പൊട്ടിയ മുട്ടയില്‍ നിന്ന് ചിറകു വിടര്‍ത്തി, ജീവന്റെ ആകാശത്തേക്ക്

2014 ജൂണ്‍ 16, നടക്കാനിറങ്ങിയതാണ് സൂസന്‍ ഹിക്ക്മാന്‍. വഴിയരികില്‍ ഒരു പൊട്ടിയ മുട്ട, അതിനുളളില്‍ പിറക്കാനിരിക്കുന്ന ഒരു പക്ഷിക്കുഞ്ഞ്, കൂടന്വേഷിച്ചു, സമീപത്തെങ്ങും കണ്ടില്ല.

ഇനിയാണ് സൂസന്‍ അമ്മയായ കഥ തുടങ്ങുന്നത്. ഒരു പക്ഷിക്കുഞ്ഞിന്റെ അമ്മ. സമയം തെറ്റിപ്പിറന്ന പക്ഷിക്കുഞ്ഞിനെ സൂസന്‍ വളര്‍ത്തുന്നു. പേരുമിട്ടു അവന്, ക്ലിങ്ങര്‍. ആദ്യദിനം തന്നെ പക്ഷിക്കുഞ്ഞ് മരിച്ചുപോകുമോയെന്ന് സൂസന്‍ ഭയന്നു. ഒരു രാത്രി പിന്നിട്ടപ്പോഴും അവന്‍ ജീവിച്ചിരിപ്പുണ്ടായിരുന്നു.

ആദ്യത്തെ രണ്ടാഴ്ച ഉറക്കമൊഴിച്ച് കുഞ്ഞിന് കാവലിരിക്കേണ്ടി വന്നു അമ്മക്ക്. ഓരോ ഇരുപത് മിനുട്ടിലും അവന്‍ കരയും. അവന് ഭക്ഷണം കൊടുക്കണം. എല്ലാ ദിവസവും അമ്മയുടെ വാത്സല്യത്തേനുണ്ട് അവന്‍ വളര്‍ന്നു. ശക്തനായി തന്നെ. അവന് തൂവല്‍ മുളച്ചു. ഭാരം കൂടി. അവന്‍ കണ്ണു തുറന്നപ്പോള്‍ അതില്‍ ഒരു പ്രപഞ്ചത്തെ തന്നെ സൂസന്‍ കണ്ടു.

ക്ലിങ്ങര്‍ വളര്‍ന്നു കൊണ്ടേയിരുന്നു. അവന്‍ സ്വയം ഭക്ഷിക്കാന്‍ തുടങ്ങി. ക്ലിങ്ങര്‍ കുളിക്കാനും പഠിച്ചു. വൃത്തിബോധത്തോടെ ഒരോ ദിവസവും അവന്‍ നിരവധി തവണ കുളിച്ചു. അവന്‍ കളിക്കാനും തുടങ്ങി. പന്തുരുട്ടിയും മറ്റും അവന്‍ സൂസനെ അമ്പരപ്പിച്ചു കൊണ്ടേയിരുന്നു. ഒരു ദിനം അവന്‍ സൂസന്റെ മുഖത്തു നോക്കി സംസാരിക്കുകയും ചെയ്തു.

ക്ലിങ്ങറെ അവന്റെ ലോകത്ത് വിടണമെന്ന് സൂസന് ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ അവന്‍ വളര്‍ന്നത് പക്ഷിലോകത്തെ നിയമങ്ങള്‍ അറിയാതെയായിപ്പോയി. സൂസന്‍ ക്ലിങ്ങറുടെ ഒന്നാം പിറന്നാള്‍ ആഘോഷിച്ചത് ഒരു വീഡിയോ പുറത്തിറക്കിയായിരുന്നു. ക്ലിങ്ങറിന്റെ വളര്‍ച്ചയുടെ ദിനം കുറിച്ചിട്ട ചിത്രങ്ങളും ദൃശ്യങ്ങളും കോര്‍ത്തിണക്കി. സൂസന് ഇന്ന് കൂട്ടിന് ക്ലിങ്ങറുണ്ട്, ക്ലിങ്ങര്‍ക്ക് സൂസനും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News