”ഇവിടെ മുസ്ലീം സഹോദരങ്ങള്‍ കൊല്ലപ്പെടുമ്പോള്‍, മോദി വൈറ്റ് ഹൗസിലെ മദ്യചഷകങ്ങളോടെയുള്ള വിരുന്നില്‍ സന്തോഷം കണ്ടെത്തുന്നു”; കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: ഇന്ത്യയില്‍ മുസ്ലീം സഹോദരങ്ങള്‍ നിരന്തരം കൊല്ലപ്പെടുമ്പോള്‍, വൈറ്റ് ഹൗസില്‍ ട്രംപ് ഒരുക്കുന്ന മദ്യചഷകങ്ങളോടെയുള്ള അത്താഴവിരുന്നില്‍ മോദി സന്തോഷം കണ്ടെത്തുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.


കോടിയേരി പറയുന്നു: 

റംസാൻ ആചരണത്തിന്റെ ഭാഗമായ പകൽ വ്രതം മുറിക്കാനായി വീട്ടിലേക്ക് വരവെയാണ് ഞങ്ങളുടെ മക്കൾ ആക്രമിക്കപ്പെട്ടത്. മാട്ടിറച്ചി കഴിക്കുന്നവരെന്ന് ആക്ഷേപിച്ചാണ് കുട്ടികളെ അടിക്കുകയും കുത്തകയും ചെയ്തത്. പകൽ ഒരു തുള്ളി വെള്ളം പോലും കുടിക്കാതെ ക്ഷീണിതരായിരുന്ന കുട്ടികളെയാണ് അവർ ആക്രമിച്ചത്.” ഡൽഹി – മഥുര ട്രെയിനിലുണ്ടായ വർഗീയ ആക്രമണത്തിൽ കൊല്ലപ്പെട്ട ഹരിയാനയിലെ ബല്ലഭ്ഗഡ് സ്വദേശി ജുനൈദിന്റെ മാതാപിതാക്കൾ വിതുമ്പിക്കൊണ്ട് പറഞ്ഞ വാക്കുകളാണിത്.

നമ്മുടെ രാജ്യത്ത് ആർ എസ് എസ് സംഘപരിവാരം ഉണർത്തിവിട്ട രാഷ്ട്രീയ സംസ്കാരത്തിന്റെ ഭാഗമാണ് ഈ പാതകവും. ബീഫ്ന്റെ പേരിൽ കൊല നടത്തുന്ന ഗോ സംരക്ഷകർ സംഘപരിവാറുകാർ തന്നെയാണ്. രാഷ്ട്രീയ രക്ഷാകർതൃത്വമില്ലാതെ ഇത്തരമൊരക്രമം സംഘടിപ്പിക്കാൻ കഴിയില്ല.

ഇത്രയും വേദനാജനകമായ ഒരു സംഭവം നടന്നിട്ടും ജുനൈദിന്റെ കുടുംബത്തിന്റെ ദുഖം പങ്കിടാൻ, ഒന്നാശ്വസിപ്പിക്കാൻ സർക്കാരിന്റെയോ, ഭരണകക്ഷിയുടേയോ പ്രതിനിധികൾ തയ്യാറായിട്ടില്ല.

മുസ്ലീംങ്ങൾക്കെതിരായി രാജ്യത്ത് സംഘപരിവാർ നടത്തിവരുന്ന വർഗീയവിദ്വേഷപ്രചരണത്തിന്റെ നേരിട്ടുള്ള ഫലമാണ് ഈ ആക്രമണം. ഉത്തരേന്ത്യയിലെ പോലീസ് സംവിധാനമൊക്കെ വർഗീയവൽക്കരിക്കപ്പെട്ടു കഴിഞ്ഞു എന്നതുകൊണ്ടാണ് പരാതികളിൽ നടപടികളുണ്ടാവാത്തത്.

ന്യൂനപക്ഷ വിഭാഗങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്ന അവസ്ഥയാണ് സംജാതമാവുന്നത്. സായുധരായ ഗോ സംരക്ഷകർ എങ്ങിനെ ട്രെയിനിൽ സഞ്ചരിക്കുന്നു എന്ന ചോദ്യത്തിനും അധികൃതർ ഉത്തരം തരുന്നില്ല. തിരക്കേറിയ ട്രെയിനിൽ വലിയ കത്തികളടക്കമുള്ള മാരകായുധങ്ങൾ ഉപയോഗിച്ച് ഇത്തരം ഒരു കൃത്യം നടത്തണമെങ്കിൽ തീർച്ചയായും രാഷ്ട്രീയ സംരക്ഷണമുണ്ടാവും.

‘എല്ലാവർക്കും ഒപ്പം എല്ലാവർക്കും സുരക്ഷ’ എന്ന കേന്ദ്ര ഭരണാധികാരികളുടെ അവകാശവാദമാണ് രാജ്യത്ത് തകർന്നു വീഴുന്നത്. രാജ്യത്തെ പൗരൻമാർക്ക് സുരക്ഷയില്ലാതായിരിക്കുന്നു.

ജുനൈദിന്റെ കൊലപാതകത്തിന് പിന്നാലെ കൽക്കത്തയിൽ കന്നുകാലികളെ മോഷ്ടിക്കാൻ ശ്രമിച്ചെന്നാരോപിച്ച് മുഹമ്മദ് നസിറുൾ ഹക്ക്, മുഹമ്മദ് സമിറുദ്ദീൻ, മുഹമ്മദ് നാസിർ എന്നീ മൂന്ന് മുസ്ലീം യുവാക്കളെ മർദിച്ചു കൊന്നെന്ന വാർത്ത പുറത്തുവരുമ്പോൾ സംഘപരിവാരം ആഹ്ലാദ ചിത്തരാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോഡി, അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപിനെ കാണാൻ പോർച്ചുഗലിൽ നിന്നും അമേരിക്കയിലേക്ക് പോവുകയാണ്. ഇന്ത്യയിൽ മുസ്ലീം സഹോദരങ്ങൾ നിരന്തരം കൊല്ലപ്പെടുമ്പോൾ, വൈറ്റ് ഹൗസിൽ ട്രംപ് ഒരുക്കുന്ന മദ്യചഷകങ്ങളോടെയുള്ള അത്താഴവിരുന്നിൽ സന്തോഷം കണ്ടെത്തുന്ന മോഡി; ജനാധിപത്യത്തിന്റെയും സെക്കുലറിസത്തിന്റെയും വക്താവല്ല ഫാസിസത്തിന്റെ പ്രയോക്താവാണെന്ന് സ്വയം തെളിയിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel