എല്‍ദോയോട് മാപ്പ് ചോദിച്ച് കുഞ്ചാക്കോ ബോബന്‍; ‘അതും സാമൂഹ്യബോധമുണ്ടെന്ന് അഹങ്കരിക്കുന്ന മലയാളികള്‍ക്ക് വേണ്ടി’

തിരുവനന്തപുരം: കൊച്ചി മെട്രോയില്‍ മദ്യപിച്ച് കിടന്നുറങ്ങി എന്ന പേരില്‍ ബധിരനും മൂകനുമായ എല്‍ദോയുടെ ചിത്രങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ വിമര്‍ശനവുമായി നടന്‍ കുഞ്ചാക്കോ ബോബന്‍.

ചാക്കോച്ചന്‍ പറയുന്നത് ഇങ്ങനെ:

ഇത് എല്‍ദോ ….
സംസാരിക്കാനും കേള്‍ക്കാനും ഉള്ള കഴിവ് ഇദ്ദേഹത്തിനില്ല.’METRO’ എന്ന മഹാ സംഭവത്തില്‍ അറിയാതെ തളര്‍ന്നു വീണു പോയ ഒരു സഹോദരന്‍!
ഒരാളുടെ യഥാര്‍ഥ അവസ്ഥ അറിയാതെ,അയാളുടെ ശാരീരികമാനസിക അവസ്ഥ അറിയാതെ….
മുന്‍വിധികളോടെയും മുന്‍ധാരണകളോടെയും അഭിപ്രായങ്ങള്‍ എന്ന പേരില്‍ അനാവശ്യങ്ങള്‍ എഴുതി പ്രചരിപ്പിക്കുമ്പോള്‍,ഒന്നാലോചിക്കുക….
നാളെ നിങ്ങള്‍ക്കും ഈ അവസ്ഥ വന്നു കൂടായ്കയില്ല !!
നിങ്ങളോടു ഒരു തെറ്റും ചെയ്യാത്ത ആ പാവം മനുഷ്യന്റെ ജീവിതവും കുടുംബവും ആയിരിക്കാം തകര്‍ന്നത് ..അയാളുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും ആവാം ഇല്ലാതായത് …എന്തിനു വേണ്ടി, എന്തു നേടി അത് കൊണ്ടു ???

പ്രിയപ്പെട്ട എല്‍ദോ ….സംസാരശേഷിയും കേള്‍വിശക്തിയും ഇല്ലാത്ത തങ്ങള്‍ ഇതൊന്നും കേള്‍ക്കാതിരിക്കുകയും പ്രതികരിക്കാതിരിക്കുകയും ആണ് നല്ലത് ….പക്ഷെ നിങ്ങള്‍ ഇതറിയും, നിങ്ങള്‍ വിഷമിക്കും, നിങ്ങളുടെ കുടുംബം വേദനിക്കും ……
മാപ്പ് ചോദിക്കുന്നു …..മാപ്പര്‍ഹിക്കാത്ത ഈ തെറ്റിന് …..ഞാന്‍ ഉള്‍പ്പടെയുള്ള, സാമൂഹ്യ ബോധം ഉണ്ട് എന്ന് അഹങ്കരിക്കുന്ന മലയാളി സമൂഹം മുഴുവനും.

‘ഒരാഴ്ച തികയുന്നതിന് മുന്‍പ് കൊച്ചി മെട്രോയില്‍ പാമ്പ്. മലയാളികള്‍ക്ക് ചീത്ത പേരുണ്ടാക്കുന്ന ഇവനെയൊക്കെ എന്താ ചെയ്യേണ്ടത്..’-ഇങ്ങനെയൊരു തലക്കെട്ടിലാണ് ചിലര്‍ എല്‍ദോയുടെ ചിത്രം പ്രചരിപ്പിച്ചത്. എന്നാല്‍ അവര്‍ ആ മനുഷ്യനെക്കുറിച്ച് അന്വേഷിച്ചില്ല. എല്‍ദോ മദ്യപിച്ചിരുന്നില്ലെന്നും മരണാസന്നനായി ആശുപത്രിയില്‍ കിടക്കുന്ന സഹോരനെ സന്ദര്‍ശിച്ചശേഷം മടങ്ങവെ, ക്ഷീണവും മനോവിഷമവും കൊണ്ടും തളര്‍ന്ന് കിടന്നതാണെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്. വീട്ടുകാരുടെ തന്നെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഒഴിഞ്ഞസീറ്റില്‍ എല്‍ദോ കിടന്ന് ഉറങ്ങിയത്.

തന്റെ ചിത്രം വ്യാജപ്രചരണത്തോടെ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നതില്‍ കടുത്ത വിഷമത്തിലാണ് എല്‍ദോ. തന്റെ സങ്കടവും പ്രതിഷേധവും പൊതുസമൂഹത്തിനോട് പറയാനും കഴിയാത്ത അവസ്ഥയിലാണ് എല്‍ദോ. എല്‍ദോയെ പോലെ തന്നെ സംസാരശേഷിയില്ലാത്ത ആളാണ് അദ്ദേഹത്തിന്റെ ഭാര്യയും. സംഭവത്തിന്റെ സത്യാവസ്ഥ മകന്‍ ബേസിലാണ് സമൂഹത്തോടെ തുറന്നുപറഞ്ഞത്.

ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ഓഫീസിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരനാണ് എല്‍ദോ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News