അഞ്ച് വയസുകാരി ഐലിയ്ക്ക് സ്വപ്ന വിവാഹം; ക്യാന്‍സര്‍ ബാധിതയായ ബാലികയുടെ അവസാന ആഗ്രഹവും സാധിച്ചു

കണ്ടുനിന്നവെ കണ്ണീരണിയിച്ച ഈ ബാല വിവാഹം നടന്നത് സ്‌കോട്ട്‌ലന്റിലാണ്. മാലാഖയെ പോലെ സുന്ദരിയായാണ് ഐലി പാറ്റേഴ്‌സണ്‍ വിവാഹത്തിനെത്തിയത്. വരനാകട്ടെ ഐലിയുടെ ഉറ്റസുഹൃത്തായ ആറുവയസുകാരന്‍ ഹാരിസണ്‍ ഗ്രിയര്‍. വിവാഹ ചടങ്ങ് ഗ്രിയറിന് കുട്ടിക്കളിയായിരുന്നില്ല. ഐലിയുടെആഗ്രഹമറിഞ്ഞുതന്നെ വരന്റെ റോള്‍ ഗ്രിയര്‍ ആടിത്തീര്‍ത്തു. ഗ്രിയര്‍ ഐലിയുടെ വിരലില്‍ വിവാഹ മോതിരവും കഴുത്തില്‍ നെക്ലേസും അണിയിച്ചപ്പോള്‍ കണ്ടുനിന്നവരുടെ കണ്ണുകള്‍ നിറഞ്ഞു.

ഡിസ്‌നി ചിത്രത്തിലെ ഗാനവും പാടി മുതിര്‍ന്ന സഹോദരനാണ് ഐലിയെ വിവാഹ വേദിയിലെത്തിച്ചതോടെ കുട്ടികള്‍ക്കായുള്ള വിനോദ കേന്ദ്രം നടത്തുന്ന സാറാ ഗ്രൗന്റ് ഐലിയുടെ ജീവിതകഥ നാടോടിക്കഥ രൂപത്തിലവതരിപ്പിച്ചു.

ഐലിയുടെ അമ്മ ഗെയില്‍ പാറ്റേഴ്‌സണ്‍ എഴുതിയ ഈ കഥയില്‍ ന്യൂറോബ്ലാസ്റ്റോമ എന്ന രോഗത്തെ ഒരു ക്രൂര ജന്തുവായിട്ടാണ് വിശേഷിപ്പിച്ചിരുന്നത്. പിന്നീട് ഐലിയുടെ സഹോദരിയുടെ കവിത. വേര്‍പിരിയേണ്ടിവന്നാലും ഞാനെന്നും നിന്നോടൊപ്പമുണ്ടാകുമെന്ന വരിയോടെ അവസാനിച്ച കവിതാലാപനം ചടങ്ങിനെത്തിയവരെ ഈറനണിയിച്ചു.
തുടര്‍ന്നായിരുന്നു സ്വപ്ന വിവാഹ ചടങ്ങ്. കുട്ടികള്‍ക്കിഷ്ടപ്പെട്ട ഹീറോ കഥാപാത്രങ്ങളുടെയും രാജകുമാരിയുടേയും വേഷമണിഞ്ഞാണ് സുഹൃത്തുക്കളും അടുത്ത ബന്ധുക്കളും ബാലവിവാഹത്തിനെത്തിയത്.രണ്ട് വര്‍ഷം മുമ്പാണ് ഐലി ന്യൂറോബ്ലാസ്റ്റോമ എന്ന രോഗബാധിതയാണെന്ന് തിരിച്ചറിഞ്ഞത്. കുട്ടികളെ ഗുരുതരമായി ബാധിക്കുന്ന ക്യാന്‍സര്‍ വിഭാഗത്തില്‍പ്പെട്ട രോഗമാണ് ന്യൂറോബ്ലാസ്റ്റോമ.

രണ്ട് ലക്ഷത്തോളം ഡോളര്‍ മുടക്കി അമേരിക്കയിലടക്കം വിദഗ്ധ ചികിത്സ നല്‍കിയിട്ടും രോഗം ഭേദാമാകാത്തതിനെ തുടര്‍ന്നാണ് ഇളയ മകളുടെ അവസാന ആഗ്രഹങ്ങള്‍ സാധിച്ചുകൊടുക്കാന്‍ ആ അമ്മ തയ്യാറായത്. ഡോള്‍ഫിനുകള്‍ക്കൊപ്പം നീന്തുക, വാട്ടര്‍ തീം പാര്‍ക്കില്‍ കളിക്കുക തുടങ്ങി ഏതു കുട്ടികള്‍ക്കുമുള്ള ആഗ്രഹങ്ങള്‍ തന്നെയായിരുന്നു ഐലിക്കുമുണ്ടായിരുന്നത്.

രോഗം മൂര്‍ച്ഛിച്ചതിനിടെയാണ് കഴിഞ്ഞ വര്‍ഷം ഗ്രിയറിനെ ഐലി പരിചയപ്പെടുന്നതും ഇരുവരും ഉറ്റസുഹൃത്തുക്കളായതും. അണിഞ്ഞൊരുങ്ങിയുള്ള വിവാഹമെന്ന ഐലിയുടെ ആഗ്രഹത്തിന് ഗ്രിയറിന്റെ പിതവ് ബില്ലിയും അനുമതി നല്‍കിയതോടെയാണ് ഈ സ്വപ്ന വിവാഹം നടന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News