മരണത്തിന്റെ സ്വിമ്മിങ്ങ് പൂളില്‍ നിന്ന് ടീഗന്‍ ജീവിതത്തിലേക്ക് തിരിച്ചു വന്നത് നിങ്ങളെ ചിരിച്ച് കാണിക്കാനാണ്

കൊച്ചു ടീഗന് ഒരു വയസു പിന്നിട്ടതേ ഉളളൂ. പാര്‍ട്ടിക്കിടെ അച്ഛനുമമ്മയും മറ്റുളളവരോട് സംസാരിച്ചു കൊണ്ടിരിക്കുന്നു, ടീഗനെ ആകര്‍ഷിച്ചത് സ്വിമ്മിംഗ് പൂളിലെ ജലതരംഗങ്ങളാണ്. താമസിയാതെ ആ ചലനങ്ങളിലേക്ക് കൊച്ചു ടീഗന്‍ ആഴ്ന്നിറങ്ങി. ഇടക്കെപ്പോഴോ അമ്മ ഒന്ന് ഉണര്‍ന്ന് നോക്കിയപ്പോഴാണ് ആഴങ്ങളിലേക്ക് താഴ്ന്നു പോകുന്ന ടീഗനെ കണ്ടത്.

അത്ഭുതകരമായിരുന്നു ടീഗന്റെ ജീവിതത്തിലേക്കുളള തിരിച്ചു വരവ്. എന്നാല്‍ മരണത്തിലേക്കുളള യാത്ര ടീഗന് ദുഃസ്വപ്നം പോലെ ഒരു സമ്മാനം നല്‍കി. തലച്ചോറിന് തളര്‍വാതം അഥവാ സെറിബ്രല്‍ പാള്‍സി. കുട്ടിക്ക് എണീറ്റ് നടക്കാനാവില്ല. നല്ല വണ്ണം സംസാരിക്കാനാവില്ല. അങ്ങനെ നിരനിരയായി പ്രശ്‌നങ്ങള്‍. അച്ഛനുമമ്മക്കും കരയാനേ നേരമുണ്ടായിരുന്നുളളു.

അപകടമുണ്ടായ സമയത്ത് തലച്ചോറിലേക്കുളള ഓക്‌സിജന്‍ തടസപ്പെട്ടതാണ് ടീഗന്റെ അസുഖത്തിന് കാരണം. ഇനി മാതാപിതാക്കളുടെ ഊഴം, മറ്റൊന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാതെ അവര്‍ ടീഗന്റെ വളര്‍ച്ചയുടെ ഓരോ പടവിനും കൂട്ടിരുന്നു.

ഡോക്ടര്‍മാരെ ഞെട്ടിച്ചു കൊണ്ട് വൈകല്യത്തെ ഒപ്പം കൂട്ടി ടീഗന്‍ വളര്‍ന്നു. കൂട്ടുകാര്‍ക്കിടയില്‍ തമാശകള്‍ പൊട്ടിച്ചു. അച്ഛനമ്മമാരെ ചിരിപ്പിച്ചു. വിദ്യാഭ്യാസത്തില്‍ മികച്ച നിലവാരം പുലര്‍ത്തിയ ടീഗന്‍ പക്ഷെ ജോലി ചെയ്യാന്‍ തെരഞ്ഞെടുത്തത് കുഞ്ഞുകുട്ടികളുടെ നഴ്‌സറി സ്‌കൂളാണ്. മിസ്റ്റര്‍ ടി എന്നാണ് കുരുന്നുകള്‍ ടീഗനെ വിളിക്കുന്നത്.

2016ല്‍ ഒരു യൂ ട്യൂബ് ചാനല്‍ ടീഗന്‍ തുടങ്ങി, ഒറ്റ ലക്ഷ്യം മാത്രം, പുഞ്ചിരി എത്രമാത്രം ജീവിതത്തെ മാറ്റി മറിക്കുമെന്ന് ലോകത്തിന് കാണിച്ചു കൊടുക്കുക. വേദനയിലും ചിരിക്കുന്ന ആയിരങ്ങളുണ്ടെന്ന് ലോകത്തെ മനസിലാക്കിപ്പിക്കുക.

പുഞ്ചിരിയുടെ വലുപ്പത്തെ കുറിച്ച് എത്ര പേര്‍ക്കറിയാം. ടീഗന്റെ ഈ വീഡിയോ കാണുക. എന്നിട്ട് എല്ലാം മറന്ന് പുഞ്ചിരിക്കുക. ഇവിടെ സ്വര്‍ഗം പിറക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News