മുഖ്യമന്ത്രിയുടെ ഇടപെടല്‍; പുതുവൈപ്പ് സമരം അവസാനിപ്പിക്കുന്നു; പദ്ധതി ഉപേക്ഷിക്കില്ലെന്ന് പിണറായി; തീരുമാനത്തെ സ്വാഗതം ചെയ്ത് സമരസമിതി നേതാക്കള്‍

തിരുവനന്തപുരം: പുതുവൈപ്പ് എല്‍പിജി പ്ലാന്റിന്റെ നിര്‍മാണ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് തീരുമാനം. പദ്ധതി ഉപേക്ഷിക്കില്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുമെന്ന് ഉറപ്പ് നല്‍കി.

പാരിസ്ഥിതികാനുമതി, തീരദേശ പരിപാലന നിയമം എന്നിവയില്‍ ചട്ടലംഘനം ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കും. സമിതി സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ട് എല്ലാവരും അംഗീകരിക്കുമെന്നും യോഗത്തില്‍ തീരുമാനമായി. റിപ്പോര്‍ട്ടില്‍ തീരുമാനമുണ്ടാകുന്നതുവരെ നിര്‍മാണം നിര്‍ത്തിവെക്കുമെന്ന് എസ് ശര്‍മ്മ എംഎല്‍എ, സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി പി രാജീവ് എന്നിവര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

സമിതിയുടെ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയാണ് ടെര്‍മിനല്‍ നിര്‍മാണത്തില്‍ തീരുമാനമെടുക്കുവെന്നും ധാരണയായി. പദ്ധതിയുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്ക് ഉണ്ടായ ആശങ്ക പരിഹരിക്കും. അനുഭാവ പൂര്‍വ്വമായ നിലപാട് സ്വീകരിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് സമരസമിതി നേതാക്കള്‍ പറഞ്ഞു. റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതുവരെ നിര്‍മാണം നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചതോടെ ഉപരോധം അടക്കമുള്ള സമരപരിപാടികള്‍ തുടരില്ലെന്നും അവര്‍ അറിയിച്ചു.

അതേസമയം, വിഷയത്തില്‍ ഐഒസിയുടെ ഭാഗത്ത് നിന്നും പ്രതികരണങ്ങള്‍ വന്നിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News