തോറ്റോ…? ഭയക്കണ്ട, പരാജയം വിജയമാക്കിയ 11 പേരെ അറിയാം

വിജയത്തിലേക്ക് എളുപ്പ വഴികളില്ല. എല്ലാവരും എല്ലായിപ്പോഴും വിജയിക്കുകയുമില്ല. എല്ലാവരും എല്ലായിപ്പോഴും വിജയിക്കാതിരിക്കുന്നതു പോലെ എല്ലാവരും എല്ലായിപ്പോഴും തോല്‍ക്കാറുമില്ല. ഇവരെ അറിഞ്ഞാല്‍ മതി തോല്‍വി വിജയത്തിലേക്കുളള വഴി കൂടിയാണെന്ന് നിങ്ങള്‍ക്ക് മനസിലാകും.

1. വാള്‍ട്ട് ഡിസ്‌നി

ക്രിയാത്മകതയും ഭാവനയും ഇല്ലെന്ന് പറഞ്ഞ് ജോലി ലഭിക്കാതിരുന്നവരില്‍ ഒരാളാണ് വാള്‍ട്ട് ഡിസ്‌നി. പിന്നീട് ലോകം അറിയുന്ന നിരവധി കഥാപാത്രങ്ങള്‍ സൃഷ്ടിച്ച താരമായി വാള്‍ട്ട് ഡിസ്‌നി. മിക്കി മൗസും ഡൊണാള്‍ഡ് ഡക്കുമൊക്കെ അവയില്‍ ചിലത് മാത്രം.

2. സ്റ്റീവ് ജോബ്‌സ്

ഐഫോണ്‍,ഐപാഡ്,ഐപോഡ് എന്നിവ ഉപയോഗിക്കുന്നവര്‍ മാത്രമല്ല അല്ലാത്തവരും ഓര്‍ക്കുന്ന പേര്. ഇവയുടെ നിര്‍മ്മാണത്തിന് നിദാനമായത് ജോബ്‌സിന്റെ ചിന്തയാണ്. സ്വയം സ്ഥാപിച്ച ആപ്പിള്‍ എന്ന കമ്പനിയില്‍ നിന്ന് പുറത്താക്കപ്പെട്ടവനുമാണ് സ്റ്റീവ് ജോബ്‌സ്. ഇന്ന് ജോബ്‌സ് അറിയപ്പെടുന്നതു തന്നെ ഡിജിറ്റല്‍ വിപ്ലവത്തിന്റെ പിതാവായാണ്.

3. സ്റ്റീവന്‍ സ്പില്‍ബര്‍ഗ്

അമേരിക്കയിലെ അറിയപ്പെടുന്ന ഒരു ഫിലിം സ്‌കൂളിലേക്കുളള പ്രവേശനത്തില്‍ നിന്ന് മൂന്നു തവണ തഴയപ്പെട്ടയാളാണ് വിഖ്യാത സംവിധായകനായ സ്റ്റീവന്‍ സ്പില്‍ബര്‍ഗ്. പിന്നീട് അതേ സ്‌കൂള്‍, കെട്ടിടത്തിന് സ്പില്‍ബര്‍ഗിന്റെ പേരു നല്‍കി. ജുറാസിക് പാര്‍ക്ക് കാണാത്തവര്‍ ആരുണ്ട്.

4. ഹെന്റി ഫോര്‍ഡ്

ഇരുപതാം നൂറ്റാണ്ടിലെ വ്യവസായിക വിപ്ലവത്തിന് നാന്ദിയായ ഹെന്റി ഫോര്‍ഡിന്റെ ആദ്യ രണ്ടു കമ്പനികളും പരാജയമായിരുന്നുവെന്ന് ആര്‍ക്കൊക്കെ അറിയാം. അഞ്ച് തവണ കോടതി പാപ്പരാണെന്ന് പ്രഖ്യാപിച്ചയാളാണ് ലോകത്തെ ഏറ്റവും വലിയ കാര്‍ കമ്പനി ഉടമകളിലൊരാളായ ഹെന്റി ഫോര്‍ഡ്.

5. റിച്ചാര്‍ഡ് ബ്രാന്‍സന്‍

400 കമ്പനികളെ നിയന്ത്രിക്കുന്ന വിര്‍ജിന്‍ ഗ്രൂപ്പിന്റെ ഉടമ ഹൈസ്‌കൂള്‍ ഡ്രോപ്പൗട്ടാണെന്ന് എത്ര പേര്‍ക്കറിയാം. പഠന വൈകല്യം മൂലം പഠിപ്പു പൂര്‍ത്തിയാക്കാനാകാത്ത റിച്ചാര്‍ഡ് ബ്രാന്‍സന്‍ ഇന്ന് ബ്രിട്ടണിലെ സമ്പന്നന്‍മാരില്‍ ഇരുപതാമനാണ്.

6. എബ്രഹാം ലിങ്കണ്‍

അമേരിക്ക കണ്ടതില്‍ വച്ച് ഏറ്റവും മികച്ച പ്രസിഡണ്ടായ എബ്രഹാം ലിങ്കണ്‍ 8 തവണ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ തോറ്റയാളാണ്. അദ്ദേഹം തുടങ്ങിയ ഒരു ബിസിനസും വിജയിച്ചില്ല. പട്ടാളത്തില്‍ ക്യാപ്റ്റനായിരിക്കെ യുദ്ധത്തില്‍ തിരിച്ചടി നേരിട്ടതിനെ തുടര്‍ന്ന് ശിക്ഷാനടപടിക്കും വിധേയനായി ലിങ്കണ്‍.

7. മൈക്കേല്‍ ജോര്‍ഡാന്‍

ബാസ്‌ക്കറ്റ് ബോളില്‍ മൈക്കേല്‍ ജോര്‍ഡാനെ വെല്ലാന്‍ ആളില്ല. എന്നാല്‍ ശരിക്ക് കളിക്കാനറിയില്ലെന്ന് പറഞ്ഞ് ഹൈസ്‌കൂള്‍ ടീമില്‍ നിന്ന് പുറന്തളളപ്പെട്ടയാളാണ് മൈക്കേല്‍ ജോര്‍ഡാന്‍. ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ഇടം പിടിച്ച ആദ്യ അത്‌ലറ്റാണ് മൈക്കേല്‍ ജോര്‍ഡാന്‍.

8. ആര്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍

മാനസിക വളര്‍ച്ചയില്ലാത്ത കുട്ടിയെന്നാണ് ഐന്‍സ്റ്റീനെ കുറിച്ച് മാതാപിതാക്കള്‍ കരുതിയത്. 4 വയസു വരെ ഐന്‍സ്റ്റീന്‍ സംസാരിക്കുമായിരുന്നില്ല. 7 വയസു വരെ ഐന്‍സ്റ്റീന് അക്ഷരവും അറിയില്ലായിരുന്നു. പഠനത്തില്‍ പുറകിലുമായിരുന്നു ഐന്‍സ്റ്റീന്‍. അങ്ങിനെ സ്‌കൂളില്‍ നിന്നു തന്നെ പുറത്താക്കപ്പെട്ടു. ലോകം എന്നും കടപ്പെട്ടിരിക്കുന്ന ശാസ്ത്രജ്ഞന്റെ ചെറുപ്പകാലം ഇങ്ങിനെയായിരുന്നു. ശാസ്ത്രത്തില്‍ നൊബേല്‍ സമ്മാനം വാങ്ങാന്‍ അര്‍ഹനാകും ഐന്‍സ്റ്റീനെന്ന് അന്നാരും കരുതിയിരുന്നില്ല.

9. ജെകെ റോളിംഗ്

ദാരിദ്യം കൊണ്ടു വലയുമ്പോള്‍ സര്‍ക്കാര്‍ സഹായം കൊണ്ടാണ് ഹാരിപ്പോട്ടര്‍ സീരീസിന്റെ കഥാകാരി ജീവിച്ചത്. കുട്ടിയെ നോക്കാന്‍ പ്രാപ്തിയില്ലാതെ വലഞ്ഞ റോളിംഗിന്റെ ഹാരിപോട്ടര്‍ കഥ വിവിധ പ്രസാധകര്‍ തിരസ്‌കരിച്ചത് 12 തവണയാണ്. ഇന്ന് ബ്രിട്ടണിലെ ഏറ്റവും സമ്പന്നയായ സ്ത്രീകളിലൊരാളാണ് റോളിംഗ്.

10. അമിതാഭ് ബച്ചന്‍

അമിതാഭിനെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ഇന്ന് ഇന്ത്യയില്‍ ജീവിച്ചിരിക്കുന്ന അഭിനേതാക്കളില്‍ ഒന്നാമനാണ് അദ്ദേഹം. എന്നാല്‍ ബോളിവുഡിനെ ഇളക്കി മറിച്ച അമിതാഭിന്റെ ആദ്യ 12 ചിത്രങ്ങള്‍ ബോക്‌സോഫീസില്‍ പരാജയമായിരുന്നു. ശബ്ദം കൊളളില്ലെന്ന് പറഞ്ഞ് ഓള്‍ ഇന്ത്യ റേഡിയോ പുറം തള്ളിയ ആള്‍ കൂടിയാണ് അമിതാഭ് ബച്ചനെന്ന ബിഗ് ബി.

11. ഓപ്ര വിന്‍ഫ്രീ

ഒമ്പതാം വയസില്‍ ബലാത്സംഗം ചെയ്യപ്പെടുക, പതിനാലാം വയസില്‍ ഗര്‍ഭിണിയാകുക, കാണാന്‍ കൊളളില്ലെന്നു പറഞ്ഞ് ന്യൂസ് ചാനലില്‍ നിന്ന് പുറത്താക്കുക ഓപ്ര വിന്‍ഫ്രീക്ക് ഇങ്ങിനെ ഒരു കാലമുണ്ടായിരുന്നുവെന്ന് ഇന്നാര് വിശ്വസിക്കും. ലോകത്തെ ഏറ്റവുമധികം സ്വാധീനിക്കാന്‍ കഴിയുന്ന അവതാരകയാണിന്ന് ഓപ്ര വിന്‍ഫ്രീ. അമേരിക്കയില്‍ കറുത്ത വംശജയായ ആദ്യ ശതകോടീശ്വരിയാണ് ഓപ്ര വിന്‍ഫ്രീ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News