എന്താകണം വികസന സംസ്‌കാരം

കേരളത്തിന്റെ പുത്തന്‍ കുതിപ്പിനുള്ള ഊര്‍ജവും ദിശാബോധവും പകര്‍ന്നുനല്‍കുന്നതായി എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷവേള. ആഗോളവല്‍ക്കരണത്തിന്റെ വെല്ലുവിളികളില്‍ പകച്ചുനില്‍ക്കാതെ, പരിമിതികളുടെ അതിരുകള്‍ക്കുള്ളില്‍ ചുരുങ്ങിനില്‍ക്കാതെ, എങ്ങനെ സ്തംഭനാവസ്ഥയില്‍നിന്ന് മോചിപ്പിച്ച് നവകേരളം സൃഷ്ടിക്കാമെന്ന ചോദ്യത്തിനുള്ള വലിയ ഉത്തരം പ്രായോഗിക നടപടികളിലൂടെ നല്‍കിവരികയാണ്. കേരളത്തിന്റെ സ്വന്തം മെട്രോ കൊച്ചിയില്‍ ഓടിത്തുടങ്ങി. ഇത് സംസ്ഥാനത്തിന്റെ വികസനക്കുതിപ്പിനെ സാക്ഷ്യപ്പെടുത്തുന്നു. ആലുവമുതല്‍ പാലാരിവട്ടംവരെ 13 കിലോമീറ്ററിലാണ് മെട്രോ ഓടുന്നതെങ്കിലും ഇതിലൂടെ പുതിയൊരു ഗതാഗതസംസ്കാരത്തിനും ശീലത്തിനും വാതില്‍ തുറന്നിരിക്കുകയാണ്. അതിനപ്പുറം വികസനസംസ്കാരത്തിനും പുതുയുഗം പിറവിയെടുത്തിരിക്കുന്നുവെന്ന് നിഷ്പക്ഷമതികള്‍ അഭിപ്രായപ്പെടുന്നു.

മൊത്തം 5200 കോടി രൂപ മുതല്‍മുടക്കുള്ള പദ്ധതിയാണ് കൊച്ചി മെട്രോ. വിവിധ ഘട്ടങ്ങളിലായി അരലക്ഷത്തോളം തൊഴിലാളികള്‍ പണിയെടുത്തു. നാലുവര്‍ഷംകൊണ്ട് പദ്ധതി യാഥാര്‍ഥ്യമായി. മെട്രോയുടെ ചിറകിലേറി കുതിക്കുന്ന ഏഴാമത്തെ നഗരമായി കൊച്ചി മാറി. 1984ല്‍ കൊല്‍ക്കത്തയിലാണ് മെട്രോയുടെ ആദ്യത്തെ കുതിപ്പുണ്ടായത്. അന്നവിടെ ജ്യോതിബസുവിന്റെ നേതൃത്വത്തിലുള്ള ഇടതുസര്‍ക്കാരായിരുന്നു. ഇപ്പോള്‍ കൊച്ചി മെട്രോ പൂര്‍ത്തിയാക്കിയത് പിണറായി വിജയന്‍ സര്‍ക്കാരാണ്. വികസനത്തില്‍ പുതുമേഖലകളെയും സംവിധാനങ്ങളെയും കണ്ടെത്തുന്നതിനും അത് വിജയകരമായി പൂര്‍ത്തീകരിക്കുന്നതിനും ഇടതുപക്ഷ നേതൃസര്‍ക്കാരുകള്‍ക്ക് കൂടുതല്‍ പ്രതിബദ്ധത ഉണ്ടെന്ന് കൊല്‍ക്കത്ത, കൊച്ചി മെട്രോകളുടെ വിജയം വിളിച്ചറിയിക്കുന്നു.

വികസനത്തെ സംബന്ധിച്ച് കമ്യൂണിസ്റ്റ് പാര്‍ടികള്‍ക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്. ജനക്ഷേമവും വികസനവും ഉറപ്പാക്കുന്ന പ്രായോഗികപദ്ധതികളാണ് നടപ്പാക്കുന്നത്. ഇതിനുതകുന്ന നയസമീപനങ്ങളുമായാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. പുതിയ സഹസ്രാബ്ദത്തിലെ ശാസ്ത്ര- സാങ്കേതിക വിജ്ഞാന വിപ്ളവങ്ങളുടെ ഗുണഫലം നാടിന് നല്‍കുന്നതിനുള്ള കര്‍മപദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കുന്നതില്‍ കമ്യൂണിസ്റ്റുകാര്‍ പിന്നോട്ടുപോകില്ല. കൊച്ചി മെട്രോ എന്ന ആശയംതന്നെ നായനാര്‍ സര്‍ക്കാരിന്റേതാണ്. ഇ കെ നായനാര്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ‘റൈറ്റ്സ്’ എന്ന ഏജന്‍സി നടത്തിയ പഠനത്തിലൂടെയാണ് ‘കൊച്ചി മെട്രോ’ എന്ന പേര് സര്‍ക്കാര്‍രേഖകളില്‍ സ്ഥാനംപിടിച്ചതെന്ന് മനോരമ മുഖപ്രസംഗത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എ കെ ആന്റണി, വി എസ് അച്യുതാനന്ദന്‍, ഉമ്മന്‍ചാണ്ടി എന്നീ മുഖ്യമന്ത്രിമാരും മെട്രോയ്ക്കുവേണ്ടി പ്രവര്‍ത്തിച്ചിരുന്നുവെന്ന് മനോരമ തുടര്‍ന്നുപറയുന്നുണ്ട്. ഒരുവര്‍ഷത്തിനുള്ളില്‍ സമയബന്ധിതമായി ഭരണസംവിധാനത്തെ ചലിപ്പിച്ച് കൊച്ചി മെട്രോ എന്ന ബൃഹദ് പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ കാണിച്ച ശുഷ്കാന്തി പ്രധാനമാണ്. മെട്രോമാന്‍ എന്ന പേരില്‍ അറിയപ്പെടുന്ന, നാടിന് പ്രിയപ്പെട്ട ഇ ശ്രീധരന്റെ പ്രവര്‍ത്തനമികവും മെട്രോ റെയില്‍ എംഡി ഏലിയാസ് ജോര്‍ജിന്റെ നേതൃത്വത്തിലുള്ള ടീമും പതിനായിരക്കണക്കിന് തൊഴിലാളികളും വഹിച്ച പങ്ക് സ്മരണീയമാണ്. ഇതിനോടൊപ്പം കൊച്ചിയിലെ ജനവിഭാഗങ്ങള്‍ ഈ പദ്ധതി വിജയിപ്പിക്കുന്നതിന് കാണിച്ച സഹകരണം അനുകരണീയമാണ്. മെട്രോയിലും ബസിലും ബോട്ടിലുമെല്ലാം ഒറ്റടിക്കറ്റില്‍ യാത്ര ചെയ്യാവുന്ന കൊച്ചി വണ്‍ കാര്‍ഡും പുറത്തിറക്കിയിട്ടുണ്ട്. മെട്രോയ്ക്കിനി ദൂരങ്ങള്‍ ശേഷിക്കുന്നുണ്ട്. മഹാരാജാസ് കോളേജ് ഗ്രൌണ്ടിലേക്കും പേട്ടയിലേക്കും തൃപ്പൂണിത്തുറയിലേക്കും നീളുന്ന പണി ഇനി അടുത്തഘട്ടമായി സര്‍ക്കാര്‍ ഏറ്റെടുക്കുകയാണ്.

കക്ഷിരാഷ്ട്രീയ ജാതിമത പരിഗണനകള്‍ക്ക് അതീതമായി നാടിന്റെ വികസനത്തിനായി വന്‍കിട പദ്ധതികളും നടപ്പാക്കാന്‍ കഴിയുന്ന സംസ്ഥാനമാണ് കേരളമെന്ന് കൊച്ചി മെട്രോയുടെ വിജയം വെളിപ്പെടുത്തുന്നു. എല്‍ഡിഎഫ് വികസനവിരോധികളാണെന്ന പ്രചാരണത്തിന്റെ മുനയൊടിക്കുന്നതായി ഇത്. ഒരു വികസനപദ്ധതി വിജയമായാല്‍ അതിന് അവകാശവാദികള്‍ ഏറെയുണ്ടാകും. പക്ഷേ, അത് സ്ഥാപിക്കാന്‍ വികസനവിരുദ്ധമായ അരാജകപ്രവര്‍ത്തനം നടത്തുന്നത് ചങ്ങലയ്ക്കിടേണ്ട ഭ്രാന്താണ്. അത്തരം ഭ്രാന്താണ് ഉമ്മന്‍ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും മുന്നില്‍ നിര്‍ത്തി മെട്രോയില്‍ കാട്ടിക്കൂട്ടിയ താന്തോന്നിത്തം. പ്രധാനമന്ത്രി പങ്കെടുത്ത  ഉദ്ഘാടനച്ചടങ്ങില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് റോള്‍ ഉണ്ടായിരുന്നില്ല. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്കും ഇ ശ്രീധരനും വേദിയില്‍ ഇരിപ്പിടം നല്‍കിയത്, സംസ്ഥാന സര്‍ക്കാര്‍ പ്രധാനമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് നിര്‍ബന്ധപൂര്‍വം ആവശ്യപ്പെട്ടതിനാലാണ്. എന്നിട്ടാണ് കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തില്‍ മെട്രോയ്ക്കുള്ളില്‍ താന്തോന്നിത്തം കാട്ടിക്കൂട്ടിയത്. പ്രവേശനകൌണ്ടറിലെ ക്രോസ്ബാറുകള്‍ തകര്‍ത്തതിനും എസ്കലേറ്ററുകള്‍ സ്തംഭിപ്പിച്ചതിനും 200 ടിക്കറ്റ് എടുത്തശേഷം 1500 പേര്‍ ഇടിച്ചുകയറിയതും സ്റ്റേഷനുകള്‍ കേടാക്കിയതും അപമാനകരമായ സംഭവമാണ്. വികസന പദ്ധതികളോടുള്ള മാന്യതയില്ലാത്ത കോണ്‍ഗ്രസ് നിലപാടാണ് ഇവിടെ വെളിപ്പെട്ടിരിക്കുന്നത്. ഇങ്ങനെയാണോ ഒരു വികസനപദ്ധതിയുടെ വിജയത്തോട് കോണ്‍ഗ്രസ് നേതൃത്വം ഇടപെടേണ്ടതെന്ന ആത്മപരിശോധന അവര്‍ നടത്തണം.

വികസനപ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരുമായി സഹകരിച്ച് മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും സഹകരണമുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും മെട്രോ ഉദ്ഘാടനവേദിയില്‍ വ്യക്തമാക്കിയിരുന്നു. കേരളത്തിന്റെ വികസനത്തിന് കേന്ദ്രസഹകരണം പലപ്പോഴും ലഭിക്കുന്നില്ല. ’80കളുടെ തുടക്കത്തില്‍ കേരളത്തിന് അനുവദിച്ച റെയില്‍വേ കോച്ച് ഫാക്ടറി പഞ്ചാബിലെ കപൂര്‍ത്തലയിലേക്ക് പറിച്ചുനട്ടു. പാലക്കാട് ജില്ലയിലെ കഞ്ചിക്കോട്ട് ആരംഭിക്കുമെന്ന് പാര്‍ലമെന്റിനകത്തും പുറത്തും കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച കോച്ച് ഫാക്ടറി ഇതുവരെ യാഥാര്‍ഥ്യമായിട്ടില്ല. അതേസമയം, കേരളത്തെ അവഗണിച്ച് ഹരിയാനയിലെ സോനിപ്പത്തില്‍ കോച്ച് ഫാക്ടറി സ്ഥാപിക്കുന്നതിന് കേന്ദ്ര സര്‍ക്കാരും റെയില്‍വേ മന്ത്രാലയവും തീരുമാനിച്ചു. കേരളത്തെ അവഗണിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാട് അടിയന്തരമായി തിരുത്തണം.

കൊച്ചി മെട്രോയുടെ ഉദ്ഘാടനച്ചടങ്ങ് നടക്കുമ്പോള്‍ത്തന്നെ അഭികാമ്യമല്ലാത്ത മറ്റൊരു സംഭവം എറണാകുളത്തുണ്ടായി. പുതുവൈപ്പിലെ ഐഒസി എല്‍പിജി ടെര്‍മിനലിന്റെ നിര്‍മാണത്തിനെതിരായ സമരവും അനന്തരസംഭവങ്ങളുമാണ് സൂചിപ്പിക്കുന്നത്. തെറ്റായ പ്രചാരണങ്ങളുടെ ബലത്തില്‍ ജനങ്ങളെ ഇളക്കിവിട്ട് വികസനസംരംഭങ്ങളെ തടയുന്നത് നാടിന് ഗുണമാകില്ല. പുതുവൈപ്പിലെ ഐഒസി പ്ളാന്റിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് പ്രദേശവാസികള്‍ക്കുള്ള ആശങ്ക ദൂരീകരിക്കണമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. അതുകൊണ്ടാണ് ഹരിത ട്രിബ്യൂണല്‍ 2010ല്‍ നല്‍കിയ പാരിസ്ഥിതിക അനുമതിക്ക് അനുസൃതമായാണോ പ്ളാന്റിന്റെ നിര്‍മാണം നടക്കുന്നതെന്ന് പരിശോധിക്കാന്‍ സമിതിയെ നിയോഗിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. പരിശോധന പൂര്‍ത്തിയാക്കുംവരെ നിര്‍മാണം തല്‍ക്കാലം നിര്‍ത്തിവയ്ക്കാന്‍ ഐഒസി സമ്മതിക്കുകയും ചെയ്തു. ഇതുപ്രകാരം മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത അനുരഞ്ജനയോഗത്തെതുടര്‍ന്ന് സമരം നിര്‍ത്താനും സമരസമിതി സമ്മതിച്ചത് വിവേകപൂര്‍ണമായ നടപടിയാണ്. പദ്ധതി ഉപേക്ഷിക്കില്ല, നാട്ടുകാരുടെ ആശങ്ക അകറ്റും എന്ന സര്‍ക്കാര്‍നിലപാടിനോട് കേരളം പൊതുവില്‍ യോജിക്കും. നാടിനുവേണ്ട വികസനപദ്ധതികള്‍ നടപ്പാക്കുന്നതിന് നേതൃത്വം കൊടുക്കേണ്ട ചുമതലയാണ് സര്‍ക്കാരിനുള്ളത്. പുതുവൈപ്പില്‍ ഐഒസിയുടെ പ്ളാന്റ് സ്ഥാപിക്കുന്നതിന് ഹൈക്കോടതിയും ഹരിത ട്രിബ്യൂണലുമൊക്കെ അനുമതി നല്‍കിയിട്ടുണ്ട്. ഇതുവരെ ഈ അനുമതികളെ ചോദ്യംചെയ്തിട്ടില്ല. ടെര്‍മിനലിന്റെ നിര്‍മാണം തടസ്സപ്പെടുത്താന്‍ ആര്‍ക്കും അധികാരമില്ലെന്നും പൊലീസ് ഇടപെടണമെന്നും ഹൈക്കോടതിതന്നെ നിര്‍ദേശിച്ചിട്ടുണ്ട്.

എന്നാല്‍, ഹരിത ട്രിബ്യൂണലിന്റെ പരിസ്ഥിതി അനുമതിപ്രകാരമുള്ള  നിര്‍മാണത്തില്‍ ഐഒസി വീഴ്ചവരുത്തിയെന്ന് ആക്ഷേപമുണ്ടായതിനാല്‍ അക്കാര്യം പരിശോധിക്കേണ്ടതുണ്ട്. അതിനാണ് വിദഗ്ധസമിതിയെ നിയോഗിച്ചത്. ലോകത്തുതന്നെ ഇന്നുള്ളതില്‍ ഏറ്റവും മികച്ച സുരക്ഷാസംവിധാനമാണ് ഇവിടത്തെ പ്ളാന്റിന് രൂപകല്‍പ്പന ചെയ്തിട്ടുള്ളതെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഏതെങ്കിലും കാരണവശാല്‍ വാതകച്ചോര്‍ച്ച ഉണ്ടായാല്‍ സ്വയം തിരിച്ചറിഞ്ഞ് പൈപ്പുകള്‍ അടയുന്ന സംവിധാനവും ഉണ്ടാകും. എന്നാല്‍, നാട്ടില്‍ ഭീതിപരത്തി കലാപവും കുഴപ്പവും ഉണ്ടാക്കാന്‍ ചില മതത്തിന്റെ മറവിലെ തീവ്രവാദികളും രാഷ്ട്രീയതീവ്രവാദികളും നുഴഞ്ഞുകയറി പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിന്റെ ഫലമായാണ് ഹൈക്കോടതിയുടെ പരിസരത്തും വൈപ്പിനിലും അനിഷ്ടസംഭവങ്ങള്‍ ഉണ്ടായത്. ഇതിന്റെ മറവില്‍ എല്‍ഡിഎഫിന്റെ പൊലീസ്നയത്തെ കരിതേക്കുന്നതിനുവേണ്ടി നടത്തുന്ന പ്രചാരണങ്ങള്‍ ആശാസ്യമല്ല. ഒരു നാടിന്റെ വികസനമോ പരിവര്‍ത്തനമോ ഒരു സുപ്രഭാതത്തില്‍ പൊട്ടിവീഴുന്നതല്ല. അതിനുപിന്നില്‍ നിരവധി പ്രക്രിയകളുണ്ട്. ബന്ധപ്പെട്ട വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള നിരവധി സംവിധാനങ്ങളുടെ പരിശോധനയുണ്ട്്. പുതുവൈപ്പില്‍ പുതിയ പ്ളാന്റ് വന്നാല്‍ പ്രകൃതിവാതകവുമായി കേരളത്തില്‍ തലങ്ങും വിലങ്ങും  ടാങ്കര്‍ലോറി ഓടുന്ന പതിവുകാഴ്ചകള്‍ക്ക് കുറവുണ്ടാകും. 300 മുതല്‍ 500വരെ ടാങ്കര്‍ലോറികള്‍ പ്രകൃതിവാതകവുമായി നമ്മുടെ റോഡില്‍ ഇറങ്ങുന്നുണ്ട്. പ്ളാന്റ് വന്നാല്‍ ഓട്ടം നഷ്ടപ്പെടുന്ന ടാങ്കര്‍ലോറി ലോബിയും പ്ളാന്റുവിരുദ്ധ സമരത്തിന് ജനങ്ങളെ കുത്തിയിളക്കുന്നതിന് പ്രവര്‍ത്തിക്കുന്നുണ്ട്. വികസനപദ്ധതികളെ സ്തംഭിപ്പിക്കുന്നതരത്തില്‍ ജനങ്ങളെ ഇളക്കിവിടുന്ന ദുഷ്ടശക്തികള്‍ക്കെതിരെ നാടിനെ ഉണര്‍ത്തണം. അതിന് കക്ഷിരാഷ്ട്രീയ ജാതിമത പരിഗണനകള്‍ക്ക് അതീതമായ യോജിപ്പ് വളര്‍ത്തണം. എന്നാല്‍, വൈപ്പിനിലെ വിഷയത്തിലടക്കം കോണ്‍ഗ്രസ് കലക്കവെള്ളത്തില്‍ മീന്‍പിടിക്കുന്ന നയമാണ് സ്വീകരിച്ചത്. ഇത് നന്നല്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News