തിരുവനന്തപുരം: കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയുടെ പേര് ഫേസ്ബുക്ക് പോസ്റ്റില്‍ ഉള്‍പ്പെടുത്തിയതില്‍ ഖേദം പ്രകടിപ്പിച്ച് നടന്‍ അജു വര്‍ഗീസ്. പേര് ഉപയോഗിച്ചതില്‍ ഖേദിക്കുന്നു എന്ന് പറഞ്ഞ അജു പോസ്റ്റ് എഡിറ്റ് ചെയ്ത്, സഹപ്രവര്‍ത്തക എന്നാക്കി മാറ്റുകയും ചെയ്തു.
എഡിറ്റ് ചെയ്ത പോസ്റ്റ് ഇങ്ങനെ: ഈ അടുത്തഇടക്ക് ആക്രമിക്കപ്പെട്ട എന്റെ സഹപ്രവര്‍ത്തകയോട്, പ്രതി ആരാണോ അവര്‍ ചെയ്തത് ശുദ്ധ പോക്കിരിത്തരം ആണ്. ഒരു ന്യായീകരണവും ഇല്ല. പ്രതിയെ കണ്ടുപിടിക്കുക തന്നെ വേണം.
ദിലീപ് ഏട്ടനോട് ഇപ്പോള്‍ കാണിക്കുന്നത് നിര്‍ബന്ധിതമായി പ്രതിയാക്കാന്‍ ഉള്ള ശ്രമം. രണ്ടും രണ്ട് ആണെന്ന് മനസിലാക്കാന്‍ ഉള്ള വിവേകം 100% സാക്ഷരതാ അവകാശപ്പെടുന്ന നമ്മുടെ പൊതു സമൂഹം കാണിക്കണം. സത്യങ്ങള്‍ ചുരുളഴിയുന്നത് വരെ കുറ്റപ്പെടുത്താതെ ഇരുന്നു കൂടെ?
*** ആക്രമിക്കപ്പെട്ട എന്റെ സഹപ്രവര്‍ത്തകയുടെ പേര് ഉപയോഗിച്ചതില്‍ ഖേദിക്കുന്നു, അതിനാല്‍ പോസ്റ്റില്‍ നിന്നും പേര് ഒഴിവാക്കുന്നു.
ദിലീപിന്റെ പേര് കേസിലേക്ക് കുറ്റവാളികള്‍ എങ്ങനെ വലിച്ചിഴയ്ക്കുന്നു എന്നത് തന്നെ ആശ്ചര്യപ്പെടുത്തുന്നെന്നും ദിലീപിനെതിരെയുള്ള അനീതി അതിന്റെ ഉന്നതിയില്‍ നില്‍ക്കുകയാണെന്നും അജു നേരത്തെ പറഞ്ഞിരുന്നു. സത്യം എന്തായാലും പുറത്ത് വരണമെന്നും പക്ഷേ അത് നിരപരാധിയായ ഒരാളെ അപകീര്‍ത്തിപെടുത്തിയാവരുതെന്നും അജു പറഞ്ഞു.
ഇതിന് പിന്നാലെയായിരുന്നു നടിയുടെ പേര് പറഞ്ഞുകൊണ്ടുള്ള പോസ്റ്റ്. നടിയുടെ പേര് ഉപയോഗിച്ചതില്‍ വ്യാപക പരാതികള്‍ ഉയര്‍ന്നതോടെയാണ് അജു പോസ്റ്റ് എഡിറ്റ് ചെയ്തത്. സംഭവത്തില്‍ കളമശേരി സ്വദേശി ഗിരീഷ് ബാബു ഡിജിപി സെന്‍കുമാറിന് പരാതി നല്‍കുകയും ചെയ്തിരുന്നു.
ആക്രമിക്കപ്പെട്ട നടിയുടെ പേരു വെളിപ്പെടുത്തി അജു വര്‍ഗീസ്; ദിലീപിന് വീണ്ടും പിന്തുണ
കേസില്‍ ദിലീപിനെതിരെയുള്ള നടക്കുന്ന വ്യാജപ്രചരണങ്ങള്‍ക്കെതിരെ സംവിധായകന്‍ ലാല്‍ ജോസ് അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. ആരൊക്കെ കരിവാരിത്തേക്കാന്‍ ശ്രമിച്ചാലും താന്‍ ദിലീപിനൊപ്പമാണെന്ന് ലാല്‍ ജോസ് വ്യക്തമാക്കി. ലാല്‍ ജോസ് പറയുന്നു: ‘ദിലീപ്, നിന്നെ കഴിഞ്ഞ 26 വര്‍ഷങ്ങളായി എനിക്കറിയാം. ഞാന്‍ നിന്നെ വിശ്വസിക്കുന്നു. ആരൊക്കെ കരിവാരിത്തേക്കാന്‍ ശ്രമിച്ചാലും ഞാന്‍ നിന്നോടൊപ്പമുണ്ട്. നിന്നെ അറിയുന്ന സിനിമാക്കാരും’.
ദിലീപിന്റെ സ്വകാര്യ ജീവിതം തകര്‍ക്കാന്‍ ഏഴു വര്‍ഷം മുന്‍പ് സിനിമാരംഗത്തെ ചിലര്‍ രചിച്ച ഒരു തിരക്കഥയുടെ ക്ലൈമാക്‌സ് റീലുകളാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ ഓടിക്കൊണ്ടിരിക്കുന്നതെന്നും അതിന്റെ ആദ്യ ട്വിസ്റ്റ് ഡിവോഴ്‌സ് ആയിരുന്നെന്നും നടന്‍ സലിംകുമാര്‍ പറഞ്ഞു. കേസില്‍ ദിലീപ് ആരുടെ മുന്നിലും ഒന്നും ഒളിച്ചു വച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here