ‘എ ഹോഴ്‌സ് വോക്‌സ് ഇന്‍ടു എ ബാര്‍’ എന്ന നോവലിനാണ് 2017ലെ മാന്‍ ബുക്കര്‍ അന്താരാഷ്ട്ര പുരസ്‌കാരം ലഭിച്ചത്.

കഴിഞ്ഞ ദിവസമാണ് ഡേവിഡ് ഗ്രേസ്മാനെന്ന ഇടതുപക്ഷ ഇസ്രയേലി സമാധാന പ്രവര്‍ത്തകനെ അവാര്‍ഡ് ജേതാവായി പ്രഖ്യാപിച്ചത്. ഡൊവാല്‍ ഗീ എന്ന ഹാസ്യതാരത്തിന്റെ നെഞ്ചിനുള്ളില്‍ ഏറെ കാലമായി ഒളിപ്പിച്ചുവെച്ച മുറിവുകളുടെ തുറന്നുകാട്ടലാണ് ഈ പുസ്തകം. വായനക്കാരുടെ അവലോകനങ്ങളില്‍ ഇത് വെറുമൊരു ഇസ്രയേലിയുടെ കഥയല്ലെന്നും തീര്‍ത്തും അനിയന്ത്രിതമായി മുന്നേറുന്ന ഇസ്രയേലി സമൂഹത്തിന്റെയും മനുഷ്യരുടെയും കഥയാണെന്നും പറയുന്നു.

`എ ഹോഴ്‌സ് വോക്‌സ് ഇന്‍ടു എ ബാര്‍’ അസാധാരണത്വം നിറഞ്ഞ ദുഖത്തിന്റെ ആഴങ്ങളിലേക്കുള്ള കടന്നുചെല്ലലാണ്. എല്ലാത്തിലും നര്‍മ്മം കണ്ടെത്തുന്ന ഒരാളുടെ വാക്കുകളിലൂടെ മാതാപിതാക്കളില്‍ ഒരാളെ നഷ്ടപ്പെട്ടതിന്റെ ദൗര്‍ഭാഗ്യം വിവരിക്കുമ്പോള്‍ പലപ്പോഴും നര്‍മ്മം അതിന്റെ ലക്ഷ്യം കാണുന്നില്ല. വായനക്കാരന്റെ കണ്ണില്‍ അയാള്‍ പലപ്പോഴും ചിതറിയ കാഴ്ചയാകുന്നു.

ഈ പുരസ്‌കാരം നേടിയ ആദ്യ ഇസ്രയേലി സാഹിത്യകാരന്‍ എന്ന ബഹുമതിയും ഗ്രേസ്മാനുണ്ട്. പാരിതോഷികമായി ലഭിച്ച അര ലക്ഷം പൗണ്ട് (40.9ലക്ഷം രൂപ) പുസ്തകത്തിന്റെ പരിഭാഷക ജെസീക്ക കോഹനുമായി അദ്ദേഹം പങ്കിട്ടു. 1970തുകളില്‍ സാഹിത്യരംഗത്തെത്തിയ ഗ്രോസ്മാന് ഒട്ടേറെ ദേശീയ, അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 1986ല്‍ പ്രസിദ്ധീകരിച്ച ‘സീ അണ്ടര്‍ ലവ്’ ആണ് അദ്ദേഹത്തിന്റെ മികച്ച സൃഷ്ടിയായി നിരൂപകര്‍ വിലയിരുത്തുന്നത്. ആഭ്യന്തരയുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സിറിയന്‍ സര്‍ക്കാരിനുമേല്‍ ഉപരോധമേര്‍പ്പെടുത്തണമെന്ന് 2011ല്‍ ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയോട് അഭ്യര്‍ഥിച്ച ഏഴ് പ്രമുഖസാഹിത്യകാരന്മാരില്‍ ഒരാളാണ് ഗ്രേസ്മാന്‍

To Top