കള്ളനോട്ടടി കേസ്; ഒളിവില്‍ കഴിയുകയായിരുന്ന ബിജെപി പ്രവര്‍ത്തകന്‍ ഏരാച്ചേരി രാജീവ് അറസ്റ്റില്‍

തൃശൂര്‍: കള്ളനോട്ടടി കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന ബിജെപി പ്രവര്‍ത്തകന്‍ ഏരാച്ചേരി രാജീവ് അറസ്റ്റില്‍. മണ്ണൂത്തിയിലെ സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

രാജീവിന്റെ സഹോദരനും ബിജെപി നേതാവുമായ രാഗേഷിനെ കഴിഞ്ഞദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ശ്രീനാരായണപുരത്തെ യുവമോര്‍ച്ച നേതാവും ബിജെപി അഞ്ചാംപരത്തി ബൂത്ത് സെക്രട്ടറിയുമാണ് രാഗേഷ് ഏരാശേരി

ഇവരുടെ വീടിന്റെ മുകള്‍നിലയിലെ കിടപ്പുമുറിയില്‍ നിന്നാണ് കഴിഞ്ഞദിവസം കള്ളനോട്ടുകളും നോട്ടടിക്കാനുള്ള യന്ത്രങ്ങളും മഷിയും പേപ്പറുകളും പൊലീസ് പിടിച്ചെടുത്തത്. അമിത പലിശയ്ക്ക് പണം കൊടുക്കുന്നതായുള്ള പരാതിയില്‍ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അമ്മിണിക്കുട്ടന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിലാണ് കള്ളനോട്ടുകളും യന്ത്രങ്ങളും കണ്ടെത്തിയത്. രാഗേഷും രാജീവും ഈ വീട്ടിലാണ് താമസം. രാജീവ് കംപ്യൂട്ടര്‍ വിദഗ്ധനാണ്.

രാഗേഷും സംഘവും ആര്‍ഭാടജീവിതമാണ് നയിക്കുന്നത്. ഇത് കള്ളനോട്ടുപയോഗിച്ചാണെന്ന് വ്യക്തമായിരുന്നു. ബിജെപിയുടെ പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്കെല്ലാം പണം വാരിയെറിയുന്നത് ഇവരാണ്. ബിജെപി ഉന്നതനേതാക്കളുമായി ഇവര്‍ക്ക് അടുത്ത ബന്ധമുണ്ട്. ഇക്കാര്യത്തില്‍ ഉന്നതതല അന്വേഷണം വേണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്.

അച്ചടിച്ച കള്ളനോട്ടുകള്‍ എവിടെയെല്ലാം വിതരണം ചെയ്തുവെന്നും പൊലീസ് അന്വേഷിക്കും. അന്തര്‍ദേശീയ കള്ളനോട്ട് മാഫിയാ സംഘവുമായി ഇവര്‍ക്കുള്ള ബന്ധവും അന്വേഷിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here