ജുനൈദിന്റെ ഗ്രാമത്തില്‍ ഇത്തവണ ഈദ് ആഘോഷമില്ല; വിശ്വാസികള്‍ നമസ്‌കാരത്തില്‍ പങ്കെടുത്തത് കയ്യില്‍ കറുത്ത ബാഡ്ജ് ധരിച്ച്; ഹിന്ദു വര്‍ഗീയവാദികള്‍ക്കെതിരെ പ്രതിഷേധം ആഞ്ഞടിക്കുന്നു

ദില്ലി: ബീഫിന്റെ പേരില്‍ ഹിന്ദു വര്‍ഗീയവാദികള്‍ ട്രെയിനില്‍ കുത്തിക്കൊലപ്പെടുത്തിയ ജുനൈദിന്റെ ഗ്രാമത്തില്‍ ഇസ്ലാം മതവിശ്വാസികള്‍ ഈദ് നമസ്‌കാരത്തില്‍ പങ്കെടുത്തത് കയ്യില്‍ കറുത്ത ബാഡ്ജ് ധരിച്ച്. ആഘാഷങ്ങള്‍ ഒഴിവാക്കിയാണ് ഇത്തവണ ഹരിയാനയിലെ കണ്ടൗലി ഗ്രാമത്തില്‍ പെരുന്നാള്‍. ന്യൂനപക്ഷങ്ങള്‍ക്കെതിരെ വര്‍ധിച്ചു വരുന്ന അതിക്രമങ്ങള്‍ക്കെതിരെ രാജ്യത്തിന്റെ പലയിങ്ങളിലും ഈദ് ദിനത്തില്‍ സമാന പ്രതിഷേധങ്ങള്‍ ഉണ്ടായി.


ഹരിയാനയിലെ ബല്ലാബ്ഗഡിനടുത്ത കണ്ടൗലി ഗ്രാമത്തില്‍ ഇത്തവണ ഈദ് ആഘോഷങ്ങള്‍ക്ക് പൊലിമയില്ല. മൂസ്ലീമായതിന്റെ പേരില്‍ ഹിന്ദു വര്‍ഗീയവാദികള്‍ ജുനൈദെന്ന പതിനഞ്ചു വയസുകാരന്റെ ജീവനെടുത്തതിന്റെ ഞെട്ടലിലാണ് ഈ ഗ്രാമം. ജുനൈദിന്റെ നാട് ഇത്തവണ ഈദ് ദിനത്തില്‍ ആഘോഷങ്ങള്‍ ഒഴിവാക്കി സമാധാനപരമായ പ്രതിഷേധത്തിലാണ്. കൈയ്യില്‍ കറുത്ത ബാഡ്ജ് ധരിച്ചാണ് ഇസ്ലാം മതവിശ്വാസികള്‍ ഈദ് നമസ്‌കാരത്തില്‍ പങ്കെടുത്തത്. പല മാര്‍ഗങ്ങളിലും സമാധാനപരമായ പ്രതിഷേധം വരും ദിവസങ്ങളിലും തുടരും.

ഈദ് ആഘോഷത്തിനുള്ള വസ്ത്രങ്ങളും സാധനങ്ങളും വാങ്ങി ദില്ലിയില്‍ നിന്നും നാട്ടിലേക്ക് മടങ്ങുന്ന വഴിയാണ് ട്രെയിനില്‍ വച്ച് സംഘപരിവാര്‍ അനുഭാവികള്‍ ജുനൈദിനെയും സഹോദരങ്ങളെയും ആക്രമിച്ചത്. വര്‍ഗീയമായി അധിക്ഷേപിച്ചു കൊണ്ടായിരുന്നു ആക്രമണം. ദാരുണ സംഭവം നടന്ന് രണ്ട് ദിവസം പിന്നിട്ടിട്ടും ജൂനൈദിന്റെ മാതാപിതാക്കളെ സന്ദര്‍ശിക്കാനോ ആശ്വസിപ്പാക്കാനോ സംസ്ഥാനം ഭരിക്കുന്ന ബിജെപിയുടെ ജനപ്രതിനിധികളോ മന്ത്രിമാരോ തയ്യാറായിട്ടില്ല.

ജുനൈദിന്റെ കൊലപാതകം ഉള്‍പ്പെടെ രാജ്യത്ത് ന്യാനപക്ഷങ്ങള്‍ക്കെതിരെ വര്‍ദ്ധിച്ചു വരുന്ന അക്രമസംഭവങ്ങളില്‍ രാജ്യത്തിന്റെ പലയിടങ്ങളിലും ഈദ് ദിനത്തില്‍ സമാന പ്രതിഷേധങ്ങള്‍ നടന്നു. ഈദ് ദിനത്തില്‍ കറുത്ത ബാഡ്ജ് ധരിച്ച് പ്രതിഷേധിക്കണമെന്ന് സോഷ്യല്‍മീഡിയയിലൂടെ പ്രചരണമുണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News