ഇതുതാന്‍ടാ മന്ത്രി; നെസ്ലേ, റിലയന്‍സ് പാല്‍പ്പൊടികളിലെ അപകടകരമായ രാസവസ്തുക്കള്‍ തുറന്നുകാട്ടുന്ന പരിശോധന ഫലവുമായി തമിഴ്‌നാട് മന്ത്രി രംഗത്ത്

ചെന്നൈ: വന്‍കിട ബ്രാന്‍ഡുകള്‍ ജനങ്ങളെ ചൂഷണം ചെയ്യുന്നത് തുറന്നുകാട്ടിയാണ് തമിഴ്‌നാട് ക്ഷീര വികസന കോര്‍പ്പറേഷന്‍ മന്ത്രി കെടി രാജേന്ദ്ര ബാലാജി രംഗത്തെത്തിയത്. നെസ്ലേ, റിലയന്‍സ് തുടങ്ങിയ കമ്പനികളുടെ പാല്‍പ്പൊടിയില്‍ അപകടകരമായ രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്ന തെളിവുകളടക്കമാണ് ബാലാജി രംഗത്തെത്തിയത്.

കാസ്റ്റിക്ക് സോഡ, ബ്ലീച്ചിങ്ങ് പൗഡര്‍ തുടങ്ങിയ രാസപദാര്‍ത്ഥങ്ങളുടെ സാന്നിധ്യം തെളിയിക്കുന്ന ലബോറട്ടറി പരിശോധന ഫലവും അദ്ദേഹം പുറത്തുവിട്ടു. പല ബ്രാന്‍ഡുകളുടെയും പാല്‍പ്പൊടികള്‍ കാന്‍സറടക്കമുള്ള മാരക രോഗങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്ന് കഴിഞ്ഞ ആഴ്ച ബാലാജി ആരോപിച്ചിരുന്നു.

എന്നാല്‍ തെളിവുകളില്ലാതെ ആരോപണമാണ് മന്ത്രി ഉന്നയിക്കുന്നതെന്നു പറഞ്ഞ് കമ്പനികള്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ഇതിനുള്ള മറുപടിയായാണ് തെളിവുകളടങ്ങുന്ന പരിശോധനാ ഫലവുമായി മന്ത്രി തിരിച്ചടിച്ചത്. ചെന്നൈയിലെ സെന്‍ട്രലയിസിഡ് ലാബിലാണ് ഉത്പന്നങ്ങള്‍ ടെസ്റ്റ് ചെയ്തതെന്നും ബാലാജി വ്യക്തമാക്കി.
നെസ്ലേയുടേയും റിലയന്‍സിന്റേയും പാല്‍ പൊടി ഉത്പന്നങ്ങള്‍ നിരോധിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി എന്നിവരുമായി കൂടിക്കാഴ്ച്ച നടത്തിയ ശേഷം തീരുമാനിക്കുമെന്ന് മന്ത്രി അറിയിച്ചു. മറ്റ് ഉല്‍പന്നങ്ങള്‍ക്കെതിരേയും കര്‍ശന പരിശോധന നടത്തി നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News