ബീഫ് കൈവശം വച്ചിരുന്നില്ലെന്ന് ജുനൈദിന്റെ കുടുംബം; തൊപ്പി വലിച്ചെറിഞ്ഞ് താടി പിഴുതെടുക്കാന്‍ ശ്രമിച്ചെന്ന് ജുനൈദിന്റെ സഹോദരന്‍

ദില്ലി: തങ്ങള്‍ ബീഫ് കൈവശം വച്ചിരുന്നില്ലെന്ന് സംഘപരിവാറിന്റെ ആക്രമണത്തിനിരയായി കൊല്ലപ്പെട്ട ജുനൈദിന്റെ കുടുംബം. ഈദിനുള്ള വസ്ത്രം വാങ്ങി മടങ്ങുമ്പോഴായിരുന്നു ആക്രമണമെന്നും വളരെ ക്രൂരമര്‍ദ്ദനമാണ് തങ്ങള്‍ നേരിട്ടതെന്നും ജുനൈദിന്റെ കുടുംബം പറഞ്ഞു. തന്റെ തൊപ്പി വലിച്ച് എറിയുകയും താടി പിഴുതെടുക്കാന്‍ ശ്രമിച്ചെന്നും ജുനൈദിന്റെ സഹോദരന്‍ വെളിപ്പെടുത്തി. അതേസമയം, കേസ് അട്ടിമറിക്കാനുള്ള നീക്കവും നടക്കുന്നുണ്ടെന്ന് ഇവര്‍ ആരോപിച്ചു.

ഇന്നലെയാണ് ബീഫ് കൈയില്‍ സൂക്ഷിച്ചെന്ന് ആരോപിച്ച് മുസ്ലീം യുവാവിനെയും സഹോദരങ്ങളെയും സംഘപരിവാര്‍ അനുഭാവികള്‍ ആക്രമിച്ചത്. അക്രമണത്തില്‍ ജുനൈദ് കൊല്ലപ്പെട്ടിരുന്നു. കൂടെ ഉണ്ടായിരുന്ന സഹോദരന്‍ ഹാഷിം, ഷക്കീര്‍ എന്നിവര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. ഈദ് ആഘോഷങ്ങള്‍ക്കായി തുഗ്ലക്കാബാദില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി മടങ്ങവെയായിരുന്നു ആക്രമം.

ജൂനൈദിന്റെയും സഹോദരങ്ങളുടെയും കയ്യില്‍ ബീഫുണ്ടെന്ന് ആരോപിച്ച് ട്രെയിനിലെ സഹയാത്രിക്കാര്‍ ഇവരുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. ഇതിനിടയിലാണ് ഒരാള്‍ കത്തി കൊണ്ട് ആക്രമിച്ചത്. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജുനൈദ് മരിക്കുകയായിരുന്നു.

പരുക്കേറ്റ ഹാഷിമിന്റെയും ഷഖീറിന്റെയും ആരോഗ്യ സ്ഥിതി ഗുരുതരമായി തുടരുകയാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ രണ്ടു പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here