ബീഫ് കൊലപാതകം: മോദി മൗനം വെടിയാത്തത് ലജ്ജാകരമെന്ന് സിപിഐഎം; കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം; പരുക്കേറ്റവരെ ബൃന്ദ കാരാട്ട് സന്ദര്‍ശിച്ചു

ദില്ലി: ബീഫിന്റെ പേരില്‍ സംഘപരിവാര്‍ അനുഭാവികള്‍ നടത്തിയ ആക്രമണത്തില്‍ പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ഷക്കീറിനെയും ഹാഷിമിനെയും സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗങ്ങളായ ബൃന്ദ കാരാട്ടും മുഹമ്മദ് സലിം എംപിയും സന്ദര്‍ശിച്ചു. ആക്രമണത്തെ സിപിഐഎം പൊളിറ്റ്ബ്യൂറോ ശക്തമായി അപലപിച്ചു.

ഇതുപോലൊരു സംഭവം നടന്നിട്ടും പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രിയും മൗനംവെടിയാത്തത് ലജ്ജാകരമാണെന്ന് സിപിഐഎം വ്യക്തമാക്കി. ആക്രമണത്തിന് വിധേയരായ കുടുംബത്തെ സന്ദര്‍ശിക്കാന്‍ ഉദ്യോഗസ്ഥരെ പോലും നിയോഗിച്ചിട്ടില്ല. കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം. ആക്രമണത്തില്‍ കൊല്ലപ്പെട്ട ജുനൈദിന്റെ കുടുംബത്തിന് മതിയായ നഷ്ടപരിഹാരം നല്‍കണം. വര്‍ഗീയവിദ്വേഷത്തിന്റെ അടിസ്ഥാനത്തില്‍ പൊതുസ്ഥലങ്ങളില്‍ പോലും ഉണ്ടാകുന്ന കുറ്റകൃത്യങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്താനും സിപിഐഎം ആഹ്വാനം ചെയ്തു.

ഇന്നലെയാണ് ബീഫ് കൈയില്‍ സൂക്ഷിച്ചെന്ന് ആരോപിച്ച് മുസ്ലീം യുവാവിനെയും സഹോദരങ്ങളെയും സംഘപരിവാര്‍ അനുഭാവികള്‍ ആക്രമിച്ചത്. അക്രമണത്തില്‍ ജുനൈദ് എന്ന യുവാവ് കൊല്ലപ്പെടുകയും ചെയ്തിരുന്നു. കൂടെ ഉണ്ടായിരുന്ന സഹോദരന്‍ ഹാഷിം, ഷക്കീര്‍ എന്നിവര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. ഈദ് ആഘോഷങ്ങള്‍ക്കായി തുഗ്ലക്കാബാദില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി മടങ്ങവെയായിരുന്നു ആക്രമം.

ജൂനൈദിന്റെയും സഹോദരങ്ങളുടെയും കയ്യില്‍ ബീഫുണ്ടെന്ന് ആരോപിച്ച് ട്രെയിനിലെ സഹയാത്രിക്കാര്‍ ഇവരുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. ഇതിനിടയിലാണ് ഒരാള്‍ കത്തി കൊണ്ട് ആക്രമിച്ചത്. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജുനൈദ് മരിക്കുകയായിരുന്നു.

പരുക്കേറ്റ ഹാഷിമിന്റെയും ഷഖീറിന്റെയും ആരോഗ്യ സ്ഥിതി ഗുരുതരമായി തുടരുകയാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ രണ്ടു പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here