നിങ്ങളെ കൊതുകു കടിക്കുന്നോ? എങ്കില്‍, 300 മീറ്റര്‍ ചുറ്റളവില്‍ കൊതുക് മുട്ടയിട്ടു പെരുകുന്നു

നിങ്ങളെ കൊതുകു കടിക്കുന്നോ? എങ്കില്‍, 300 മീറ്റര്‍ ചുറ്റളവില്‍ കൊതുക് മുട്ടയിട്ടു പെരുകുന്നുണ്ട്. പകര്‍ച്ചപ്പനിക്കെതിരായ ദൗത്യം അവിടെനിന്നു തുടങ്ങണം. തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു എഴുതുന്നു

പകര്‍ച്ചപ്പനി നേരിടുന്നതിന് കേരളം കണ്ട ഏറ്റവും ഊര്‍ജിതമായ പ്രവര്‍ത്തനമാണ് നാടെങ്ങും നടക്കുന്നത്. ആതുരസേവനമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ മാത്രമല്ല, ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഉള്ളവര്‍ പനിനിയന്ത്രണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സ്വയംസജ്ജരായി അണിനിരക്കേണ്ട സമയമാണിത്. ഒരു നിശ്ചിത വര്‍ഷത്തെ ചാക്രിക ഇടവേളകള്‍ക്കുശേഷം പകര്‍ച്ചപ്പനിയുടെ ദുരിതം ഓരോ പ്രദേശത്തും വര്‍ധിച്ചതോതില്‍ വീണ്ടുമെത്തും. ഇതിന്റെ അടിസ്ഥാനത്തില്‍ 2017ല്‍ ദക്ഷിണേന്ത്യയില്‍ പകര്‍ച്ചപ്പനിയുടെ ആക്രമണം വീണ്ടുമുണ്ടാകുമെന്ന മുന്നറിയിപ്പും ഉണ്ടായിരുന്നു. തുടര്‍ന്ന് കേരളത്തില്‍ സര്‍ക്കാര്‍ സംവിധാനമാകെയും പ്രതിരോധപ്രവര്‍ത്തനങ്ങള്‍ കാലവര്‍ഷം ആരംഭിക്കുന്നതിനും വളരെ മുന്നേതന്നെ ആരംഭിച്ചു. ഇതിന്റെ ഫലമായി കേരളത്തില്‍ പകര്‍ച്ചപ്പനി ബാധിച്ച് മരിച്ചവരുടെയും പനിബാധിതരുടെയും എണ്ണം അയല്‍ സംസ്ഥാനങ്ങളേക്കാള്‍ വളരെ കുറവായി.

എങ്കിലും പനി പൂര്‍ണ നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞിട്ടില്ല. പനിബാധിതര്‍ കൂട്ടത്തോടെ സര്‍ക്കാര്‍ ആശുപത്രികളിലേക്ക് ഇരച്ചെത്തുമ്പോള്‍ ആശുപത്രികളിലുണ്ടാകുന്ന തിക്കും തിരക്കും ബഹളവുമെല്ലാം നാം മാധ്യമങ്ങളിലൂടെ മനസ്സിലാക്കുന്നുണ്ട്. 100 പേരെ ചികിത്സിക്കാന്‍ കഴിയുന്നിടത്തേക്ക് 1000 പേര്‍ എത്തുമ്പോഴുണ്ടാകുന്ന പ്രശ്നം പര്‍വതീകരിച്ച് പനി പ്രതിരോധപ്രവര്‍ത്തനം പരാജയമാണെന്ന് വരുത്തുകയല്ല വേണ്ടത്. കഴിയുന്നത്രയും സൌകര്യങ്ങള്‍ ആശുപത്രികളില്‍ സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഇതുകൊണ്ടുമാത്രം പനി ഇല്ലാതാകില്ല.

പനി തടയാന്‍ സമൂഹത്തിന്റെ കരുതലാണ് പരമപ്രധാനം. പകര്‍ച്ചപ്പനി ഭയപ്പെടേണ്ടതില്ലെങ്കിലും പനിവരാനുള്ള സാധ്യതകളെക്കുറിച്ച് ഓരോ പൗരനും നിതാന്ത ജാഗ്രത പാലിക്കണം. കാലാവസ്ഥാവ്യതിയാനം കാരണം ഇത്തവണ എച്ച്1 എന്‍1, ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയവ ബാധിക്കുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചു. മാലിന്യനിര്‍മാര്‍ജനത്തില്‍ പൊതുജനം അല്‍പ്പം ജാഗ്രതയും കൃത്യസമയം ചികിത്സയും തേടിയിരുന്നെങ്കില്‍ പല മരണവും ഒഴിവാക്കാമായിരുന്നു. ആരംഭദശയില്‍ത്തന്നെ ചികിത്സിച്ചാല്‍ ഭേദമാകുന്നതാണ് പകര്‍ച്ചപ്പനി. ഇപ്പോള്‍ ഏറ്റവുമധികം ആളുകളെ ബാധിക്കുന്നത് ഡെങ്കിപ്പനിയാണെങ്കിലും മരണനിരക്ക് കൂടുതല്‍ എച്ച്1 എന്‍1ലാണ്. വായുവിലൂടെ പകരുന്ന എച്ച്1 എന്‍1 ബാധിച്ചാല്‍ പെട്ടെന്നാണ് മരണം സംഭവിക്കുന്നത്. അതേസമയം, എച്ച്1 എന്‍1ന്  പ്രതിരോധമരുന്നുണ്ട്.

നാല് സീറോ ടൈപ് ഡെങ്കിപ്പനിയാണുള്ളത്. സീറോ ടെപ്പ് 1, 2 വിഭാഗത്തില്‍പ്പെട്ട ഡെങ്കിപ്പനിയാണ് ഇപ്പോള്‍ സാധാരണ കാണാറുള്ളത്. പനിക്കു പുറമെയുള്ള രക്തസ്രാവമാണ് ഡെങ്കിപ്പനിയെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നത്. മൂക്ക്, വായ എന്നിവയില്‍ക്കൂടി രക്തം വരിക, മലത്തില്‍ രക്തം കാണുക, രക്തം ഛര്‍ദിക്കുക എന്നിവയെല്ലാം പ്രധാന ലക്ഷണമാണ്.

രക്തത്തിലെ കൌണ്ട് കുറയുന്നുവെന്നു പറഞ്ഞ് അനാവശ്യമായി പ്ളേറ്റ്ലെറ്റ് നല്‍കേണ്ടതില്ല. പതിനായിരത്തില്‍ താഴെ കൌണ്ട് കുറഞ്ഞാല്‍മാത്രം പ്ളേറ്റ്ലെറ്റ് നല്‍കിയാല്‍ മതി. ശരീരത്തിലെ ജലാംശം നിലനിര്‍ത്താനായി ഐവി ഫ്ളൂയിഡ് നല്‍കണം. ഇതോടൊപ്പം ധാരാളം വെള്ളം കുടിക്കണം. പ്ളേറ്റ്ലെറ്റ് കൌണ്ട് വളരെ പെട്ടന്ന് കുറയുന്നത് അപകടമാണ്. ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ഒരിക്കല്‍ ഡെങ്കിപ്പനി വന്നവര്‍ക്ക് ആറുമാസത്തോളം പ്രതിരോധശേഷി ഉണ്ടെങ്കിലും വീണ്ടും വരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇവര്‍ക്ക് പനി വരുമ്പോള്‍ത്തന്നെ ഏത് പനിയാണെന്ന് ഉറപ്പുവരുത്തേണ്ടതാണ്.

ഇപ്പോള്‍ ബാധിക്കുന്ന പകര്‍ച്ചപ്പനികളുടെ തീവ്രത ഉടന്‍ കുറയുമെങ്കിലും പരിസരശുചീകരണത്തിനായി എല്ലാവരും കൂടുതല്‍ ജാഗ്രത പാലിക്കണം. രോഗപ്രതിരോധശേഷി കുറഞ്ഞ സാഹചര്യത്തില്‍ കുട്ടികളുള്‍പ്പെടെയുള്ള എല്ലാവരും വ്യക്തിശുചിത്വത്തിന് വളരെയധികം പ്രാധാന്യം നല്‍കണം. ജീവിതശൈലിയിലും വസ്ത്രധാരണത്തിലും പ്രത്യേകം ശ്രദ്ധിക്കണം. പരിസരശുചീകരണംതന്നെയാണ് പരമപ്രധാനം. ചുറ്റുപാടും ഒരു തുള്ളി വെള്ളംപോലും കെട്ടിനില്‍ക്കുന്ന സാഹചര്യം ഉണ്ടാകരുത്. ആശുപത്രികള്‍, സ്ഥാപനങ്ങള്‍, സ്കൂളുകള്‍ എന്നിവ നിതാന്ത ജാഗ്രത പാലിക്കേണ്ടതാണ്.

പകര്‍ച്ചപ്പനി ബാധിക്കുന്ന സമയത്ത് പഴവര്‍ഗങ്ങള്‍ കഴിക്കുന്നത് ജലാംശം നിലനിര്‍ത്താന്‍ സഹായിക്കുമെങ്കിലും അധികം കഴിക്കുന്നത് നല്ലതല്ല. ആശുപത്രികള്‍ രോഗംപകരുന്ന വേദിയായി മാറരുത്. മാലിന്യം വലിച്ചെറിയാതെ ശുചിത്വം പാലിക്കണം. പരമാവധി സന്ദര്‍ശകരെ ഒഴിവാക്കണം. കഴിവതും കുട്ടികളെ ആശുപത്രി സന്ദര്‍ശനത്തിനായി കൊണ്ടുവരരുത്.

ഡെങ്കിപ്പനി പടര്‍ത്തുന്ന ഈഡിസ് കൊതുകുകള്‍ കടിക്കുന്നത് പകലാണ്. പ്രത്യേകിച്ച് രാവിലെയും വൈകിട്ടും. അതിനാല്‍, പകല്‍ കൊതുക് കടിക്കാതിരിക്കാന്‍ ജാഗ്രത വേണം. ഊര്‍ജിത കൊതുകുനശീകരണ പ്രവര്‍ത്തനങ്ങളില്‍ എല്ലാ ജനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സഹകരണവും പങ്കാളിത്തവും അത്യാവശ്യമാണ്. ഒരു കാര്യംകൂടി എപ്പോഴും മനസ്സിലുണ്ടാകണം. ‘നിങ്ങളെ കൊതുക് കടിക്കുന്നുവെങ്കില്‍ -അത് വീട്ടിലോ പൊതുസ്ഥലത്തോ ജോലി സ്ഥലത്തോ എവിടെയുമായിക്കോട്ടെ- നിങ്ങളുടെ 300 മീറ്റര്‍ ചുറ്റളവില്‍ കൊതുക് മുട്ടയിട്ട് പെരുകുന്നുണ്ട്. കൊതുകിന്റെ ഉറവിടം കണ്ടെത്തി അവയെ ഉടന്‍ നശിപ്പിക്കണം

പനി വന്നാല്‍ ചെയ്യേണ്ടത്
* ഉടന്‍ ഡോക്ടറെ കാണുക
* ഉപ്പിട്ട കഞ്ഞിവെള്ളം ഉള്‍പ്പെടെ ധാരാളം വെള്ളം കുടിക്കുക
* നന്നായി ഭക്ഷണം കഴിക്കുക
* നന്നായി വിശ്രമിക്കുക
* രോഗിയെ കൊതകുവലയ്ക്കുള്ളില്‍ കിടത്തുക
* പതിനായിരത്തില്‍ താഴെ പ്ളേറ്റ്ലെറ്റ് കൌണ്ട്   കുറഞ്ഞാലോ രക്തസ്രാവത്തിന്റെ ലക്ഷണം   കണ്ടാലോമാത്രം പ്ളേറ്റ്ലെറ്റ് നല്‍കിയാല്‍ മതി
* വ്യക്തിശുചിത്വം പാലിക്കുക
* പരിസരം വൃത്തിയായി സൂക്ഷിക്കുക
* വീടിനുചുറ്റും കാടുപിടിച്ചുകിടക്കുന്ന സ്ഥലങ്ങള്‍ വൃത്തിയായി സൂക്ഷിക്കുക
* ആഴ്ചയിലൊരിക്കല്‍ ഒരു മണിക്കൂര്‍ വീടും പരിസരപ്രദേശവും വൃത്തിയാക്കുക
* വൈകുന്നേരവും രാവിലെയും വീടിനുള്ളില്‍ ലിക്വഡൈസര്‍/മാറ്റ് രൂപത്തിലുള്ള കൊതുക്   നാശിനികള്‍ ഉപയോഗിക്കുക. ഉണങ്ങിയ വേപ്പില,
തുളസിയില, കുന്തിരിക്കം തുടങ്ങിയ വസ്തുക്കള്‍ പുകയ്ക്കുന്നതിന് ഉപയോഗിക്കാവുന്നതാണ്
* കഴിവതും കൈകാലുകള്‍ മറയ്ക്കുന്ന വസ്ത്രങ്ങള്‍ ധരിക്കുക
* തുറസായ സ്ഥലത്ത് ജോലി ചെയ്യുന്നവരും കളിക്കുന്നവരും  കൊതുകുകളെ അകറ്റിനിര്‍ത്താന്‍   കഴിയുന്ന ലേപനം പുരട്ടുക
* കുട്ടികളുള്‍പ്പെടെ പകല്‍ ഉറങ്ങുന്നവര്‍ കൊതുകുവലയ്ക്കുള്ളില്‍മാത്രം കിടക്കുക
* പനിയോടൊപ്പം കഠിനമായ വയറുവേദന, വയറിളക്കം,   ഛര്‍ദി, ശ്വാസതടസ്സം, മലത്തില്‍ രക്തം പോകുക, കറുത്ത നിറത്തിലുള്ള മലം, മൂത്രത്തില്‍ രക്തനിറം,
മോണയില്‍ അസാധാരണമായ രക്തസ്രാവം, അമിത ക്ഷീണം തുടങ്ങിയ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടാല്‍ അടിയന്തര വിദഗ്ധ ചികിത്സ തേടണം. ഒരിക്കല്‍
ഡെങ്കിപ്പനി വന്നവര്‍ കൂടുതല്‍ ശ്രദ്ധിക്കണം

ചെയ്യരുതാത്തത്
* ഏത് പനിയും പകര്‍ച്ചപ്പനിയാകുമെന്നതിനാല്‍    സ്വയംചികിത്സ പാടില്ല
* ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലാത്ത    ഒറ്റമൂലികള്‍, ചികിത്സാരീതികള്‍ പരീക്ഷിക്കരുത്
* ഡോക്ടറുടെ നിര്‍ദേശങ്ങള്‍ തെറ്റിക്കരുത്
* ആഹാരം ഒഴിവാക്കാന്‍ പാടില്ല
* വീടിനു പുറത്ത് ഉറങ്ങരുത്
* രോഗികളെ സന്ദര്‍ശിക്കാന്‍ കുട്ടികളെ കൊണ്ടുപോകരുത്
* മുറിവുള്ളവര്‍ മലിനവെള്ളത്തിലിറങ്ങരുത്
* ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായും മൂക്കും   മൂടാതിരിക്കരുത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here