രാജ്യസ്‌നേഹത്തിന്റെ പേരില്‍ തമ്മിലടിക്കുന്ന ആരാധകര്‍ കാണുക; സ്‌പോര്‍ട്‌സ് എങ്ങനെ മനുഷ്യനെ സ്‌നേഹിക്കാന്‍ പഠിപ്പിക്കുമെന്ന്

മനുഷ്യന്‍ കായിക ഇനങ്ങള്‍ കണ്ടുപിടിച്ചതും പയറ്റിത്തെളിഞ്ഞതും സ്‌നേഹിക്കാനും സന്തോഷിക്കാനും വേണ്ടിയായിരുന്നു. ആനന്ദത്തിന് വേണ്ടിയുള്ള മനുഷ്യന്റെ ഉപാധികളില്‍ ഏറ്റവും പ്രധാനവും കായികം തന്നെയാണ്. അതുകൊണ്ടുതന്നെയാണ് വലിയ തോതിലുള്ള കച്ചവടക്കണ്ണുകള്‍ കളിക്കിടയിലേക്ക് കടന്നുവന്നതും.

അതിര്‍ത്തികള്‍ക്കപ്പുറത്തേക്കും ലോക പോരാട്ടങ്ങളിലേക്കും സ്‌പോര്‍ട്‌സ് വിറ്റ‍ഴിക്കപ്പെട്ടതോടെ ചിലയിടങ്ങളില്‍ രാജ്യസ്‌നേഹത്തിന്റെ പ്രതീകമായും അത് മാറി. ചിരവൈരികളെന്ന് ലോകം പാടി പറഞ്ഞ രാജ്യങ്ങള്‍ തമ്മിലുള്ള കായിക മത്സരങ്ങള്‍ക്ക് അങ്ങനെ യുദ്ധത്തിന്റെ പ്രതീതി ചിലരുടെയെങ്കിലും മനസ്സുകളില്‍ മുളച്ചു. അക്കൂട്ടത്തില്‍ ഏറ്റവും പ്രധാനം ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് പോരാട്ടങ്ങളായിരുന്നു.

കളിക്കളത്തിലെ പോരാട്ടത്തിന്റെ വീര്യത്തെക്കാളും പതിന്മടങ്ങ് ആവേശമാണ് കളത്തിനു പുറത്തെ കാണികള്‍ക്ക്. മത്സരത്തില്‍ തോറ്റാല്‍ ആരാധകര്‍ താരങ്ങളുടെ വീടിന് തീവെയ്ക്കുകയും കല്ലെറിയുകയുമെന്ന ചടങ്ങ് ആഘോഷപൂര്‍വ്വം ആചരിക്കുകയും ചെയ്തിരുന്നു. അതിനിടയിലാണ് ചാമ്പ്യന്‍സ് ട്രോഫി പോരാട്ടങ്ങള്‍ക്ക് ലണ്ടനില്‍ കളമുണര്‍ന്നത്.

ആദ്യ പോരാട്ടത്തില്‍ പാക്കിസ്ഥാനെ മലര്‍ത്തിയടിച്ചതോടെ വിരാട് കോഹ്‌ലിയും സംഘവും വീരനായകന്‍മാരായി. എന്നാല്‍ കലാശക്കളിയില്‍ പാക്കിസ്ഥാന് മുന്നില്‍ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയതോടെ വീരപുരുഷന്‍മാര്‍ ദുരന്തപുത്രന്മാരുമായി. ആദ്യ മത്സരത്തില്‍ ജയിക്കാനായതുകൊണ്ടാകാം താരങ്ങളുടെ വീടിനു നേരെ കല്ലേറും തീയിടലുമെന്ന അനുഷ്ഠാനമുണ്ടായില്ല. പക്ഷെ തെരുവില്‍ ഏറ്റുമുട്ടലും പോര്‍വിളിയും ദിവസങ്ങള്‍ പിന്നിട്ടിട്ടും ശമിച്ചിട്ടില്ല.

അതിനിടയിലാണ് ഇരു രാജ്യങ്ങളിലെയും താരങ്ങള്‍ തമ്മിലുള്ള കായിക ബന്ധവും സ്‌നേഹവും എത്രത്തോളം ദൃഡമാണെന്ന് തെളിയിക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. കളത്തിനു പുറത്ത് തങ്ങള്‍ പരസ്പരം വളരെയധികം ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്നവരാണെന്ന് തെളിയിക്കുന്നവയാണ് ചിത്രങ്ങള്‍.


മത്സരത്തിനു മുന്നോടിയായി പാക് നായകന്‍ സര്‍ഫ്രാസ് അഹമ്മദിന്റെ മകനെ എടുത്തു നില്‍ക്കുന്ന എം.എസ് ധോണിയുടെ ചിത്രങ്ങള്‍ വൈറലായിരുന്നു. ഇതിനു പിന്നാലെയാണ് മറ്റ് താരങ്ങളുടേയും ചിത്രങ്ങള്‍ പുറത്തു വന്നത്. പാകിസ്ഥാന്റെ കിരീട വിജയത്തില്‍ നിര്‍ണ്ണായക പങ്കു വഹിച്ച അസര്‍ അലിയുടെ മക്കള്‍ക്കൊപ്പമുള്ള ഇന്ത്യന്‍ താരങ്ങളുടെ ചിത്രങ്ങളാണ് വൈറലായി മാറിയിരിക്കുന്നത്.


ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി, യുവരാജ് സിംഗ് തുടങ്ങിയവര്‍ ചിത്രങ്ങളില്‍ അസറിന്റെ മക്കള്‍ക്കൊപ്പം പോസ് ചെയ്യുന്നുണ്ട്. ചിത്രം ട്വിറ്ററിലൂടെ പുറത്തു വിട്ടത് അസര്‍ അലി തന്നെയാണ്. ഇതിഹാസങ്ങള്‍ എന്നാണ് അസര്‍ ഇന്ത്യന്‍ താരങ്ങളെ വിശേഷിപ്പിച്ചത്.

ക്രിക്കറ്റ് താരത്തിന് എതിര്‍ ടീമിലെ താരത്തെ ബഹുമാനിക്കാന്‍ കഴിയണമെന്നതിന്റെ എറ്റവും വലിയ ഉദാഹരണമാണ് ഈ ഇന്ത്യപാക് സൗഹൃദം. താരങ്ങള്‍ക്കിടയിലെ പരസ്പര ബഹുമാനത്തിന്റെ വലിപ്പം വിളിച്ചോതുന്ന ചില ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.

എന്നാല്‍ ഇനിയും ചിലര്‍ക്ക് മാത്രം യുദ്ധത്തില്‍ തോറ്റെന്ന വികാരം മാറ്റാന്‍ സാധിച്ചിട്ടില്ല. അത്തരക്കാര്‍ സ്‌പോര്‍ട്‌സ് മാന്‍ സ്പിരിറ്റ് എന്ന വാക്കിന്റെ അര്‍ത്ഥം ശരിക്കും തിരിച്ചറിയുന്ന കാലം വരുമെന്ന് പ്രത്യാശിക്കുകയല്ലാതെ മറ്റ് മാര്‍ഗ്ഗമില്ല. ലോക കായിക മാമാങ്കമായ ഒളിംപിക്‌സില്‍ പോലും ഒരിക്കലല്ലാതെ രാജ്യ വികാരമുണ്ടായിട്ടില്ലെന്ന സത്യവും ഇവര്‍ ഓര്‍ക്കണം.

കളിക്കിടയില്‍ നാസി വിഷം അടിച്ചേല്‍പ്പിട്ട ഹിറ്റ്‌ലര്‍ പോലും ചരിത്രമായി മാറിയിട്ട് 7 ദശകങ്ങള്‍ പിന്നിട്ടിട്ടും നമ്മുടെയൊക്കെ മനസ്സുമാത്രം ഇപ്പോഴും അവിടെ തന്നെ തങ്ങിനില്‍ക്കുകയാണ്. ഇനിയെങ്കിലും കളിയെ കളിയായും പോരാട്ടമായും മാത്രം കാണുക. അത് ഒരിക്കലും രാജ്യസ്‌നേഹത്തിന്റെ അളവ്‌കോല്‍ അല്ലെന്നും തിരിച്ചറിയുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News