പഞ്ചാബിലെ ദേശീയ പാതയോരത്തെ ഹോട്ടലുകളിലും ക്ലബ്ബുകളിലും ഇനി മദ്യം വിളമ്പാം; നിയമ ഭേദഗതി സുപ്രീംകോടതി വിധി മറികടന്ന്

ചണ്ഡിഗഢ്: പഞ്ചാബില്‍ ദേശീയ പാതയോരത്തെ ഹോട്ടലുകളിലും റസ്‌റ്റോറന്റുകളിലും ക്ലബ്ബുകളിലും ഇനി മദ്യം വിതരണം ചെയ്യാം. ഇതിനുള്ള നിയമ ഭേദഗതി പഞ്ചാബ് നിയമസഭ പാസാക്കി. നിയമകാര്യ മന്ത്രി ബ്രം മൊഹീന്ദ്ര അവതരിപ്പിച്ച എക്‌സൈസ് ഭേഗദതി ബില്ലാണ് നിയമസഭ പാസ്സാക്കിയത്.

ദേശീയപാതയ്ക്ക് 500 മീറ്റര്‍ പരിധിയിലെ ഹോട്ടലുകളിലും ക്ലബ്ബുകളിലും മദ്യം വിതരണം ചെയ്യുന്നത് സുപ്രീംകോടതി നിരോധിച്ചിരുന്നു. ഈ ഉത്തരവ് മറികടക്കാനാണ് പഞ്ചാബ് നിയമസഭ നിയമ ഭേദഗതി പാസാക്കിയത്.

1914ലെ പഞ്ചാബ് എക്‌സൈസ് ആക്ടിലാണ് ഭേദഗതി വരുത്തിയത്.ദേശീയ പാതയോരത്തെ 500 മീറ്റര്‍ പരിധിയില്‍ നിലകൊള്ളുന്ന ഹോട്ടലുകളില്‍ മദ്യ വില്‍പന നടത്താന്‍ പ്രത്യേക അധികാരം നല്‍കിക്കൊണ്ടുള്ളതാണ് ഭേദഗതി.

അതേസമയം, ചില്ലറ വില്‍പന കടകളില്‍ മദ്യം വില്‍ക്കുന്നതിന് 500 മീറ്റര്‍ പരിധി ബാധകമായിരിക്കുമെന്ന് ഭേദഗതിയില്‍ പറയുന്നു.

ഹോട്ടലുകളിലും റെസ്‌റ്റോറന്റുകളിലും ക്ലബ്ബുകളിലും മദ്യം നിരോധിച്ചത് ടൂറിസത്തെയും ഹോട്ടലുകളുടെ നിലനില്‍പ്പിനെയും ബാധിച്ചിട്ടുണ്ടെന്നും തൊഴില്‍ നഷ്ടമുണ്ടാക്കിയിട്ടുണ്ടെന്നുമാണ് ഭേദഗതിയെ ന്യായീകരിച്ചു കൊണ്ട് സര്‍ക്കാര്‍ നിരത്തുന്ന വാദങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here