ആദിവാസിമേഖലകളുടെ വികസനത്തിനുള്ള കേന്ദ്രഫണ്ടുകള്‍ ബിജെപി സര്‍ക്കാര്‍ വകമാറ്റി ചെലവഴിക്കുന്നു; പിണറായി

വിശാഖപട്ടണം: ആദിവാസിമേഖലകളുടെ വികസനത്തിനായി നീക്കിവച്ച കേന്ദ്രഫണ്ടുകള്‍ ബിജെപി സര്‍ക്കാര്‍ വകമാറ്റി ചെലവഴിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആദിവാസിവിഭാഗങ്ങളുടെ തനത് സംസ്‌കാരം നശിപ്പിക്കാനും അവര്‍ക്ക് അന്യമായ സംസ്‌കാരം അടിച്ചേല്‍പ്പിക്കാനുമാണ് സംഘപരിവാര്‍ ശ്രമിക്കുന്നത്. ആദിവാസി അധികാര്‍ രാഷ്ട്രീയ മഞ്ചിന്റെ മൂന്നാം അഖിലേന്ത്യാ സമ്മേളനം വിശാഖപട്ടണത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി.

കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ആദിവാസിവിഭാഗങ്ങളുടെ ക്ഷേമത്തിനായി നടപ്പാക്കുന്ന പദ്ധതികള്‍ അദ്ദേഹം വിശദീകരിച്ചു. ഗോത്രവംശജരുടെ വിദ്യാഭ്യാസപരമായ ഉന്നമനത്തിനും അവര്‍ക്ക് തൊഴില്‍ ലഭ്യമാക്കാനും സര്‍ക്കാര്‍ നടപടി സ്വീകരിച്ചു. എന്നാല്‍, ബിജെപി ഭരണത്തിലുള്ള സംസ്ഥാനങ്ങളില്‍ ആദിവാസികളെ പൂര്‍ണമായും അവഗണിക്കുന്നു. രാജ്യമെമ്പാടും കമ്യൂണിസ്റ്റുകാര്‍ക്കുനേരെ സംഘപരിവാര്‍ ആക്രമണം നടത്തുകയാണ്. ഇത്തരം ആക്രമണങ്ങളെ ചെറുത്ത് മുന്നേറാനുള്ള ആശയപരമായ കരുത്തും നിശ്ചയദാര്‍ഢ്യവും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനുണ്ടെന്നും പിണറായി പറഞ്ഞു.

സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട്, ജിതേന്ദ്ര ചൌധരി എംപി എന്നിവരും ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുത്തു. ആദിവാസികളുടെ അവകാശങ്ങള്‍ക്കുനേരെ കേന്ദ്രസര്‍ക്കാര്‍ അപ്രഖ്യാപിത യുദ്ധം നടത്തുകയാണന്ന് ബൃന്ദ കാരാട്ട് പറഞ്ഞു. അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് ആദിവാസി ജനവിഭാഗങ്ങള്‍ സുദീര്‍ഘ പോരാട്ടത്തിന് തയ്യാറാകണം. ആദിവാസികള്‍ക്ക് അവകാശപ്പെട്ട പ്രകൃതിവിഭവങ്ങള്‍ ചൂഷണം ചെയ്യാനുള്ള കടന്നുകയറ്റങ്ങളെ ചെറുക്കണം.

മൂന്നുവര്‍ഷമായിട്ടും വിശാഖപട്ടണത്തെ ട്രൈബല്‍ സര്‍വകലാശാല നിര്‍മാണം പൂര്‍ത്തിയായില്ല. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഏറ്റെടുത്ത പെഡലബുദു പഞ്ചായത്തില്‍ അടിസ്ഥാന സൌകര്യമൊരുക്കാനും സംസ്ഥാനസര്‍ക്കാര്‍ തയ്യാറായില്ല. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നരേന്ദ്രമോഡിയുടെ ആന്ധ്രാ പതിപ്പാണെന്നും ബൃന്ദ പറഞ്ഞു.

സാമൂഹ്യപ്രവര്‍ത്തകയും ആദിവാസിനേതാവുമായ സോണി സോറി സമ്മേളനത്തിനു മുന്നോടിയായി നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിച്ചു. മൂന്നുദിവസം നീളുന്ന സമ്മേളനത്തില്‍ രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News