‘നടിയെ ആക്രമിച്ച കേസിലേക്ക് ദിലീപിനെ വലിച്ചിഴക്കാന്‍ മലയാള താരങ്ങളുടെ ശ്രമം; അക്കൂട്ടത്തില്‍ നടിമാരും’: ചലച്ചിത്രമേഖലയെ ഞെട്ടിച്ച് വെളിപ്പെടുത്തല്‍

തിരുവനന്തപുരം: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലേക്ക് ദിലീപിനെ വലിച്ചിഴക്കാന്‍ മലയാള താരങ്ങള്‍ ശ്രമിക്കുന്നതായി സുനിയുടെ സഹതടവുകാരന്‍ വിഷ്ണു പറഞ്ഞതായി നടനും സംവിധായകനുമായ നാദിര്‍ഷ.

‘ദിലീപിനെ കേസിലേക്ക് വലിച്ചിഴക്കാന്‍ താരങ്ങള്‍ ശ്രമിക്കുന്നുവെന്നാണ് ഫോണ്‍ ചെയ്തയാള്‍ പറഞ്ഞത്. നടിമാരുടെ പേര് പോലും അക്കൂട്ടത്തിലുണ്ടായിരുന്നു. അതൊന്നും ഞങ്ങള്‍ വിശ്വസിച്ചിട്ടില്ല. അയാളുടെ ഉദ്ദേശമൊന്നും വ്യക്തമല്ല. ഇനിയെങ്കിലും കേസിലെ സത്യാവസ്ഥ തെളിയണം.’-നാദിര്‍ഷ പറയുന്നു.

പള്‍സര്‍ സുനിയുടെ സഹതടവുകാരനായ ഇടപ്പള്ളി സ്വദേശി വിഷ്ണുവാണെന്ന് പരിചയപ്പെടുത്തിയാണ് കോള്‍ വന്നത്. ദിലീപിന്റെ പേര് പറയാന്‍ പലകോണുകളില്‍ നിന്നും സമ്മര്‍ദ്ദമുണ്ടെന്നും വിഷ്ണു ഭീഷണിപ്പെടുത്തി. കേസില്‍ ദിലീപിന്റെ പേരു പറഞ്ഞാല്‍ രണ്ടരക്കോടി വരെ നല്‍കാന്‍ ആളുണ്ടെന്നും ഇയാള്‍ പറഞ്ഞതായി നാദിര്‍ഷ പറഞ്ഞു.

വിഷ്ണുവിനെതിരെ പരാതി നല്‍കിയ ശേഷമാണ് നാദിര്‍ഷ ഇക്കാര്യങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞത്. ഒന്നര കോടി രൂപ നല്‍കിയില്ലെങ്കില്‍ നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ പേരു പറയുമെന്നായിരുന്നു വിഷ്ണുവിന്റെ ഭീഷണി. മൂന്നുമാസം മുമ്പാണ് ഇരുവരും പരാതി നല്‍കിയത്. വിഷ്ണു ഭീഷണിപ്പെടുത്തുന്ന ഓഡിയോ ടേപ്പും, ദിലീപും നാദിര്‍ഷയും പരാതിക്കൊപ്പം പൊലീസിന് കൈമാറിയിരുന്നു.


ഭീഷണിയെക്കുറിച്ച് നാദിര്‍ ഷാ പറയുന്നു:

ഒരാള്‍ വിളിച്ചു നേരിട്ടുകാണണമെന്ന് പറഞ്ഞു. കഥ പറയാനാണെന്ന് കരുതി ഒഴിവാക്കാന്‍ നോക്കി.അപ്പോള്‍ പള്‍സര്‍ സുനി പറഞ്ഞിട്ട് വിളിക്കുകയാണെന്ന് പറഞ്ഞു. നടിയുടെ കേസിന്റെ പ്രശ്നമാണെന്നു പറഞ്ഞു. പന്തികേട് തോന്നി കട്ടാക്കി. വീണ്ടും വിളിച്ചപ്പോള്‍ സുഹൃത്തിന്റെ ഫോണില്‍ നിന്ന് തിരിച്ചുവിളിച്ചു. സംഭാഷണം രേഖയാക്കി.

വിഷ്ണു എന്നാണ് അയാള്‍ പറഞ്ഞത്. ‘ദിലീപ് പലരുടെയും ടാര്‍ജെറ്റാണ്. കേസില്‍ കുടുക്കാന്‍ പലരും നോക്കുന്നുണ്ട്. ദിലീപ് നിരപരാധിയാണെന്നറിയാം.’ എന്നൊക്കെ ആദ്യം പറഞ്ഞു. ആരാണ് കുടുക്കാന്‍ ശ്രമിക്കുന്നത് എന്ന് ചോദിച്ചപ്പോള്‍ പലരുടെയും പേരുപറഞ്ഞു. അവരില്‍ നടികളും നടന്മാരും നിര്‍മ്മാതാക്കളുമുണ്ട്. പലപേരും കേട്ടപ്പോള്‍ ചിരിവന്നു. ഒട്ടും വിശ്വസനീയമാകാത്ത കാര്യങ്ങള്‍. ‘ദിലീപിന്റെ പേര് പറഞ്ഞാല്‍ കാശുതരാം എന്ന് പറയുന്നുണ്ട്. ഞങ്ങള്‍ അകത്താണല്ലോ. ദിലീപിന്റെ പേരു പറഞ്ഞാല്‍ സപ്പോര്‍ട്ട് ചെയ്യാം എന്നവര്‍ പറയുന്നു. പറഞ്ഞാല്‍ ഞങ്ങള്‍ക്ക് അവര്‍ കാശുതരും. പറയാതിരിക്കാന്‍ ദിലീപ് ചേട്ടന്‍ കാശുതരണം.’ എന്നായി പിന്നെ. ദിലീപിനെ വിളിച്ചു കിട്ടാത്തതിനാല്‍ കാര്യങ്ങള്‍ ദിലീപിലെത്തിക്കാനാണ് വിളിച്ചതെന്നും പറഞ്ഞു.

ഓഡിയോ ക്ലിപ്പ് ദിലീപിന് അയച്ചുകൊടുത്തു. ദിലീപ് ഡിജിപിയ്ക്ക് അത് കൈമാറുകയും ചെയ്തു.
ഫെബ്രുവരി 17ന് തൃശൂരില്‍ നിന്നും കൊച്ചിയിലേക്കു വരുന്നതിനിടെയാണ് നടി ആക്രമിക്കപ്പെട്ടത്. സുനിക്കു പുറമേ ഡ്രൈവര്‍ മാര്‍ട്ടിന്‍, ആലപ്പുഴ സ്വദേശി സലിം, കണ്ണൂര്‍ സ്വദേശികളായ പ്രദീപ്, വിജേഷ്, തമ്മനം സ്വദേശി മണികണ്ഠന്‍, ഇരിട്ടി സ്വദേശി ചാര്‍ളി എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍.

സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന് പള്‍സര്‍ സുനിയുടെ മറ്റൊരു സഹതടവുകാരന്‍ പൊലീസിനു മൊഴി നല്‍കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News