മക്കയില്‍ ഭീകരാക്രമണശ്രമം; പൊലീസ് വളഞ്ഞതോടെ ചാവേര്‍ പൊട്ടിത്തെറിച്ചു; 11 പേര്‍ക്ക് പരുക്ക്; റെയ്ഡില്‍ സ്ത്രീയുള്‍പ്പെടെ അഞ്ചു പേര്‍ പിടിയില്‍; പ്രദേശത്ത് കനത്ത സുരക്ഷ

മക്ക: തീര്‍ഥാടനകേന്ദ്രമായ മക്കയിലുണ്ടായ ഭീകരാക്രമണശ്രമം പൊലീസ് തകര്‍ത്തു. മക്കയിലെ ഗ്രാന്‍ഡ് പള്ളിയെ ലക്ഷ്യമിട്ട് എത്തിയ ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു.

റമദാന്‍ മാസത്തിന്റെ അവസാന വെള്ളിയാഴ്ച ഭീകരാക്രമണം നടന്നേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മേഖലയില്‍ പൊലീസ് കര്‍ശന പരിശോധന ഏര്‍പ്പെടുത്തിയിരുന്നു. പരിശോധനയ്ക്കിടെ അല്‍ അസില മേഖലയില്‍ നിന്ന് പിടിയിലായ ഭീകരനില്‍നിന്നു ലഭിച്ച വിവരങ്ങളാണ് ഭീകരാക്രമണം തടയാന്‍ പൊലീസിനെ സഹായിച്ചത്.

ഇയാളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ അജ്യാദ് അല്‍ മസാഫിയില്‍ ഭീകരര്‍ ഒളിച്ചിരുന്ന വീട് പൊലീസ് വളഞ്ഞു. സംഘത്തോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും സംഘം വെടിയുതിര്‍ക്കുകയായിരുന്നു. ഇതോടെ പൊലീസും പ്രത്യാക്രമണം നടത്തി. രക്ഷപ്പെടാന്‍ സാധിക്കില്ലെന്ന് മനസിലാക്കിയ ഭീകരന്‍ ബെല്‍റ്റ് ബോംബ് ഉപയോഗിച്ച് സ്വയം പൊട്ടിത്തെറിക്കുകയായിരുന്നെന്ന് സൗദി ആഭ്യന്തരവകുപ്പ് വക്താവിനെ ഉദ്ധരിച്ച് അന്തര്‍ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തില്‍ 11 പൊലീസുകാര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തില്‍, മക്കയില്‍ നടത്തിയ റെയ്ഡില്‍ ഭീകരരുടെ രണ്ടു സംഘങ്ങളെയും ജിദ്ദയില്‍ നിന്ന് മറ്റൊരു സംഘത്തെയും പിടികൂടി. സംഘത്തില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുന്നു.

ആക്രമണത്തെ ഗൗരവമായിട്ടാണ് സൗദി കാണുന്നത്. ഭരണാധികാരി സല്‍മാന്‍ രാജാവും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമടക്കമുള്ളവര്‍ മക്കയിലുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here