ജനത്തിന് പനി, എംപിക്ക് പിറന്നാള്‍ ആഘോഷം; എറണാകുളം ജനറല്‍ ആശുപത്രിയില്‍ കേരളാ കോണ്‍ഗ്രസ് കുട്ടി നേതാക്കള്‍ കാണിച്ച കോപ്രായങ്ങള്‍

കേരളാ കോണ്‍ഗ്രസ് യൂത്ത് (എം) വിഭാഗത്തിന്റെ 49-ാം ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം. പിറന്നാള്‍ ആഘോഷത്തിന് മാധ്യമശ്രദ്ധ കിട്ടാന്‍ നേതാക്കള്‍ കാണിച്ച കോപ്രായങ്ങള്‍ പറയാതെ വയ്യ. എറണാകുളം ജനറല്‍ ആശുപത്രിയില്‍ കഴിയുന്ന രോഗികള്‍ക്ക് സൗജന്യ ഭക്ഷണം നല്‍കി മാതൃക കാണിക്കുക എന്ന കുതന്ത്രമായിരുന്നു കേരളാ കോണ്‍ഗ്രസിന്റെ കുട്ടി നേതാക്കള്‍ കൈക്കൊണ്ടത്.

അതിനായി അനിഷേധ്യ നേതാവ് കെഎം മാണിയെയും മകനും എംപിയുമായ ജോസ് കെ മാണിയെയും പിജെ ജോസഫിനെയും മോന്‍സ് ജോസഫ് എംഎല്‍എയെയും ക്ഷണിച്ച് രാവിലെ 10 മണി മുതല്‍ 50ഓളം വരുന്ന നേതാക്കള്‍ ജനറല്‍ ആശുപത്രിയില്‍ കാത്തിരുന്നു.

ആ സമയം ആശുപത്രിയിലാകട്ടെ ബിനാലെ ആര്‍ട്‌സ് ആന്‍ഡ് മെഡിസിന്‍ സംഘടിപ്പിച്ച റംസാന്‍ സ്‌പെഷ്യല്‍ ഗാനങ്ങളില്‍ മുഴുകി രോഗികളും ബന്ധുക്കളും ആസ്വദിച്ചിരിക്കുകയായിരുന്നു. പെട്ടെന്നാണ് കേരളാ കോണ്‍ഗ്രസ് നേതാക്കള്‍ പാട്ടുകാരനില്‍ നിന്നും മൈക്ക് പിടിച്ചുവാങ്ങി വേദി കയ്യടക്കിയത്. പിന്നെ നടന്നത് സിനിമയെ പോലും വെല്ലുന്ന അഭിനയം. മാണിയും പിജെ ജോസഫും എത്താത്തതിനാല്‍ വൈകിയെത്തിയ ജോസ് കെ മാണിയെ കൊണ്ട് ചടങ്ങ് കൊഴുപ്പിച്ചു.

സംഘടനയുടെ ബര്‍ത്ത് ഡേ കേക്ക് വേദിയില്‍ വച്ച് മുറിക്കുന്നു. പിന്നീട് നേതാക്കള്‍ തന്നെ കഴിക്കുന്നു. നല്ല ക്രീം കേക്കായതിനാല്‍ ചിലര്‍ പൊതിഞ്ഞും പിടിക്കുന്നു. ഇതെല്ലാം കണ്ട് എന്താണ് സംഭവിച്ചതെന്നറിയാതെ നില്‍ക്കുന്ന രോഗികള്‍ക്കും ബന്ധുക്കള്‍ക്കും മുന്നില്‍ എത്തിയപ്പോഴേക്കും കേക്ക് പൊടി മാത്രമായി. തീര്‍ന്നില്ല, ജോസ് കെ മാണിയും സംഘത്തിന്റെയും യാത്ര പിന്നീട് കാന്‍സര്‍ വാര്‍ഡിലേക്ക്. ഭക്ഷണം കാത്തിരുന്ന രോഗികള്‍ ഇനിയെങ്കിലും കഴിക്കാമെന്ന് വച്ചപ്പോള്‍, മോന്‍സ് ജോസഫ് എംഎല്‍എ എത്താതിനാല്‍ കാത്തിരിപ്പ്.

വാര്‍ഡിലേക്കുളള പ്രവേശനം പോലും അടച്ച് ജോസ് കെ മാണിയും പ്രവര്‍ത്തകരും തടിച്ചുകൂടിയതോടെ രോഗികളും ബന്ധുക്കളും നഴ്‌സുമാരും എന്ത് ചെയ്യണമെന്നറിയാതെ വലഞ്ഞു. രോഗികള്‍ക്കൊപ്പം നില്‍ക്കുന്ന ബന്ധുക്കളാകട്ടെ മുറുമുറുപ്പും തുടങ്ങി. ഒടുവില്‍ മോന്‍സ് ജോസഫ് എത്തിയതോടെ നേതാക്കളും പ്രവര്‍ത്തകരും വാര്‍ഡിലേക്ക് ഇരച്ചുകയറി. ജോസ് കെ മാണി രോഗികള്‍ക്ക് സ്പൂണില്‍ ഭക്ഷണം വാരിക്കൊടുക്കുന്നു.

തൊട്ടടുത്തിരുന്ന് പ്രവര്‍ത്തകരുടെ ഫോട്ടോ പിടുത്തം. സെല്‍ഫി. രംഗം ആകെ മാറി. കാന്‍സര്‍ വാര്‍ഡ് വെളളക്കുപ്പായമിട്ട നേതാക്കളെ കൊണ്ട് നിറഞ്ഞു. മഴക്കാല രോഗങ്ങള്‍ മൂലം കഷ്ടതയനുഭവിക്കുന്ന രോഗികളെയും അര്‍ബുദ ബാധിതരെയും ശുശ്രൂക്ഷിച്ച് അങ്ങനെ യൂത്തന്മാര്‍ ജന്മദിനം കെങ്കേമമാക്കി.

എന്തായാലും ജനങ്ങള്‍ ഏറെ ദുരിതം അനുഭവിക്കുന്ന സമയത്ത് ആശുപത്രിയില്‍ ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നതിലെ അനൗചിത്യമാണ് എല്ലാവരും ചൂണ്ടിക്കാട്ടിയത്. അതും സംസ്ഥാനത്തെ ഒരു എംപിയുടെ നേതൃത്വത്തില്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News