നരേന്ദ്ര മോഡി ഇന്ത്യ ഭരിക്കുന്നെങ്കില്‍ സഘപരിവാര്‍ തെരുവ് ഭരിക്കുന്നു; സത്യാനന്തര കാലഘട്ടത്തിലെ ഫാസിസം — ഡോ. ജെ പ്രഭാഷിന്റെ നിരീക്ഷണങ്ങള്‍

നമ്മുടേത് സത്യാനന്തരകാലഘട്ടമാണെന്നാണ് പൊതുവായ ധാരണ. നാം ഫാഷിസ്റ്റ് പൂര്‍വ്വ കാലഘട്ടത്തില്‍ എത്തിയെന്നാണ് അതിന്റെ വ്യംഗാര്‍ത്ഥം. മതേതരത്വംപോലുള്ള പല വാക്കുകള്‍ക്കും അര്‍ത്ഥവിലോപം സംഭവിച്ചിരിക്കുന്നു — ഡോ. ജെ പ്രഭാഷിന്റെ നിരീക്ഷണങ്ങള്‍
നമ്മുടേത് സത്യാനന്തര post truth കാലഘട്ടമാണെന്നാണ് പൊതുവായ ധാരണ. ഇത് വളരെ അപകടകരമായ ഒരവസ്ഥയാണ്. നാം ഫാസിസ്റ്റ് പൂര്‍വ കാലഘട്ടത്തില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു എന്നാണ് വ്യംഗ്യാര്‍ഥം. ദാര്‍ശനികമായി ചിന്തിച്ചാല്‍, ഇത് സത്യത്തോടുള്ള ഫാസിസ്റ്റ് സമീപനത്തിന്റെ ഉദാഹരണമാണ്. സത്യവും വസ്തുതകളും അതിന് ഒരിക്കലും പഥ്യമായിരുന്നില്ലെന്നാണ് ചരിത്രം അടയാളപ്പെടുത്തുന്നത്. മിത്തുകളും മുദ്രാവാക്യങ്ങളുമായിരുന്നു അതിന് പ്രിയപ്പെട്ടവ. മാധ്യമമാകട്ടെ, പ്രചാരണത്തിന്റെ ഉപാധിയും.

വസ്തുതകളുടെ/സത്യത്തിന്റെ നിരാസം സ്വാതന്ത്ര്യത്തിന്റെ നിരാസംകൂടിയാണ്. ഭരണകൂടത്തിനെതിരെ ഉയരുന്ന വിമര്‍ശങ്ങളുടെ മുന ഒടിക്കാനും ഇത് സഹായകരമാകും. കാരണം, പ്രചാരണത്തിന് propaganda വിരുദ്ധമായി, വിമര്‍ശം നിലനില്‍ക്കുന്നത് വസ്തുതകളില്‍മാത്രമാണ്. അപ്പോള്‍, വസ്തുതകള്‍ ഇല്ലെങ്കില്‍ വിമര്‍ശവും സ്വാതന്ത്യ്രവും ഇല്ലെന്നുവരും. ഉള്ളത് കേവലം കെട്ടുകാഴ്ചകള്‍മാത്രമാകും.

ഇത്തരം ചില കെട്ടുകാഴ്ചകളുടെ നടുവിലൂടെയാണ് വര്‍ത്തമാനകാല ഇന്ത്യന്‍ രാഷ്ട്രീയം കടന്നുപോകുന്നത്. രാജ്യം നേരിടുന്ന എല്ലാപ്രശ്‌നങ്ങളുടെയും പരിഹാരമാര്‍ഗം ഉള്ളംകൈയില്‍ ഒതുക്കിവച്ചിരിക്കുന്ന നരേന്ദ്ര മോഡി എന്ന നേതാവാണ് കെട്ടുകാഴ്ചയിലെ പ്രധാന ആകര്‍ഷകത്വം. എല്ലാക്കാലത്തും ഫാസിസ്റ്റുകള്‍ പറഞ്ഞിരുന്നതുപോലെ, മോഡിക്ക് ബദല്‍ ഇല്ലെന്നും, അദ്ദേഹത്തിനുമാത്രമേ എല്ലാം പരിഹരിക്കാനാവൂ എന്നും അദ്ദേഹത്തിന്റെ അനുചരവൃന്ദം സദാ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു. കോര്‍പറേറ്റ് മാധ്യമങ്ങളാകട്ടെ, ഒരു ചുവടുകൂടി മുന്നോട്ടുപോയി, അദ്ദേഹത്തെ നമ്മുടെ ജിഹ്വയും ശബ്ദവുമായിട്ട് അവതരിപ്പിക്കുന്നു.

കഴിഞ്ഞ മൂന്നു വര്‍ഷമായി വര്‍ധിച്ചത് ദേശദ്രോഹികളുടെ’ എണ്ണംമാത്രമാണ്. ദിനംപ്രതി ഇവരുടെ എണ്ണം ഭരണ- സംഘപരിവാര്‍ നേതൃത്വവും അവരുടെ അണികളും ചേര്‍ന്ന് കൂട്ടിക്കൊണ്ടും ഇരിക്കുന്നു. ഭരണത്തെ വിമര്‍ശിക്കുന്നവര്‍, ചലച്ചിത്രപ്രവര്‍ത്തകര്‍, ന്യൂനപക്ഷങ്ങള്‍, ദളിതര്‍, യുക്തിവാദികള്‍, വിദ്യാര്‍ഥികള്‍, അധ്യാപകര്‍, എഴുത്തുകാര്‍, കര്‍ഷകര്‍, അന്യജാതി- മതത്തില്‍നിന്ന് വിവാഹം കഴിക്കുന്നവര്‍, എല്ലാവരും ദേശദ്രോഹികളുടെ’പട്ടികയില്‍ ഇടംപിടിച്ച് തുടങ്ങിയിരിക്കുന്നു. മതവും മനുവും മാട്ടിറച്ചിയുമാണ് ഇതിനവര്‍ ഉപയോഗിക്കുന്ന ആയുധങ്ങള്‍.

ഇതിലൂടെ അപരനെ സൃഷ്ടിക്കാനും നമ്മുടെ മള്‍ട്ടികള്‍ച്ചറല്‍ പാരമ്പര്യത്തെ ഹിന്ദു മോണോകള്‍ച്ചറാക്കി മാറ്റാനുമാണ് ശ്രമം. കലണ്ടറിന്റെ കാര്യത്തില്‍പ്പോലും വൈവിധ്യമുണ്ടായിരുന്നൊരു രാജ്യമായിരുന്നു നമ്മുടേത് എന്ന് ഓര്‍ക്കുക. പൂര്‍ണവികാസം പ്രാപിച്ച മുപ്പത് കലണ്ടര്‍’ഭാരതത്തില്‍ നിലവില്‍ ഉണ്ടായിരുന്നു എന്നാണ് 1952ല്‍ മേഘനാഥ് സാഹയുടെ അധ്യക്ഷതയില്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച കലണ്ടര്‍ പരിഷ്‌കരണ കമ്മിറ്റി കണ്ടെത്തിയത്. ഇതില്‍ അക്ബറിന്റെ കാലത്തെ താരിഖ് ഇലാഹിയും ഉള്‍പ്പെടുന്നു. വ്യത്യസ്ത മതവിഭാഗങ്ങളുടെ കലണ്ടറുകളുടെ സംയോജനമായിരുന്നു താരിഖ് ഇലാഹി എന്ന വസ്തുതയും ശ്രദ്ധേയമാണ്.

ആരോഗ്യപരമായ വൈവിധ്യങ്ങളെയും അവയെ സമരസ്സപ്പെടുത്താന്‍ നടത്തിയ മുന്‍കാല ശ്രമങ്ങളെയും കെട്ടുകഥകളായി ചിത്രീകരിച്ച് പുച്ഛിച്ചുതള്ളിയാല്‍, പിന്നെ അവശേഷിക്കുന്നത് മൂര്‍ച്ചയേറിയ ഭിന്നതകള്‍മാത്രമാണ്. ഇത്തരം ഭിന്നതകളില്‍ മുട്ടയിട്ട് വളരുക എന്നതാണ് ഫാസിസ്റ്റ് ശൈലി. ഇതാണ് ഇപ്പോള്‍ ഇന്ത്യയിലും സംഭവിച്ചുകൊണ്ടിരിക്കുന്നത്. പശുവിനെയാണ് ഈ ചതുരംഗക്കളിയിലെ കരുവായി വച്ചിരിക്കുന്നത്. ഭൂരിപക്ഷമതവുമായുള്ള അതിന്റെ ബന്ധം സംഘപരിവാറിന്റെ നീക്കങ്ങള്‍ക്ക് ശക്തിപകരുന്നതുമാണ്. ഇതോടെ, പശു ഒരു വളര്‍ത്തുമൃഗത്തിന്റെ പദവിയില്‍നിന്ന് രാഷ്ട്രീയജീവിയുടെ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടു. അതിന് പ്രത്യേകിച്ച് രാഷ്ട്രീയമോ രാഷ്ട്രീയബോധമോ ഇല്ലെങ്കിലും, അത് സംഘപരിവാര്‍ രാഷ്ട്രീയത്തിന്റെ തേരാളിയായി തീര്‍ന്നു.

ഇഷ്ടമുള്ള മതം സ്വീകരിക്കാനും ഒരുവേള ഒരു മതവും വേണ്ടെന്നുവയ്ക്കാനും ഭക്ഷണം കഴിക്കാനും ഇഷ്ടമുള്ളവരെ പ്രണയിക്കാനും ഇഷ്ടമുള്ളത് എഴുതാനും വായിക്കാനുമൊക്കെ ഭരണഘടന അനുവദിക്കുന്നതിനാല്‍ ഇതില്‍ ഇടപെടുന്നതിന് ഭരണകൂടത്തിന് പലവിധ പരിമിതികളുണ്ട്. ഇതുമൂലമാണ് ഇത്തരം കാര്യങ്ങള്‍ നിയന്ത്രിക്കാനുള്ള അധികാരം അത് ശ്രീരാമസേന, ഹനുമാന്‍സേന, പ്രണയവിരുദ്ധസേന’തുടങ്ങിയ തെരുവുസംഘങ്ങള്‍ക്ക് പുറംകരാര്‍ കൊടുത്തിരിക്കുന്നത്. ഇവര്‍ ശരിയുടെ വാഴ്ച’ഉറപ്പാക്കുന്നു. ഈ ശരി’സംഘപരിവാറിന്റെ കാഴ്ചപ്പാടിലുള്ള നല്ലനടപ്പാണെന്നും നാം തിരിച്ചറിയണം. നരേന്ദ്ര മോഡി ഇന്ത്യ ഭരിക്കുന്നെങ്കില്‍, ഇത്തരം സേനകള്‍’തെരുവ് ഭരിക്കുന്നു. മോഡിയുടെ മുദ്രാവാക്യം, മിനിമം ഗവര്‍മെണ്ട് മാക്‌സിമം ഗവേണന്‍സ് എന്നാണല്ലോ. ഇതിന്റെ പ്രായോഗിക പരീക്ഷണമാണ് ഇപ്പോള്‍ നടക്കുന്നത്. മോഡി കേന്ദ്രത്തില്‍ മിനിമം ഗവണ്‍മെന്റ് ഉറപ്പാക്കുമ്പോള്‍, സേനകള്‍ തെരുവില്‍ മാക്‌സിമം ഗവേണന്‍സ് നടപ്പാക്കുന്നു!

സേനകളുടെ’കഴുകന്‍കണ്ണുകള്‍ നമ്മുടെ സ്വകാര്യജീവിതത്തില്‍പോലും പതിയുന്നു. ഇതിലൂടെ, എല്ലായിടത്തും ഫാസിസ്റ്റുകള്‍ ചെയ്യുന്നതുപോലെ, പബ്‌ളിക്കും പ്രൈവറ്റും തമ്മിലുള്ള വ്യത്യാസം ഇല്ലാതാക്കി പൌരന്റെ വ്യക്തിസ്വാതന്ത്യ്രം അപഹരിക്കുക എന്നതാണ് അവരുടെ ലക്ഷ്യം. നമ്മുടെ മനഃസാക്ഷിയുടെ ഉടമസ്ഥാവകാശവും രുചിയുടെ പകര്‍പ്പവകാശവും പ്രണയത്തിന്റെ മേല്‍നോട്ടവും അവര്‍ തീറെടുക്കുന്നു. തെരുവില്‍ ട്രാഫിക്കിനെ നിയന്ത്രിക്കുന്നതുപോലെ നമ്മുടെ ചിന്തയെയും പ്രവൃത്തിയെയും നിയന്ത്രിക്കാന്‍ ശ്രമിക്കുന്നു.

ഈവിധം നിയമം കൈയില്‍ എടുക്കുന്നത് നിയമം നടപ്പാക്കാനാണെന്നാണ് ഇക്കൂട്ടര്‍ പറയുന്നത്. ഭാരതീയമൂല്യങ്ങള്‍’സംരക്ഷിക്കാനാണെന്ന മറ്റൊരു വാദവും ഉയരുന്നു. മറുവശത്ത്, ബലം പ്രയോഗിക്കുന്നത് അഹിംസയ്ക്കുവേണ്ടിയാണെന്നും (ഉദാഹരണം ഗോഹത്യ തടയുക) പറയുന്നു. നിയമം നടപ്പാക്കാന്‍ നിയമം ലംഘിക്കാന്‍ അനുവദിക്കുകയും അഹിംസയുടെ പരിപാലനത്തിനുവേണ്ടി ബലപ്രയോഗം നടത്താന്‍ സമ്മതിക്കുകയും ചെയ്യുന്ന ഒരേ ഒരു രാജ്യം ഇന്ത്യയാണ്. അഹിംസയിലൂടെ ബ്രിട്ടീഷ് കൊളോണിയല്‍ ഭരണം അവസാനിപ്പിച്ചൊരു രാജ്യത്താണ് ഇതെല്ലാം നടക്കുന്നതെന്നത് നാം മൂന്നുവര്‍ഷത്തെ മോഡിഭരണത്തില്‍ എവിടെ നില്‍ക്കുന്നു എന്നതിന്റെ സൂചനകൂടിയാണ്. ഹിന്ദുത്വവാദികള്‍ ആഹാരകാര്യത്തില്‍മാത്രമേ അഹിംസാവാദികള്‍ ആകുന്നുള്ളൂ എന്നതും ശ്രദ്ധേയമാണ്.

ഇപ്പോള്‍ ”തെരുവുസേനകള്‍’പ്രതിപക്ഷ പാര്‍ടികളുടെ സമുന്നതരായ നേതാക്കളെ അവരുടെ ഓഫീസില്‍ കയറി കൈയേറ്റം ചെയ്യാനും തുടങ്ങിയിരിക്കുന്നു. സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കെതിരെ നടന്ന ആക്രമണം ഇതിന്റെ ഉദാഹരണമാണ്. എന്നാല്‍, നമ്മെ ഏറ്റവും കൂടുതല്‍ അലോസരപ്പെടുത്തുന്നത് ഇക്കാര്യത്തില്‍ പ്രധാനമന്ത്രി സ്വീകരിക്കുന്ന മൌനമാണ്. സ്വന്തം മൂക്കിനു താഴെ, രാജ്യതലസ്ഥാനത്തുവച്ച്, ഒരു സമുന്നതനായ രാഷ്ട്രീയനേതാവിനെ ആക്രമിച്ചിട്ടും വാക്കുകൊണ്ടുപോലും അതിനെ അപലപിക്കാന്‍ മുതിരാത്തത് ഇത്തരം കാര്യങ്ങള്‍ക്ക് അദ്ദേഹത്തിന്റെ മൗനാനുവാദം ഉണ്ടെന്നതിന്റെ തെളിവല്ലെങ്കില്‍ മറ്റെന്താണ്?

തങ്ങളുടെ വരുതിക്കു നില്‍ക്കാത്ത മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ ഭരണകൂടം ശ്രമിക്കുന്നു. ടെലിവിഷന്‍ ചാനലുകളുടെ സംപ്രേഷണം നിര്‍ത്തിവയ്പിച്ചും മാധ്യമപ്രവര്‍ത്തകരുടെയും ഉടമസ്ഥരുടെയും വീടുകള്‍ റെയ്ഡ് ചെയ്തും കള്ളക്കേസില്‍ കുടുക്കിയും അത് മുന്നോട്ടുപോകുന്നു. ഇതിന്റെ അവസാനത്തെ ഉദാഹരണമാണ് എന്‍ഡിടിവിയില്‍ സംഭവിച്ചത്. ജെഎന്‍യുവും ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയും ഉള്‍പ്പെടെയുള്ള ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളിലും സംഘപരിവാറിന്റെ അജന്‍ഡ നടപ്പാക്കാനുള്ള ശ്രമത്തിലാണ് മോഡി സര്‍ക്കാര്‍. അറിവിനെ അധികാരത്തിന് കീഴ്‌പ്പെടുത്തേണ്ടത് സ്വന്തം നിലനില്‍പ്പിന് ആവശ്യമാണെന്ന തിരിച്ചറിവാണ് ഇതിനുപിന്നില്‍. ജനാധിപത്യത്തിന്റെ കാലത്ത് ഫാസിസം വരുന്നത് ഗ്യാസ്‌ചേംബറിലൂടെ അല്ലെന്ന് ഇത് നമ്മെ ബോധ്യപ്പെടുത്തുന്നു.

മതത്തെ രാഷ്ട്രീയത്തിനുവേണ്ടി ഉപയോഗിക്കുന്ന പാകിസ്ഥാനിലെയും ബംഗ്‌ളാദേശിലെയും അവസ്ഥയില്‍നിന്ന് നാം ഏറെ അകലെയല്ല കഴിയുന്നതെന്ന് ഇത് നമ്മെ ബോധ്യപ്പെടുത്തുന്നു. ഇന്ന് നമ്മുടെ രാജ്യത്ത് മതനിരപേക്ഷതയെ ഉയര്‍ത്തിപ്പിടിക്കുക എന്നതാണ് ഏറ്റവും ശ്രമകരമായ കാര്യം. സംഘപരിവാറിന്റെ ‘ഭാഷയില്‍ പറഞ്ഞാല്‍ സെക്കുലര്‍ ആവുക എന്നുവച്ചാല്‍ സിക്കുലര്‍ ആവുക എന്നാണര്‍ഥം. സെക്കുലറിസത്തിനുമാത്രമല്ല, മറ്റ് പല വാക്കുകള്‍ക്കും- ജനാധിപത്യം, സ്വാതന്ത്യ്രം, അവകാശം, സുതാര്യത, മാധ്യമസ്വാതന്ത്യ്രം, ദേശീയത- ഈവിധം അര്‍ഥവിലോപം സംഭവിച്ചിരിക്കുന്നു. അതുകൊണ്ടുതന്നെ, അവയുടെ അര്‍ഥം തിരിച്ചുപിടിക്കുക എന്നതാണ് നമ്മുടെ മുന്നിലുള്ള ഏറ്റവും വലിയ ദൌത്യം. വാക്കുകളുടെ അര്‍ഥം തിരിച്ചുപിടിക്കുന്നത് സ്വാതന്ത്യ്രം പ്രഖ്യാപിക്കല്‍കൂടിയാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News