സീതയെ കട്ടത് രാവണനല്ല, സീരിയല്‍ മുതലാളി വായിക്കേണ്ടത് എന്തിനെന്ന് ഓര്‍മ്മിപ്പിച്ച് വൈശാഖന്റെ വായന ദിന ലേഖനം

ഇന്ത്യയിലെ ഇതരസംസ്ഥാനങ്ങളെ അപേക്ഷിച്ച് നമ്മുടെ കേരളത്തിലായിരിക്കും ഏറ്റവും കൂടുതല്‍ പുസ്തകങ്ങള്‍ അച്ചടിക്കുകയും വില്‍ക്കപ്പെടുകയും ചെയ്യുന്നത്. കേരള സര്‍ക്കാരും ഗ്രന്ഥശാലാസംഘവും കേരള സാഹിത്യ അക്കാദമിയും മറ്റ് സാംസ്‌കാരികസ്ഥാപനങ്ങളും പുസ്തകവായനയെ പ്രോത്സാഹിപ്പിക്കാനായി നിരവധി പരിപാടി ആവിഷ്‌കരിച്ച് നടപ്പാക്കിവരുന്നുണ്ട്. മലയാളം മിഷനും മാതൃഭാഷയുടെ ഉന്നമനത്തിനും പ്രചാരത്തിനുമായി പുതിയ പദ്ധതികളുമായി മുന്നിലുണ്ട്. വായനദിനവും വായനവാരവും വായനപക്ഷവും വായനമത്സരങ്ങളും നമ്മള്‍ ആഘോഷമായി കൊണ്ടാടുന്നുമുണ്ട്. ഇതെല്ലാം ഉള്ളപ്പോഴും നമ്മുടെ പൊതുജീവിതത്തില്‍ വായനയുടെ സംസ്‌കാരം വേണ്ടത്ര പ്രകാശിതമാകുന്നുണ്ടോ എന്ന ആശങ്ക നിലനില്‍ക്കുന്നു.

വായനയും പുസ്തകങ്ങളും മലയാളിയുടെ സംസ്‌കാരരൂപീകരണത്തില്‍ മുഖ്യപങ്കുവഹിച്ച ഒരു കാലം ഉണ്ടായിരുന്നു. പിന്നീട് ശാസ്ത്രസാങ്കേതികവിദ്യയുടെ ഉല്‍പ്പന്നങ്ങളായി പുതിയ മാധ്യമങ്ങള്‍ വ്യാപകമായി. സിനിമ, ടെലിവിഷന്‍, ഇന്റര്‍നെറ്റ് എന്നിങ്ങനെ പുതിയ തലമുറയെ ആകര്‍ഷിക്കുന്ന നിരവധി മാധ്യമങ്ങള്‍ നമ്മുടെ സംസ്‌കാരത്തില്‍ ശക്തമായ സ്വാധീനം ചെലുത്തിത്തുടങ്ങി. ഇത്തരം മാധ്യമങ്ങള്‍ മിക്കതും ലാഭേച്ഛയോടെമാത്രം പ്രവര്‍ത്തിക്കുന്ന കുത്തകകളുടെ സ്വന്തമാണ്. വിനോദത്തെ വ്യവസായമാക്കി ലാഭമുണ്ടാക്കുക എന്നതാണ് അവരുടെ ലക്ഷ്യം. ജീവിതാവസ്ഥയെക്കുറിച്ച് ചിന്തിക്കാനോ വിശകലനംചെയ്യാനോ പ്രേരിപ്പിക്കാത്ത പലായനസ്വഭാവമാണ് അത്തരം മാധ്യമങ്ങള്‍ക്കുള്ളത്. ഇതോടൊപ്പം മറ്റൊരു പ്രശ്‌നംകൂടി നിലവിലുണ്ട്. വിദ്യാഭ്യാസം എന്നത് തൊഴില്‍ നേടാനും പണമുണ്ടാക്കാനുംമാത്രമുള്ള ഒരു അഭ്യാസമായി മാറിയിരിക്കുന്നു എന്നതാണ് ആ പ്രശ്‌നം. മാനുഷികതയുള്ള വിദഗ്ധരെ സൃഷ്ടിക്കുന്ന വിദ്യാഭ്യാസസമ്പ്രദായമാണോ ഇന്ന് നമുക്കുള്ളത്? സവിശേഷവിഷയങ്ങള്‍ പഠിക്കുന്നതോടൊപ്പം കലയും സാഹിത്യവുംകൂടി ഉണ്ടെങ്കിലേ മനുഷ്യത്വത്തിലേക്ക് ഒരാള്‍ക്ക് വികസിക്കുവാന്‍ കഴിയൂ. സമൂഹം എന്ന യാഥാര്‍ഥ്യം പുതിയ തലമുറയുടെ മാനസികലോകത്തില്‍ ഉണ്ടോ എന്നതുതന്നെ സംശയകരമാണ്.

രാമാനന്ദസാഗറിന്റെ രാമായണം സീരിയല്‍ വരുന്നതിനുമുമ്പ് ആയിരം കുട്ടികള്‍ രാമായണം വായിച്ചാല്‍, അവര്‍ ആയിരം സീതമാരെ ഭാവനയില്‍ നിര്‍മിക്കുമായിരുന്നു. സീരിയല്‍ വന്നതോടെ ഈ ആയിരം കുട്ടികളുടെയും സീത ഒരു ഉത്തരേന്ത്യന്‍ നടിയായി മാറി. അവരുടെ മനസ്സില്‍ ഉണ്ടായിരുന്ന സീതയെ മോഷ്ടിച്ചുകൊണ്ടുപോയത് രാവണനല്ല, സീരിയല്‍ മുതലാളിയാണ്. സീരിയലിന്റെ പിറ്റേദിവസം മേല്‍പ്പറഞ്ഞ സീത ഒരു പ്രത്യേകം ഇനം സോപ്പിന്റെ പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ട് ആ സോപ്പ് ആവശ്യപ്പെടുന്നതും കാണാം. ഇങ്ങനെയാണ് വിപണിയും ജനപ്രിയകലകളും ചേര്‍ന്ന് അടിമമനസ്സുകളെ സൃഷ്ടിക്കുന്നത്. സ്വതന്ത്രമായി ചിന്തിച്ച് ആരോഗ്യകരമായ ഒരു ജീവിതവീക്ഷണം കരുപ്പിടിപ്പിക്കാന്‍ കച്ചവടകല സഹായിക്കുകയില്ല. മനസ്സിനെ സര്‍ഗാത്മകമാക്കാനും സഹായിക്കുകയില്ല. ഇതിന് ഒരേയൊരു പോംവഴി വായന മാത്രമാണ്. ലോകോത്തര സിനിമകള്‍ അഗാധമായ ചിന്തകള്‍ ഉളവാക്കുന്നവയാണെങ്കിലും പുസ്തകത്തെപ്പോലെ സാധാരണജനങ്ങളിലേക്ക് എത്തിപ്പെടുന്നില്ല.

സ്വാമി വിവേകാനന്ദന്‍ പറഞ്ഞ ഒരു കാര്യമുണ്ട്. മനസ്സ് തേനീച്ചക്കൂടുപോലെയാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. പുതിയ ആശയങ്ങള്‍ സ്വീകരിക്കാന്‍ പുതിയ അറകള്‍ ഉണ്ടാകണം. ഉണ്ടായില്ലെങ്കില്‍ മനസ്സ് യാഥാസ്ഥിതികത്വത്തില്‍ ഉറച്ചുനില്‍ക്കും. ഇപ്പോള്‍ ഭൂതകാലം വര്‍ത്തമാനകാലത്തിനുമേല്‍ പിടിമുറുക്കുന്ന കാഴ്ചയാണ് കാണുന്നത്. സമൂഹത്തെ വിഭജിക്കാന്‍ ഈ ഭൂതകാല ആധിപത്യം ശക്തമായി ശ്രമിക്കുകയാണ്. സ്വതന്ത്രമായി യുക്തിബോധത്തോടെ ചിന്തിക്കുന്ന ഒരു തലമുറയെ സൃഷ്ടിക്കാന്‍ വായന അത്യന്താപേക്ഷിതമാണ്. വായനയിലൂടെ സര്‍ഗാത്മകമാകുന്ന മനസ്സുകള്‍ക്ക് പുതിയ ആശയങ്ങള്‍ ആവിഷ്‌കരിക്കാനും സ്വീകരിക്കാനും കഴിയും. മനുഷ്യമോചനത്തിലേക്കുള്ള പ്രകാശപാതയാണ് വായന

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here