നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ വിവാദങ്ങളടക്കം ചര്‍ച്ച ചെയ്യാന്‍ ഇന്ന് അമ്മ എക്‌സിക്യൂട്ടിവ്; ദിലീപും പങ്കെടുത്തേക്കും; നിലപാട് കടുപ്പിക്കാന്‍ രമ്യ നമ്പീശനും

കൊച്ചി: താരസംഘടനയായ അമ്മയുടെ 23 ാമത് വാര്‍ഷിക പൊതുയോഗത്തിന് മുന്നോടിയായുള്ള എക്‌സിക്യൂട്ടീവ് യോഗമാണ് ഇന്ന് കൊച്ചിയില്‍ ചേരുന്നത്. വാര്‍ഷിക പൊതുയോഗത്തിന്റെ അജണ്ട യോഗത്തില്‍ നിശ്ചയിക്കും. നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് മലയാളസിനിമ രണ്ടുതട്ടില്‍ നില്‍ക്കുന്ന സാഹചര്യത്തിലാണ് യോഗം.

18 അംഗ എക്‌സിക്യൂട്ടീവില്‍ അംഗമായ രമ്യനമ്പീശന്‍ വിഷയം വാര്‍ഷിക പൊതു യോഗത്തില്‍ ചര്‍ച്ച ചെയ്യണമെന്ന് എക്‌സിക്യൂട്ടില്‍ ആവശ്യപ്പെട്ടേക്കും. ഈ വിഷയം അജണ്ടയായി ഉള്‍ക്കൊള്ളിച്ചില്ലെങ്കിലും പുതിയ വെളിപ്പെടുത്തലുകളും വിവാദങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും.

മലയാളസിനിമയിലെ വനിതാകൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കലക്ടീവ്’ രൂപീകരിച്ച ശേഷം താരങ്ങള്‍ ഒത്തുചേരുന്ന അമ്മ യോഗം കൂടിയാണിത്. വനിതാ കൂട്ടായ്മ ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണ നല്‍കുകയും നടിയെ ആക്ഷേപിച്ച സലീം കുമാര്‍ അജു വര്‍ഗീസ് എന്നിവര്‍ക്കെതിരെ കടുത്ത വിമര്‍ശനം ഉന്നയിക്കുകയും ചെയ്തിരുന്നു.

വാര്‍ഷിക പൊതുയോഗത്തില്‍ വിഷയം ഉന്നയിക്കുന്നതിന് മുന്നോടിയായാണ് വനിതാ കൂട്ടായ്മ നടിക്ക് പിന്തുണയുമായി രംഗത്തെത്തിയത്. അക്രമിക്കപ്പെട്ട നടിക്ക് പ്രതി പള്‍സര്‍സുനിയുമായി ബന്ധമുണ്ടെന്ന ദിലീപിന്റെ പ്രസ്താവനയും ചര്‍ച്ചയായേക്കും. അക്രമണത്തിന് ഇരയായ നടിക്ക് അമ്മ പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ദീലീപിന്റെ പ്രസ്താവന ഗൗരവമായി സംഘടനക്ക് കാണേണ്ടിവരും.

വിവാദങ്ങളില്‍ അമ്മയുടെ നിലപാട് വാര്‍ഷിക പൊതുയോഗത്തിന് ശേഷം വ്യക്തമാക്കും. വിവാദ പ്രസ്താവനകള്‍ നടത്തുന്നതില്‍ നിന്ന് അംഗങ്ങളെ സംഘടന വിലക്കിയേക്കും അനാവശ്യ പ്രതികരണങ്ങള്‍ താരങ്ങള്‍ക്കിടയില്‍ വലിയ തോതില്‍ അഭിപ്രായഭിന്നതയുണ്ടാക്കയതാണ് സംഘനയുടെ വിലയിരുത്തല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here